കണ്ണൂര്‍: വായ്‌പാ കുടിശ്ശിക വരുത്തിയതിന് കര്‍ഷകനെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജയിലിലടക്കപ്പെട്ട പുല്‍പ്പള്ളിയിലെ കര്‍ഷകനായ മുളയാനിക്കല്‍ സുകുമാരനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്‌പയെടുക്കുന്ന സാധാരണക്കാരെയും കൃഷി ആവശ്യങ്ങള്‍ക്കായി വായ്‌പയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരെയും വായ്‌പയടച്ചില്ലെന്നതിന്റെ പേരില്‍ ദ്രോഹിക്കുന്നത് ശരിയല്ല. ജയിലിടക്കപ്പെട്ട കര്‍ഷകനായ സുകുമാരന് സ്വന്തമായി ഭൂമിയുണ്ട്. അത് വെച്ച് ബാങ്ക് വായ്‌പാ സെറ്റില്‍മെന്റ് ചെയ്യാവുന്നതേയുള്ളു. പക്ഷെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് വായ്‌പയെടുത്ത തുക പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നതിന് പകരം തെറ്റായ വ്യാഖ്യാനം നടത്തി പാവപ്പെട്ട കര്‍ഷകനെ ജയിലിലടക്കുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് കാനം പറഞ്ഞു. സിപിഐ ദേശീയ കൗണ്‍സിലംഗം സി.എന്‍.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്‌കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ പ്രദീപന്‍, സിപി സന്തോഷ്‌കുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.പി.ഷൈജന്‍, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി വെള്ളോറ രാജന്‍ എന്നിവരും കാനത്തോടൊപ്പമുണ്ടായിരുന്നു.
















