പര്‍വതമുകളില്‍ നിരപ്പായ ഒരു സ്ഥലമാണ് പഞ്ചവടി. ദണ്ഡകാരണ്യത്തിന്റെ ഭാഗമായ പഞ്ചവടിയുടെ അടുത്തുതന്നെ ഗോദാവരി നദിയൊഴുകുന്നു. അഞ്ചുവട വൃക്ഷങ്ങളുള്ളതുകൊണ്ടാണ് പഞ്ചവടിയെന്നു പേരു കിട്ടിയതെന്നും പറയുന്നുണ്ട്. സ്ഥലം കണ്ടപ്പോള്‍ രാമന്‍ പറയുന്നു. ”പുഷ്പിച്ച കാടുകളുള്ള ഈ സ്ഥലം മനോഹരമാണ്. സമീപത്ത് ജലാശയമുണ്ട്. കാടിന്റെ അഴകും വെള്ളത്തിന്റെ ഗുണവുമുള്ളതും, ചമത, കുശ, ധാരാളം പൂക്കളുമുള്ളതുമായ ഒരുസ്ഥലത്ത് നമുക്കു പാര്‍ക്കാന്‍ പറ്റിയ പര്‍ണശാലയുണ്ടാക്കാം.” അവര്‍ സമനിരപ്പായ ഒരു സ്ഥലം കണ്ടുപിടിച്ചു.
രാമന്‍ ലക്ഷ്മണനോടു പറഞ്ഞു. ” സമനിരപ്പായ ഈ സ്ഥലത്ത് ശ്രീത്വവും പൂത്തമരങ്ങളുമുണ്ട്. അടുത്ത് സുഗന്ധമുള്ള താമരപൊയ്‌കയും. ഇവിടെ മനോഹരമായ ഒരാശ്രമം നിര്‍മ്മിക്കണം. അരയന്നങ്ങളും കുളക്കോഴികളും നിറഞ്ഞതും ചക്രവാകപക്ഷികള്‍ ശോഭിക്കുന്നതും മാനുകളുടെ കൂട്ടങ്ങള്‍ ഇളക്കിമറിക്കുന്നതുമായ ഗോദാവരിനദി അകലെയല്ല. മയിലുകള്‍ ഇവിടെ ശബ്ദിക്കുന്നു. പൊക്കമുള്ള മരങ്ങളും ഗുഹകളും നിറഞ്ഞ പര്‍വ്വതങ്ങളുമുണ്ട്. പയിന്‍, പന, പച്ചിലമരം, ഈന്തല്‍, പ്ലാവ്, വരിനെല്ല്, കടമ്പ്, കാര, പുന്ന എന്നിവകൊണ്ട് ഇവിടം മനോഹരമാണ്. തേന്മാവുകളില്‍ പൂത്തവള്ളിച്ചെടികള്‍ ചുറ്റിക്കിടക്കുന്നു. അശോകം, കൈത, ചമ്പകം, ചന്ദനം, പ്ലാശ് തുടങ്ങിയ വൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം. നമുക്കിവിടെത്തന്നെ ഒരു ആശ്രമമുണ്ടാക്കി ആ പക്ഷി ശ്രേഷ്ഠന്റെ സഹവാസത്തോടെ കഴിയാം.
ശക്തനായ ലക്ഷ്മണന്‍ വളരെ വിസ്താരമുള്ളതും മനോഹരമായതുമായ ഒരു പര്‍ണശാലയുണ്ടാക്കി. അതിനു മണ്ണുകൊണ്ട് ചുവരുണ്ടാക്കി. തൂണുകൊണ്ട് താങ്ങുകൊടുത്തു. മുളകൊണ്ട് മേല്‍പുര പണിതു. വഹ്നിവൃക്ഷത്തിന്റെ കൊമ്പുകള്‍ വച്ചുകെട്ടി ബലപ്പെടുത്തി. കുശ, കുശപ്പുല്ല്, ഇലകള്‍ എന്നിവകൊണ്ടു മേഞ്ഞു. നിലം ചെത്തി മിനുക്കി നിരപ്പാക്കി. അങ്ങനെ രാമനുവേണ്ടി പര്‍ണശാല തീര്‍ത്തു. ഗോവാദരിയില്‍ ചെന്നു കുളിച്ച് കായ്‌കളും താമരപ്പൂക്കളും കൊണ്ടുവന്ന് വാസ്തുപൂജയും ഗൃഹശാന്തിയും കഴിച്ചു. എല്ലാമായപ്പോള്‍ രാമന്‍ ലക്ഷ്മണനെ ആലിംഗനം ചെയ്തു. നീ എനിക്കുവേണ്ടി ചെയ്തത് മഹത്തായ കര്‍മ്മമാണ്. അതിനുള്ള സമ്മാനമാണ് ഈ ആലിംഗനം.” അങ്ങനെ അവരുടെ പഞ്ചവടീ വാസം ശുഭമായി ആരംഭിച്ചു.
ഫലമൂലാദികളും ലക്ഷ്മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ് നിന്നീടും ഭക്തിയോടെ
സീതയെ മദ്ധേ്യയാക്കി മൂവരും പ്രാതകാലേ
ഗൗതമിതന്നില്‍ കുളിച്ചര്‍ഘ്യവും കഴിച്ചുടന്‍
പോരുമ്പോള്‍ സൗമിത്രി പാനീയം കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴും കാലം
















