ഉത്തര കേരളത്തിന്റെ ഉജ്ജ്വല അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഡോക്യുഫിഷന് പ്രദര്‍ശനത്തിനൊരുങ്ങി. പതിനായിരക്കണക്കായ കാഴ്ചക്കാരെ ആകര്‍ഷിച്ചുവരുന്ന കടാങ്കോട്ട് മാക്കമെന്ന തെയ്യത്തിന്റെ കഥയും ചരിത്രവുമാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കടാങ്കോട്ട് മാക്കം എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുഫിക്ഷനിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.
കടാങ്കോട്ട് മാക്കമെന്ന പുരാണ കഥയുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഡോക്യുഫിഷനില്‍ കടാങ്കോട്ട് മാക്കത്തിന്റെയും 12 ആങ്ങളമാരുടേയും കഥ മനോഹരമായി ദൃശ്യാവിഷ്ക്കരണം നടത്തിയിരിക്കുകയാണ് പിന്നണി പ്രവര്‍ത്തകര്‍. സഹോദരിമാരില്ലാത്ത 12 ആങ്ങളമാരും വീരചാമുണ്ഡിക്ക് നേര്‍ച്ച നേര്‍ന്ന് പിറന്ന മാക്കത്തിന്റെ സൗന്ദര്യത്തിലും പ്രവൃത്തിയിലും, ആങ്ങളമാര്‍ക്ക് സഹോദരിയോടുളള സ്നേഹത്തിലും അസൂയ പൂണ്ട് ആങ്ങളമാരുടെ ഭാര്യമാരായ നാത്തൂന്മാര് മാക്കത്തെയും രണ്ട് മക്കളേയും ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന നീക്കങ്ങള്‍ മുതല്‍ ഏറ്റവും അവസാനം കടാങ്കോട്ട് തറവാടിന് കുറ്റിനാശം വന്ന് ഇളയ സഹോദരനും ഭാര്യയും ഒഴികെ തറവാട് പൂര്‍ണ്ണമായും കത്തിചാമ്പലാകുന്ന കഥ വിസ്മയകരമായ രൂപത്തില്‍ ഹ്രസ്വ ചിത്രത്തില്‍ വരച്ചു കാട്ടുന്നു.
അസൂയാലുക്കളായ നാത്തൂന്മാര് ഇല്ലാത്ത വ്യഭിചാര കുറ്റം മാക്കത്തിനു മേല്‍ ചുമത്തി ഭര്ത്താക്കന്മാരാല് മാക്കത്തേയും മക്കളേയും തലയറുത്ത് കിണറിലിടുന്ന രംഗങ്ങള്‍ ചിത്രത്തിന്റെ ദൃശ്യാവിഷ്ക്കാര ഭംഗി വിളിച്ചോതുന്നു. ചിത്രത്തിന്റെ അവസാനം ഭഗവതിയേ രംഗത്തെത്തിച്ച് മാക്ക തെയ്യത്തെ ചിത്രീകരിച്ച് കഥയ്ക്ക് തെയ്യത്തിന്റെ പരിപൂര്‍ണ്ണ പശ്ചാത്തലമൊരുക്കി കഥ അവസാനിപ്പിക്കുകയാണ്. മാക്കത്തിന്റെ മൂത്ത സഹോദരനായ കുഞ്ഞിക്കോമനേയും 12-ാംമത്തെ ആങ്ങള കുട്ടിരാമനേയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ മാക്കത്തിന്റെ വേഷമിട്ടിരിക്കുന്നത് പയ്യന്നൂര്‍ അന്നൂരിലെ വി.കെ.ബാലാമണിയാണ്. കടാങ്കോട്ട് മാക്കത്തിന്റെ കഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളള പൗരാണിക പരാമര്‍ശിതമായ കുഞ്ഞിമംഗലം,ചാലാ,മാടായി തുടങ്ങി വിവിധ സ്ഥലങ്ങളിലെ പ്രശസ്തമായ തറവാടുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുളളത്. പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നതായി സൂചനയുളള കഥയിലെ രംഗങ്ങളെല്ലാം പരമാവധി അതത് ഇടങ്ങളില്‍ നിന്നു തന്നെ ക്യാമറ കണ്ണൂകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട ചിത്രത്തില്‍.
മാക്കത്തിന്റെ യഥാര്‍ത്ഥ തറവാട്ടില്‍ നിന്നും ശേഖരിച്ച ചരിത്രവസ്തുതകളുടെയും അതിനാധാരമായ സംഭവ പരമ്പരകളുടെയും ചിത്രികരണവും അതോടൊപ്പം തെയ്യത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്കാരവും ചേര്‍ന്ന് ഈ ഡോക്യുഫിക്ഷന് രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് പാപ്പിനിശ്ശേരി സ്വദേശിനിയും അഡ്വക്കറ്റുമായ ശ്രീയെന്നറിയപ്പെടുന്ന ശ്രീജ രാമചന്ദ്രന് ആണ്. ഇവരുടെ ‘പൊയ്ക്കണ്ണ’് എന്ന ആദ്യ ഷോര്‍ട്ട് ഫിലിം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും എട്ട് അവാര്‍ഡുകള്‍ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍സമയ ചലചിത്ര പ്രവര്‍ത്തകയായ ശ്രീജ ഒരു ക്രിസ്റ്റ്യന്‍ ആല്‍ബവും പുറത്തിറക്കാന്‍ പോകുന്നുണ്ട്.
കണ്ണൂര്‍ കക്കാട് റോഡിലെ ഫൈനല്‍കട്ട് സ്റ്റുഡിയോയിലാണ് മാക്കത്തിന്റെ പോസ്റ്റ് ഷൂട്ടിംങ് ജോലികളെല്ലാം നിര്‍വ്വഹിച്ചത്. ശ്രീകൃഷിയേഷന്സിന്റെ ബാനറിലാണ് ഡോക്യുഫിഷന് ഒരുക്കിയിരിക്കുന്നത്. ആന്റണി ജിജന് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സുദര്‍ശനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 22 ന് ചിത്രത്തിന്റെ പ്രകാശനം കണ്ണൂരില്‍ നടക്കും. ആദ്യമായാണ് മലയാളത്തില്‍ മാക്കത്തിന്റെ കതയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു ഡോക്യൂഫിഷന്‍ ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: