കര്‍മ്മവാസനകള്‍
കണ്ണ് ആകര്‍ഷകമായ ഒരു വസ്തുവിനെ കാണുന്നു. മനസ്സ് അതിനെ പറ്റി ഓരോന്ന് സങ്കല്‍പ്പിയ്‌ക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന് അതിനെ എങ്ങനെയെങ്കിലും നേടാനുള്ള ശ്രമമായി. ഇതില്‍ സഹായിക്കുന്നവന്‍ ബന്ധു. തടസം നില്‍ക്കുന്നവന്‍ ശത്രു ഇങ്ങനെ യാണ് മനസ്സ് രാഗദ്വേഷസങ്കുലമായിത്തീരുന്നത്. ഇഷ്ടപ്പെട്ടത് നേടിയെടുക്കാന്‍ വേണ്ടി നാവ് അസത്യം പറയും. കാല് അരുതാത്തിടത്ത് എത്തിയ്‌ക്കും, അരുതാത്ത കര്‍മ്മങ്ങള്‍ കൈകളാല്‍ചെയ്തുതീര്‍ക്കും. നേടാനുള്ള കുത്സിതമാര്‍ഗം ബുദ്ധികണ്ടെത്തും. ഇങ്ങനെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിചെയ്യുന്ന എല്ലാകര്‍മ്മങ്ങളുടേയും ഫലം ജീവന് അനുഭവിയ്‌ക്കേണ്ടിവരുന്നു. അങ്ങനെ പുണ്യവും പാപവും പറ്റിപ്പോകുന്നു. അതിനാല്‍ത്തന്നെ ജനിമൃതികളും സംഭവിയ്‌ക്കുന്നു.
ഭഗവാന്റെ ലീല
സുഖവും ദുഖഃവും മനസ്സിന്റെ സങ്കല്‍പ്പ ഭേദം മാത്രമാണെന്ന് ഭക്തന് അറിയാം. അതിനാല്‍ രണ്ടവസ്ഥയിലും ഭക്തന്‍ സമബുദ്ധിയായി വര്‍ത്തിയ്‌ക്കുന്നു. നൂറുകൊല്ലം മുന്‍പ് ജീവിച്ചിരുന്ന മഹാധനികനായിരുന്ന ഭക്തി വേദാന്ത പ്രഭുപാദര്‍. ഒരുഘട്ടത്തില്‍ അദ്ദേഹത്തിന്റെ സമ്പത്ത് മുഴുവന്‍ ഇല്ലാതായി. ഇത് ഭഗവാന്റെ ഒരു ലീലയാണെന്ന് അദ്ദേഹത്തിനുതോന്നി. അപ്പോള്‍ അദ്ദേഹം ചിരിയ്‌ക്കുകയായിരുന്നു. ഭക്തി സിദ്ധാന്ത സരസ്വതി എന്ന മഹാത്മാവിനെ പ്രഭുപാദര്‍ ഗുരുവായി സ്വീകരിച്ചു.ആഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ലോകമെമ്പാടും ശ്രീകൃഷ്ണ മഹിമ പ്രചരിപ്പിച്ചു. അതിനായി അദ്ദേഹം നിര്‍മ്മിച്ച സമിതിയാണ് അന്താരാഷ്‌ട്ര കൃഷ്ണാവബോധസമിതി.
ആരാധന
പശുവിന് പുല്ലുകൊടുക്കുന്നതും, നായ്‌ക്കള്‍ക്ക് തീറ്റനല്‍കുന്നതും, പൂച്ചയ്‌ക്ക് പാലുകൊടുക്കുന്നതും, ആനയ്‌ക്ക് ചോറുകൊടുക്കുന്നതും – എല്ലാത്തിലും കാണുന്ന ഭാവം ഈശ്വര പൂജതന്നെയാണ്. ഒരു ആചരണത്തെ പൂജയാക്കിത്തീര്‍ക്കുന്നത് അതിന്റെ പിന്നിലുള്ള ഭാവനയാണ്. വൈഷ്ണവനെ ബന്ധുവായി സത്ക്കരിയ്‌ക്കുക, വായുവിനെ സര്‍വ്വ പ്രാണസ്വരൂപനായി കരുതുക, സര്‍വ്വ പ്രാണികളിലും ക്ഷേത്രജ്ഞനായി ഭഗവാനെ കാണുക, താന്‍ അനുഭവിയ്‌ക്കുന്ന സുഖ ഭോഗങ്ങളെപ്പോലും തന്നിലുള്ള ഈശ്വരാംശത്തിനായി സമര്‍പ്പിയ്‌ക്കുക-ഇങ്ങനെ ഏതിനേയും ഈശ്വര പൂജയായിത്തീര്‍ക്കാം. മേല്‍പ്പറഞ്ഞ സൂര്യന്‍, അഗ്നി മുതലായ സ്ഥാനങ്ങളില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെ ഭാവനയാല്‍ ദര്‍ശിച്ച് പൂജചെയ്യുക…
















