കൊച്ചി: ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നും തിരിച്ചടിയേറ്റ വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നതിനിടെയില് കോടതിയില്‍ നാടകീയ രംഗങ്ങള്‍.
മന്ത്രി കെ.എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വിധിപ്രസ്താവനത്തിനിടെ ജസ്റ്റിസ് കമാല്‍ പാഷ പരാമര്‍ശം നടത്തിയതോടെയാണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിജിലന്‍സ് ഡയറക്ടര്‍ ഈ രേഖകള്‍ പരിശോധിച്ചില്ലെന്ന് പറഞ്ഞ കോടതിയാണ് മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞത്. തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം തുടരണമെന്ന എസ്പിയുടെ നിലപാട് ശരിയെന്നും പറയുകയുണ്ടായി. ഇതിനെ എജിയും കപില്‍ സിബലും എതിര്‍ത്തു.
കോടതിയുടെ ഭാഗത്തു നിന്നുമുള്ള പരാമര്‍ശം ശരിയല്ലെന്നും ഇത് നീക്കണമെന്നും പറഞ്ഞുകൊണ്ടാണ് കപില്‍ സിബല്‍ എഴുന്നേറ്റത്. പിന്നാലെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയും ഈ ആവശ്യം ഉന്നയിച്ചു. ഇതിനിടെ വിധി പ്രസ്താവം നിര്‍ത്തിവെക്കണമെന്നും ഹൈക്കോടതിയില്‍ എജി ആവശ്യപ്പെട്ടു. എന്നാല്‍, ഇത് കോടതി അംഗീകരിക്കാതെ വിധി പ്രസ്താവിക്കുന്നത് തുടരുകയായിരുന്നു. പിന്നീട് ഈ പരാമര്‍ശം ഹൈക്കോടതി ഒഴിവാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: