മുഹമ്മ: വിജയ സാധ്യതയുണ്ടായിട്ടും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേട് മുലമെന്നാരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.
ഇടതു മുന്നണിയിലെ വിഭാഗിയതയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആധിപത്യം ലഭിച്ചില്ലെന്നുമാത്രമല്ല നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ യുഡിഎഫിന് പത്ത് സീറ്റുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒമ്പതായി ചുരുങ്ങി. കോണ്‍ഗ്രസിലെ അനൈക്യവും പടലപ്പിണക്കവുമാണ് പരാജയത്തിന് കാരണമെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പുതുമുഖങ്ങള്‍ക്ക് അവസരം നിഷേധിച്ച് മുതിര്‍ന്ന നേതാക്കള്‍ മല്‍സര രംഗത്ത് ഉറച്ചുനിന്നത് യുഡിഎഫിന് തിരിച്ചടിയായി. പലതവണ പഞ്ചായത്തംഗങ്ങളായിരുന്നവര്‍ ഇക്കുറി മാറിനിന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കേണ്ടതായിരുന്നുവെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെക്കുന്നു. അതോടൊപ്പം സിപിഎമ്മില്‍ നിന്നും പുറത്താക്കിയ വി. എം. മോനപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതും തെറ്റായിപ്പോയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. മുതിര്‍ന്ന നേതാക്കളും നിരവധി പ്രാവശ്യം മല്‍സരിച്ചവരുമായ കോണ്‍ഗ്രസിലെ കുന്നപ്പള്ളി മജീദ്,പി തമ്പി, നദീറാബഷീര്‍, എം. രാജ, ആര്‍എസപിയിലെ മായാദിലീപ്, മുസ്‌ലിംലീഗിലെ കെ. ജി. മോഹനന്‍ എന്നിവരെ ഒഴിവാക്കി ചുറുചുറുക്കുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നതെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.
ആറുപതിറ്റാണ്ടിലേറെയായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ദീര്‍ഘനാളായി പ്രതിപക്ഷത്തിരുന്നിട്ടും ഭരണപക്ഷത്തിനെതിരെ ഒരിക്കല്‍പോലും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനോ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി സമരപരിപാടികള്‍ സംഘടിപ്പിക്കാനോ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
















