Categories: Vicharam

ഇതായിരുന്നില്ല എന്റെ ഗ്രാമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

“ഒരുവട്ടംകൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന

തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാനെല്ലി

മരമൊന്നുലുത്തുവാന്‍ മോഹം”

ഗൃഹാതുരത്വം പ്രാണവായുപോലെയാണ് മനുഷ്യര്‍ക്ക്. പ്രതേ്യകിച്ച് ബാല്യം ആഹഌദകരമായിരുന്നവര്‍ക്ക്. ഈ ഓണത്തിന് ഞാനും ഗൃഹാതുരത്വത്തിനടിമയായി എന്റെ ഗ്രാമമായ വെങ്ങോലയില്‍ എത്തി. ഓണസദ്യ കഴിച്ച് എന്റെ കുട്ടിക്കാലത്ത് ഞാന്‍ വളരെയധികം കഷ്ടപ്പെടുത്തിയ ഭാഗിച്ചേച്ചിയെയും എന്റെ സഹപാഠി ഇന്ദിരയെയും കാണാന്‍ പോയി.

ഭാഗിചേച്ചി ഇപ്പോള്‍ തൊണ്ണൂറിലെത്തിനില്‍ക്കുന്നു. ഒരു കസേരയില്‍ ഇരിക്കുന്ന ഭാഗിചേച്ചിയുടെ ബുദ്ധി പഴയതുപോലെതന്നെ ഷാര്‍പ്പാണ്. ”നീ വെള്ളം ചോദിച്ച് എന്നെ എത്ര കഷ്ടപ്പെടുത്തിയിരിക്കുന്നു” എന്ന് ചിരിച്ചുകൊണ്ട് ഭാഗിചേച്ചി പറഞ്ഞു. ഇന്ദിര ഇപ്പോള്‍ കൂനിക്കൂനിയാണ് നടക്കുന്നത്. മറ്റൊരു കസിനായ സരോജിനിയും കാല്‍നീട്ടി കസേരയില്‍ ഉപവിഷ്ടയാണ്. ഇവരെ സഹായിക്കാന്‍ മക്കളുണ്ട്.

ഗൃഹാതുരത്വം ഹൃദയഭേദകമാണോ? ഞാന്‍ എന്നോട്തന്നെ ചോദിച്ചു. എന്റെ വീട് സ്ഥിതിചെയ്തിരുന്ന കിഴക്കേ വെങ്ങോലയില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി എത്തിയപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. ഞാന്‍ ഓടിനടന്നിരുന്ന പച്ചപ്പാടങ്ങളും വെള്ളം തട്ടിത്തെറിപ്പിക്കുമായിരുന്ന തോടുകളും നീന്തിത്തുടിച്ചിരുന്ന കുളങ്ങളും അപ്രത്യക്ഷമായി. വെങ്ങോലയില്‍ പച്ചനിറത്തിന് എന്തെല്ലാം വ്യത്യസ്തതകള്‍ ഉണ്ടായിരുന്നു? നെല്ല് മുളക്കുമ്പോള്‍ ഒരു പച്ച, കതിരിടുമ്പോള്‍ ഒരു പച്ച, കൊയ്യാറാവുമ്പോള്‍ മഞ്ഞ കലര്‍ന്ന പച്ച, കാഞ്ഞിരത്തിന്റെ കറുപ്പുനിറം കലര്‍ന്ന പച്ച, പുളിയിലയുടെ മഞ്ഞചേര്‍ന്ന പച്ച….

ഇന്ന് പാടങ്ങള്‍ നികത്തപ്പെട്ടു. ഓണത്തിന് ഞങ്ങള്‍ പൂപറിച്ചിരുന്ന ജലസംഭരണികളായ കുന്നുകളും മലകളും മണ്‍മാഫിയ തുടച്ചുമാറ്റി. ആഞ്ഞിലിപ്പഴം തരുന്ന ആഞ്ഞിലിയോ ഇടിയന്‍ചക്ക മുതല്‍ ചക്കപ്പഴംവരെ തരുന്ന പ്ലാവുകളോ മാമ്പഴത്തിരയുണ്ടാക്കാന്‍  മാമ്പഴങ്ങള്‍ തന്നിരുന്ന മാവുകളോ പൂക്കുമ്പോള്‍ മാദക സൗരഭ്യം പരത്തിയിരുന്ന പാലകളോ ചുമന്ന പൂക്കള്‍ നിറഞ്ഞിരുന്ന മുരുക്കുകളോ ഒന്നും അവിടെ കാണാനില്ല. പകരം പ്ലൈവുഡ് മില്ലുകള്‍. തൊഴിലാളികളായ  മാത്തനും മാത്തുവും കുറുമ്പനും ഇന്നില്ല- എവിടെയും ബംഗ്ലാദേശികള്‍! ഇതോ എന്റെ വെങ്ങോല എന്ന് ഹൃദയം വിങ്ങി.

ഇതാണോ വികസനം എന്ന് എന്റെ മനസ്സ് ചോദിച്ചു. ബഹിരാകാശ രംഗത്ത് വികസിക്കുന്നതുപോലെ, സ്വയംപര്യാപ്തത നേടുന്നപോലെ, പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നപോലെയല്ല ഇന്ന് മനുഷ്യജീവിതം. സമൂഹത്തിന്റെ ആത്മസത്തയായ സംസ്‌കാരം പോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത, നൈസര്‍ഗിക സിദ്ധിയുടെയും സാധനയുടെയും സമന്വയമായ സംസ്‌കാരം എന്നിവ പരിപോഷിപ്പിക്കുന്നതിന് പകരം യുവതലമുറ പരിപോഷിപ്പിക്കുന്നത് ഉപഭോഗ സംസ്‌കാരമാണ്. വ്യക്തികള്‍ മനുഷ്യത്വം നഷ്ടപ്പെട്ട് ഉല്‍പ്പന്നമായി മാറുന്ന, പ്രകൃതിവിരുദ്ധമായി ജീവിക്കുന്ന കാലഘട്ടം. വിവാഹധൂര്‍ത്ത്, ബഹുനില കെട്ടിടങ്ങളുടെ ബാഹുല്യം, അമിതമായ ആഭരണഭ്രമം, മദ്യാസക്തി, മയക്കുമരുന്നുപയോഗം ഇവയൊക്കെ ഇന്ന് മലയാളിജീവിതത്തിന്റെ ഭാഗമാണ്. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചും മറ്റും പള്ളികൊണ്ടീടുന്ന കേരളത്തില്‍ പണ്ട് മണ്ണാന്‍, മലപ്പണ്ടാരം, കാട്ടര്‍, എരവല്ലന്‍, ഉള്ളാടന്‍, കനോടി തുടങ്ങി നിരവധി വര്‍ഗങ്ങളുണ്ടായിരുന്നു.

മനുഷ്യവികസന സൂചികകള്‍ കേരളത്തില്‍ തൃപ്തികരമാണ്. പക്ഷെ ആത്മഹത്യകളും ആത്മഹത്യാ പ്രവണതകളും കാണിക്കുന്നത് മാനസികാരോഗ്യ തകര്‍ച്ചയാണ്. ഏറ്റവും നല്ല ലിംഗാനുപാതം-1000 പുരുഷന് 1084 സ്ത്രീകള്‍, 93 ശതമാനം സാക്ഷരത. പക്ഷെ ഗൃഹാന്തരീക്ഷം മലിനമാണ്. ഗാര്‍ഹികപീഡനം കൂടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കുടുംബക്കോടതി കേസുകള്‍.

േകരളത്തിലെ യഥാര്‍ത്ഥ വികസനം മദ്യപാനത്തിലും സ്ത്രീ-ബാലിക പീഡനങ്ങളിലുമാണ്. ഇവിടുത്തെ പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററാണ്. കാറുകളും ഇരുചക്രവാഹനങ്ങളും വര്‍ധിക്കുമ്പോള്‍ അവയ്‌ക്ക് സഞ്ചരിക്കാന്‍ റോഡുകള്‍ പര്യാപ്തമല്ല.  ജീവിതശൈലീരോഗങ്ങള്‍ കേരളത്തില്‍ പടരുകയാണ്. പരിസ്ഥിതി മലിനീകരണം, നദി, കായല്‍ കയ്യേറ്റങ്ങള്‍, മണല്‍വാരല്‍, കുന്നിടിയ്‌ക്കല്‍, വയല്‍ നികത്തല്‍ എല്ലാമാണ് ഇവിടെ വികസിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇവിടെ വികസിക്കുന്നത് മാലിന്യനിക്ഷേപങ്ങളാണ്. ”ചപ്പുചവറുകള്‍ക്ക് അമരത്വം, അവയ്‌ക്ക് മരണമില്ല. നശിപ്പിക്കാതെ അവയെപ്പോലെ മറ്റെന്താണുള്ളത്?” എന്ന് ഐവന്‍ ക്ലിമേ ചോദിക്കുന്നത് പ്രസക്തമാണ്. ഖരമാലിന്യം, മാരകമായ രാസപദാര്‍ത്ഥം മുതലായവ മണ്ണിനെയും ജലത്തെയും വിഷലിപ്തമാക്കുന്നു. കക്കൂസ് മാലിന്യംപോലും സ്വന്തം കുടിവെള്ളത്തില്‍ തള്ളുന്ന സംസ്‌കാരമാണ് മലയാളിക്കെന്ന് തെളിയിക്കുന്നതാണ് പെരിയാറില്‍ തള്ളാന്‍ കൊണ്ടുപോയ കക്കൂസ്മാലിന്യം പോലീസ് പിടികൂടിയത്.

ഇന്ന് മലയാളി സ്വന്തം മണ്ണില്‍ കൃഷിചെയ്യുകയില്ല. മലയാളി യുവാക്കള്‍ ജോലിതേടി മണലാരണ്യങ്ങളില്‍ അഭയംപ്രാപിക്കുമ്പോള്‍ കേരളം തങ്ങളുടെ ‘ഗള്‍ഫ്’ ആണെന്ന് വിശ്വസിക്കുന്ന ബംഗാളികളും ബീഹാറികളും ഇവിടെ തട്ടുകടകള്‍പോലും നടത്തുന്നു.

ഇന്ന് സമുദ്രവും കായലും കുളവുമെല്ലാം പ്ലാസ്റ്റിക് കുപ്പികളുടെയും സഞ്ചികളുടെയും നിക്ഷേപകേന്ദ്രങ്ങളാണ്. കാട്ടിലെറിയുന്ന പ്ലാസ്റ്റിക് തിന്ന് കാട്ടാന ചെരിഞ്ഞത് വാര്‍ത്തയായിരുന്നല്ലോ. മനുഷ്യന് വംശനാശം വന്നാലും മാലിന്യക്കൂമ്പാരങ്ങള്‍ ക്ഷുദ്രജീവികളെ സംരക്ഷിച്ച് അവശേഷിപ്പിക്കും.

മാലിന്യക്കൂമ്പാരങ്ങള്‍ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല- അത് ലോകവ്യാപകമാണ്. മെക്‌സിക്കോയില്‍ 20 വാര ഉയരമുണ്ടായിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഏക്കര്‍കണക്കിന് സ്ഥലം നശിച്ചുവത്രെ. മറ്റുള്ളവരുടെ വിജയഗാഥയില്‍നിന്ന് നല്ലതും വിനാശഗാഥകളില്‍നിന്ന് അവ തടയാനുള്ള ആസൂത്രണവും പഠിക്കുന്നവനാണ് ബുദ്ധിശാലി. മലയാളി പക്ഷെ ആ വിഭാഗത്തില്‍പ്പെടുകയില്ല.

ഇന്ന് ഏഷ്യയില്‍, കേരളത്തിലും ഭാരതത്തിലും  ഉള്‍പ്പെടെ ജലലഭ്യത കുറയുകയാണ്. ഉള്ള ജലംപോലും നമ്മള്‍ വിഷലിപ്തമാക്കുന്നു. കേരളത്തില്‍ പടരുന്നത് എന്തെല്ലാം പനികളാണ്. ഡെങ്കിപ്പനി, കുരുങ്ങുപനി, മലമ്പനി, ന്യുമോണിയ, ടൈഫോയ്ഡ്, ബ്രെയിന്‍ഫീവര്‍- പനികള്‍ കേരളത്തില്‍ വികസിക്കുന്നു! നമ്മുടെ ഭക്ഷണശീലങ്ങള്‍ മാറുന്നതനുസരിച്ച് അനാരോഗ്യവും വികസിക്കുന്നു. മണ്ണില്‍ കൃഷിചെയ്യാത്ത, അരിഭക്ഷണം കഴിക്കുന്ന മലയാളി ആശ്രയിക്കുന്നത് ആന്ധ്ര, പഞ്ചാബ്, തമിഴ്‌നാട് അരിയാണ്. പച്ചക്കറി കൃഷി അന്യമായിത്തീര്‍ന്ന കേരളത്തില്‍ പച്ചക്കറി വരുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. തമിഴര്‍ അവര്‍ക്ക് നല്ല പച്ചക്കറിയും ‘മലയാളത്താന്മാര്‍ക്ക്’ കീടനാശിനി തളിച്ച പച്ചക്കറിയും കൃഷിചെയ്യുന്നുവത്രെ. ഈ കീടനാശിനി തളിച്ച പച്ചക്കറി ഉപയോഗമാണ് ഇവിടെ അനാരോഗ്യവികസനത്തിന് പ്രധാന കാരണം.

ജലചൂഷണം നടത്തി ഊറ്റിയെടുക്കുന്ന വെള്ളമുപയോഗിച്ചാണ് കര്‍ഷകര്‍ കൃഷിചെയ്യുന്നത്. കേരളത്തില്‍ വികസിക്കുന്ന മറ്റൊരു മേഖല ക്വാറികളാണ്. പാറപൊടിച്ച് സൃഷ്ടിക്കുന്ന ക്വാറികള്‍ ഇന്ന് മാലിന്യക്കൂമ്പാരവുമാകുന്നു. മലയാളി സ്വന്തം പുരയിടം മലിനമാക്കാതെ അയല്‍വക്കത്ത് മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരശൂന്യനാണ്. വന്‍കിട കൃഷിക്കാര്‍ വലിയ പമ്പുകളുപയോഗിച്ച് ഭൂഗര്‍ഭജലമൂറ്റി വയലുകളും വാഴത്തോപ്പും കരിമ്പിന്‍തോട്ടങ്ങളും സംരക്ഷിക്കുന്നു. പക്ഷെ കുഴല്‍കിണറുകള്‍ ഇവിടെ പരിമിതമാണ്. വിയറ്റ്‌നാമില്‍ പത്തുവര്‍ഷത്തിനിടയില്‍ കുഴല്‍കിണറുകള്‍ മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടത്രെ. അതുപോലെ കാറ്റാടി വൈദ്യുതി തമിഴ്‌നാട്ടില്‍ വികസിക്കുന്നത് കാണുന്ന മലയാളി അത് അനുകരിക്കാന്‍ ശ്രമിക്കുന്നില്ല. ഇവിടെ ഇപ്പോഴും ജലവൈദ്യുതിയാണ്.

പതിനഞ്ചു കിലോമീറ്ററിലധികം നീളമുള്ള 44 നദികള്‍ കേരളത്തിലുണ്ട്. 41 എണ്ണം പടിഞ്ഞാറോട്ടും ബാക്കി മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. പക്ഷെ ഇവ സമൃദ്ധമാകുന്നത് കാലവര്‍ഷക്കാലത്തു മാത്രമാണ്.

കേരളം അതിവേഗം നഗരവല്‍കൃതമാകുകയാണ്. ഭൂമിയുടെ ഉപരിതലത്തിലെ സവിേശഷതകള്‍ മാറ്റിമറിച്ച്, ഭൂഗര്‍ഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും ഒഴുക്ക് മാറുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വയല്‍ നികത്തലും ചതുപ്പുപ്രദേശം നികത്തലും വരള്‍ച്ച അനിവാര്യമാക്കുന്നു.

ഒന്നാംക്ലാസില്‍ പഠിച്ചത് ”മഞ്ഞുകാലം വരുന്നേരം മാവുതോറും പൂവ് കാണാം” എന്നാണ്. ഈ മാമ്പൂവ് തിന്നാണ് കുയിലുകള്‍ പാടുന്നത്. ഇന്ന് സര്‍പ്പക്കാവുകള്‍ അപ്രത്യക്ഷമാകുന്നു. സര്‍പ്പക്കാവില്‍ മരങ്ങളും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെട്ടിരുന്നു. അന്ന് സന്ധ്യക്ക് സര്‍പ്പക്കാവില്‍നിന്നും നത്ത്  ചിലയ്‌ക്കുന്നതും തച്ചന്‍കോഴി കൂവുന്നതും മറ്റും കേള്‍ക്കാം. ”അച്ഛന്‍ കൊമ്പത്ത്- അമ്മ വരമ്പത്ത്” എന്നൊരു കിളി പാടുന്നത് കേള്‍ക്കാം. കാലത്ത് സ്‌കൂളിലേക്ക് പോകുമ്പോള്‍ കറുപ്പും ചുവപ്പും ചേര്‍ന്ന ചകോരപക്ഷിയെ കാണാം. കാണാന്‍ സുന്ദരികളായ മരംകൊത്തികള്‍ മരത്തില്‍ കൊത്തി കൂടുണ്ടാക്കുന്ന ശബ്ദം കേള്‍ക്കാം. മുറ്റത്തുള്ള മാതളച്ചെടിയില്‍ കൂടുകൂട്ടുന്ന അടയ്‌ക്കാപ്പക്ഷികളെ കാണാം.

ഇതെല്ലാം എന്റെ ബാല്യത്തിന്റെ ഓര്‍മ്മകള്‍. പക്ഷെ ഇപ്പോള്‍ ഞാന്‍ വെങ്ങോലയില്‍ ചെന്നപ്പോള്‍ ഇതൊന്നും അവിടെയില്ല. പ്ലൈവുഡ് ഫാക്ടറിയുടെ മലിനീകരണം കിണറുകളിലെ വെള്ളം ചുവപ്പുനിറമാക്കി. മലിനീകരണം തൊട്ടുതീണ്ടിയിട്ടില്ലാത്ത വെങ്ങോല ഇന്ന് മലിനീകരണത്തിന്റെ മാതൃകയാണ്. എങ്ങനെ പ്രകൃതിസുന്ദരമായ, പരിസ്ഥിതിസൗഹൃദപരമായിരുന്ന ഒരു ഗ്രാമത്തെ നശിപ്പിക്കാം എന്ന പാഠമാണ് എന്റെ വെങ്ങോല നല്‍കുന്നത്.

നമുക്ക് വേണ്ടത് വികസനമാണ്. ഫഌറ്റ് സമുച്ചയങ്ങളാണ്. ജലചൂഷണമാണ്. ഇന്ന് പാടത്ത് നെല്ലിപ്പൂവില്ല. കദളിപ്പൂവും മാനംനോക്കിയും ചെത്തിയും സമൃദ്ധമായിരുന്ന കാടുകളും മലകളും ഇല്ല. ഇന്ന് പൂക്കളമിടുന്നത് തമിഴ്‌നാട് ജമന്തി ഉപയോഗിച്ചാണ്. തുമ്പയില്ല, മുക്കൂറ്റിയില്ല, അരിപ്പൂവുമില്ല. ഇന്നത്തെ തലമുറക്ക് എന്തെല്ലാം മനോഹരമായ വസ്തുക്കളാണ് നഷ്ടമായത്! പഴയ തലമുറ തങ്ങളുടെ നഷ്ടങ്ങളെപ്പറ്റി ഖേദിക്കുമ്പോള്‍ ഇതൊന്നും അറിയാത്ത പുതുതലമുറ ക്രിക്കറ്റിലും ഫുട്‌ബോളിലും ടെന്നീസിലും അഭിരമിക്കുന്നു. ഒരുകാലത്ത് തൊങ്ങിക്കളി, കുടുകുടു (ഇന്നത്തെ കബഡിയുടെ വകഭേദം)- എല്ലാം ഓര്‍മ്മകളില്‍ മാത്രം!

Recent Posts