ശരണമെന്നുടെ ശ്രീധര്‍മ്മ ശാസ്താവേ
ശരണഘോഷപ്രിയനേ നമസ്‌കാരം
ഹരിഹരസുത ദേവാനമോസ്തുതേ
ശബരീശാ
ശാന്തഭാവത്തില്‍ നീനിലകൊള്ളവേ
രാഗദ്വേഷാദിയെല്ലാംകളയണേ
രാഗമാലയ്‌ക്കതേറെ പ്രിയങ്കരാ
ശബരീശാ
കര്‍മ്മകാണ്ഡത്തില്‍ എന്നും ചരിക്കുവാന്‍
കലിയുഗത്തിന്റെ മൂര്‍ത്തേ മനോഹരാ
എന്നുംനിന്നെ ഭജിയ്‌ക്കാന്‍ കഴിയണേ
ശബരീശാ
വീരനാം മണികണ്ഠാ കുമാരനേ
പന്തളത്തിന്റെ രാജതനയനേ
പൂര്‍ണ്ണചന്ദ്ര സമപ്രഭദേവനേ
ശബരീശാ
പമ്പാതീരത്തു നിന്നു കയറവേ
കീര്‍ത്തിയേറിയ നീലിമലമോളില്‍
കാത്തുകൊള്ളുന്നു ഭക്തരെയെന്നുമേ
ശബരീശാ
കൂട്ടമായി ശരണം വിളിയ്‌ക്കവേ
ഭക്തിതന്നുടെ ദീപം തെളിയുന്നു
സ്വാമിപാദത്തില്‍ വീണു നമിയ്‌ക്കുന്നു
ശബരീശാ
കണ്ടിടുന്നുഞാന്‍ നിന്നുടെ രൂപവും
കാഞ്ചനത്തിന്റെ കോവിലില്‍നിന്നുഞാന്‍
കണ്ഠംപൊട്ടി വിളിയ്‌ക്കുന്നേനയ്യപ്പ
ശബരീശാ.
















