പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിപുലമായ ടെലികോം സൗകര്യങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. തീര്‍ത്ഥാടനപാതകളില്‍ മൊബൈല്‍ കവറേജ്, മൊബൈല്‍ റീ-ചാര്‍ജ്ജ് കാര്‍ഡുകള്‍, ടോപ്-അപ് കാര്‍ഡുകള്‍, ഫ്ളക്സി സംവിധനം എന്നിവ ഒരുക്കിയും ശബരിമലതീര്‍ത്ഥാടനത്തെ വരവേല്‍ക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറാവുന്നു.
കാനനപാതയോരങ്ങളില് മൊബൈല്‍ റിപ്പീറ്ററുകളും വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ടവറുകളും സജ്ജീകരിച്ചാണ് തീര്‍ത്ഥാടനപാതകളില്‍ അയ്യപ്പഭക്തര്‍ക്ക് തടസ്സം കൂടാതെ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നത്. പത്തനംതിട്ട-പമ്പ, ചിറ്റാര്‍-അച്ചന്‍കോവില്‍-പമ്പ, അത്തിക്കയം-പെരുനാട്-പമ്പ, കാഞ്ഞിരപ്പള്ളി-എരുമേലി-പമ്പ തുടങ്ങിയ തീര്ത്ഥാടനപാതകളിലെല്ലാം മൊബൈല്‍ കവറേജ് ഉറപ്പാക്കിയതായി പത്തനംതിട്ട ടെലികോം ജില്ല ജനറല്‍ മാനേജര്‍ വി.രാജേന്ദ്രന് പറഞ്ഞു.
കാനനപാതയില്‍ മൊബൈല്‍ കവറേജ് തടസ്സംകൂടാതെ ലഭിക്കുന്നതിന് അട്ടത്തോടിനും നിലയ്ക്കലിനും മദ്ധ്യേ വനംവകുപ്പിന്റെ അനുമതിയോടെ വാഹനത്തില്‍ ഘടിപ്പിച്ച ടവര്‍ ക്രമീകരിക്കും.ഇതോടെ വനപാതയില്‍ അട്ടത്തോടിന് ശേഷം നാല്കിലോമീറ്ററോളം മൊബൈല്‍ കവറേജ് ഇല്ല എന്നപ്രശ്നത്തിന് പരിഹാരമാകും. ശബരിമലയിലും ശരംകുത്തിയിലും പമ്പയിലും നിലവിലുള്ള ടവറുകള്‍ക്കു പുറമേ പമ്പ കെ എസ് ആര് ടി സി സ്റ്റാന്‍ഡിലും ടവര്‍ പ്രവര്‍ത്തനസജ്ജമാക്കും. മകരവിളക്കുത്സവകാലത്ത് പുല്ലുമേട്ടിലും മൊബൈല്‍ കവറേജ് ഒരുക്കും.
ശബരിമലയിലും തീര്‍ത്ഥാടനപാതകളിലും തീര്‍ത്ഥാടകര്‍ക്ക് 3ജിസൗകര്യം ലഭിക്കാനാവശ്യമായ ടവറുകള്‍ സജ്ജീകരിക്കും.മണ്ഡലമകരവിളക്കുത്സവകാലത്ത് പമ്പയിലും സന്നിധാനത്തിലുമായി മുപ്പത് എസ്റ്റിഡി ബൂത്തുകള്‍ സജ്ജമാക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകരായ ഉപഭോക്താക്കളുടെ സേവനാര്‍ത്ഥം ഇതരസംസ്ഥാനങ്ങളിലെ ജീവനക്കാരെ ശബരിമലയില്‍ നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: