തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 9 ല്‍ സമൂഹത്തിലെ നിര്‍ധനര്‍ക്കും ആലംബഹീനര്‍ക്കും സാധനസാമഗ്രികളും ഷോപ്പ് ചെയ്തു നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മറ്റുള്ളവര്‍ക്കും വാങ്ങി നല്‍കാം’ പദ്ധതി നടപ്പിലാക്കുന്നതായി മന്ത്രി ഏ പി അനില്‍ കുമാര്‍ പറഞ്ഞു.
ഈ പദ്ധതിയിലൂടെ നമ്മുടെ സംസ്ഥാനത്തുള്ള അഗതിമന്ദിരങ്ങള്‍ അനാഥമന്ദിരങ്ങള്‍ ആതുരാലയങ്ങള്‍ മറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവര്‍ക്ക് വ്യക്തികള്‍ക്കും ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാധനസാമഗ്രികള്‍ ഷോപ്പ് ചെയ്തു നല്‍കുന്നതിനാണ് അവസരമൊരുക്കുന്നത്. അതത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാവും ഇതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നും ഇതിന്റെ തുടക്കമായി ഒരു പരീക്ഷണ പദ്ധതി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ അഗതിമന്ദിരങ്ങളില്‍ നടപ്പിലാക്കിയതടക്കം സംസ്ഥാന സാമൂഹികനീതി വകുപ്പും ഈ പദ്ധതിക്കായി ജി കെ എസ് എഫുമായി സഹകരിക്കുന്നുണ്ട്.
അഗതി – അനാഥമന്ദിരങ്ങളില്‍ തല്‍പ്പരരായ സ്പോണ്‍സര്‍മാരെ സംഘടിപ്പിച്ച് സീസണ് സമയത്ത് ഒരു കലാവിരുന്നും ഒരുക്കുവാന്‍ ആലോചിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു. ഇങ്ങനെ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളെ പ്രചരിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതോടൊപ്പം ഇതിന്റെ സംഘാടന ചെലവും പൂര്‍ണ്ണമായും ജി കെ എസ് എഫ് നിര്‍വ്വഹിക്കും. കേരളത്തിലെ പ്രമുഖ ചില കമ്പനികളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്.
ഇതിനെ സംബന്ധിച്ച് കഴിഞ്ഞദിവസം മന്ത്രിമാരായ ഏ പി അനില്‍ കുമാര്‍, ഡോ. എം കെ മുനീര്‍, സാമൂഹ്യനീതി വകുപ്പു സെക്രട്ടറി എ ഷാജഹാന്, ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മൂഹമ്മദ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതിന് അന്തിമരൂപമായത്. താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജി കെ എസ് എഫ് ഓഫീസുമായോ (0471-2310899, 9847935256) ജില്ലാ മാനേജര്‍മാര്‍ മുഖേനയോ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: