ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്. വര്‍ഷം ചെല്ലുന്തോറും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് കൂടിവരുന്നതുകാണുമ്പോള്‍ സ്വാഭാവികമായും നമുക്ക് തോന്നാം ”ഈ കമ്പ്യൂട്ടര്‍ യുഗത്തിലും പുതുതലമുറയ്‌ക്ക് ഭക്തിയേറിവരുകയാണോ?” എന്ന്. അതേ എന്ന് ഭാഗികമായി ഉത്തരം പറയാമെങ്കിലും സത്യസന്ധമായി ചിന്തിച്ചാല്‍ മനസ്സാക്ഷിക്കുത്തില്ലാതെ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഏറെയാണ്. നിത്യേനയെന്നോണം നാം അറിഞ്ഞോ അറിയാതെയോ ചെയ്തുകൂട്ടുന്ന തെറ്റുകളും പാപങ്ങളും ഏറെയാണ്. അതില്‍നിന്നും രക്ഷപ്പെടാമെന്ന വ്യാമോഹത്തോടെയാണ് പലരും ഭക്തിമാര്‍ഗത്തിലേക്ക് തിരിയുന്നത്.
അനധികൃതമായും അവിഹിതമായും സമ്പാദിച്ചുകൂട്ടുന്ന സമ്പത്തിന്റെ ഒരു ഓഹരി ഭഗവാന് നല്‍കിയാല്‍, ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പരിഹാരമാകുമെന്ന മിഥ്യാ ധാരണയില്‍നിന്നുടലെടുത്ത ചിന്തകളാണ് ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന പണം. എന്തായാലും കലിയുഗത്തില്‍, കലിയുഗവരദനെ കാണുവാനുള്ള ഭക്തരുടെ വര്‍ധന നിര്‍മലവും നിഷ്‌കപടവുമായ ഭക്തിമാത്രമാണെന്ന് കരുതുക വയ്യ.
എരുമേലിയില്‍ പേട്ട തുള്ളി വാവരെ വണങ്ങി എരുമേലി ശാസ്താവിനെ ദര്‍ശിച്ചാണ് ലക്ഷങ്ങള്‍ പമ്പയിലേക്ക് തിരിക്കുന്നത്. ‘അയ്യപ്പന്‍ തിന്തകത്തോം, സ്വാമി തിന്തകത്തോം’ എന്ന താളാത്മകമായ വായ്‌ത്താരിയോടെ പേട്ടതുള്ളിപ്പോകുന്ന പലര്‍ക്കും തങ്ങള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ്. എന്താണ് നിങ്ങളീ പറയുന്ന അയ്യപ്പന്‍ തിന്തകത്തോം, സ്വാമി തിന്തകത്തോം എന്നതിന്റെ അര്‍ത്ഥം എന്നു ചോദിച്ചാല്‍ പലരും പറയുന്ന മറുപടി ‘തുള്ളാന്‍ സൗകര്യമുള്ള താളാത്മകമായ ഒരു വായ്‌ത്താരി’ എന്നാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിന്റെ പൊരുള്‍? ഓം എന്നാല്‍ ആദി ശബ്ദം, ദൈവം എന്നൊക്കെയാണ് അര്‍ത്ഥം. ‘അ ഉ അം’ എന്ന മൂന്നക്ഷരങ്ങള്‍ ചേര്‍ന്നതാണ് ഓം. അ ബ്രഹ്മാവിനെയും ഉ വിഷ്ണുവിനെയും അം ശിവനെയും സൂചിപ്പിക്കുന്നു എന്നാണ് ഐതിഹ്യം.
മാലയിട്ട് വ്രതം തുടങ്ങിയാല്‍ ഓരോ ഭക്തനും അയ്യപ്പനാണ്. ഇവിടെ ദൈവവും മനുഷ്യനും ഒന്നാവുകയാണ്. ‘തത്വമസി’യുടെ പൊരുളും അതുതന്നെ. അങ്ങനെയുള്ള അയ്യപ്പന്മാരുടെ മനസ്സിലാണ് ഓം അതായത് ദൈവം എന്നുവെച്ചാല്‍, ‘അയ്യപ്പന്‍ നിന്റെയകത്ത് ഓം, സ്വാമി നിന്റെയകത്ത് ഓം’ എന്നതിലൂടെ ഓരോ ഭക്തന്റെയും മനസ്സിലാണ് ദൈവം കുടികൊള്ളുന്നതെന്ന മഹത്തായ സന്ദേശമാണ് എരുമേലി പേട്ടതുള്ളലിലൂടെ ഭഗവാന്‍ നമ്മെ മനസ്സിലാക്കിത്തരുന്നത്. അങ്ങനെ ഓരോ മനസ്സും ഭഗവാനെ നിറച്ചുകൊണ്ടുവേണം ഭക്തര്‍ എരുമേലിയില്‍നിന്നും പമ്പയിലേക്ക് നീങ്ങേണ്ടത്.
ശബരിമലയാത്രയില്‍ അനുഷ്ഠിക്കുന്ന ഓരോ ചിട്ടകളും പൂര്‍വികര്‍ രൂപപ്പെടുത്തിയിരിക്കുന്നത് ആചാരങ്ങള്‍ക്കുമപ്പുറം ശാസ്ത്രീയമായിട്ടുകൂടിയാണെന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസ്സിലാകും.
(തുടരും)
















