ആലപ്പുഴ: ചെന്നിത്തല പഞ്ചായത്തില്‍ നടന്നത് പാര്‍ട്ടി തീരുമാനത്തിന്റെ കടുത്ത ലംഘനമാണെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. നവംബര്‍ 18ന് രാത്രിയാണ് സിപിഐ.-സിപിഎം ചര്‍ച്ച പൂര്‍ത്തീകരിച്ചത്. രണ്ട് പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണ് 8 പഞ്ചായത്തുകള്‍ സിപിഐയ്‌ക്ക് ആദ്യം നല്‍കുവാന്‍ തീരുമാനിച്ചത്.
ജില്ലാ നേതൃത്വം കൂട്ടായി ചര്‍ച്ചനടത്തിയാണ് അന്തിമ തീരുമാനം എടുത്തത്. ഇതിനുള്ള അവകാശം ജില്ലാ കമ്മറ്റിയ്‌ക്കുള്ളതാണ്. ഇതിന്റെ ഭാഗമായി വയാലാര്‍, പുന്നപ്ര തെക്ക് തുടങ്ങിയ പാര്‍ട്ടിയുടെ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന പഞ്ചായത്തുകള്‍വരെ ആദ്യഘട്ടം പ്രസിഡന്റ് സ്ഥാനം സിപിഐയ്‌ക്ക് വിട്ടുനല്‍കി. ഇവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ രാഷ്‌ട്രീയ തീരുമാനത്തിന്റെ മാന്യത മനസിലാക്കി അഭിമാനത്തോടുകൂടി തീരുമാനം നടപ്പാക്കി. എന്നാല്‍ ചെന്നിത്തലയില്‍ സംഭവിച്ചത് തികച്ചും വിഭിന്നവും വ്യത്യസ്തവുമായിരുന്നു.
പാര്‍ട്ടി തീരുമാനം അട്ടിമറിച്ച് പ്രസിഡന്റായ ഇ.എന്‍.നാരായണന്‍ കാര്യങ്ങള്‍ മനസ്സിലാക്കി പാര്‍ട്ടിയെ ഭീഷണിപ്പെടുത്താതെ രാജിവെച്ച് സത്യസന്ധത തെളിയിക്കണം. പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിന്റേതാണ്.
അതിനെ വ്യക്തിപരമായി ന്യായീകരിച്ചും ആക്ഷേപിച്ചും തങ്ങളുടെ തെറ്റുകളില്‍ നിന്നും രക്ഷപെടുവാന്‍ കഴിയുമോ എന്ന പരിശ്രമം പൊതു സമൂഹം അംഗീകരിക്കില്ല എന്ന കാര്യം ഇക്കൂട്ടര്‍ മനസിലാക്കുന്നത് നല്ലതാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
















