വിളപ്പില്‍ശാല: ഗ്രാമീണ മേഖലയില്‍ മുഴങ്ങിയത് മാറ്റത്തിന്റെ ശബ്ദം. ഇരു മുന്നണികള്‍ക്കും കനത്ത പ്രഹരം നല്കിയ ഗ്രാമീണ ജനത നെഞ്ചേറ്റിയത് ബിജെപിയെ. കാട്ടാക്കട താലൂക്കില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിയപ്പോള്‍ തൂത്തെറിയപ്പെട്ടത് കോണ്‍ഗ്രസ് എന്ന അഴിമതിപ്പടയെ. മിക്ക പഞ്ചായത്തുകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിര്‍ണ്ണായക പദവി ബിജെപിക്ക് സ്വന്തം.
എണ്ണിയാലൊടുങ്ങാത്ത സഖ്യകക്ഷികളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതു വലത് മുന്നണികളെ താമര ചിഹ്നവുമായി ഒറ്റയ്ക്കാണ് ബിജെപി നേരിട്ടത്. പല പഞ്ചായത്ത് വാര്‍ഡുകളിലും കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് രഹസ്യ സഖ്യവും ബിജെപിയുടെ പടയോട്ടത്തിന് തടയിടാന്‍ ശ്രമിച്ചെങ്കിലും ഇവരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബിജെപിയുടേത്.
വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാല വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയാണ് ബിജെപി സ്ഥാനാര്‍ഥി രജനിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വിളപ്പില്‍ശാലയില്‍ പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. നൂലിയോട്, കാവിന്‍പുറം, ഹൈസ്കൂള്‍, ചെറുകോട് തുടങ്ങിയ വാര്‍ഡുകളിലും കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് വോട്ടു മറിച്ചു.
വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡുകളില്‍ ആറു സീറ്റുകള്‍ കൈപ്പിടിയിലൊതുക്കി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മാറനല്ലൂര്‍ പഞ്ചായത്തിലും എട്ട് സീറ്റുമായി ബിജെപി മുന്നിലാണ്. ഇവിടെ കോണ്‍ഗ്രസിനും എട്ട് സീറ്റുണ്ട്. ഭരണമുന്നണിയായ എല്‍ഡിഎഫിന്റെ വിജയം അഞ്ചു വാര്‍ഡുകളില്‍ ഒതുങ്ങി. മലയിന്‍കീഴ് 2, പള്ളിച്ചല്‍ 4, കാട്ടാക്കട 1, പൂവച്ചല്‍ 3, കുറ്റിച്ചല്‍ 2, വെള്ളനാട് 3, അരുവിക്കര 1, ഒറ്റശേഖരമംഗലം 2, അമ്പൂരി 2 എന്നിങ്ങനെയാണ് ബിജെപി കക്ഷിനില.
ബഹുഭൂരിപക്ഷം വാര്‍ഡുകളിലും പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കൊടുക്കറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി സുനിതകുമാരിക്കും എല്‍ഡിഎഫിലെ നിഷാ കൃഷ്ണനും 266 വോട്ടുകള്‍ വീതമാണ് കിട്ടിയത്. ഇരുവര്‍ക്കും വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. ഇവിടെ നറുക്കെടുപ്പിലൂടെ നിഷ വിജയിക്കുകയായിരുന്നു.
താലൂക്കിലെ പല പഞ്ചായത്തുകളിലും പുതിയതായി സാന്നിദ്ധ്യമറിയിച്ചും നിലവിലുള്ളതില്‍ നിന്നു വലിയ മുന്നേറ്റം നടത്തിയും ബിജെപി ഗ്രാമീണ മേഖലയില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: