ന്യൂദല്‍ഹി: ബീഹാറില്‍ വിജയം നേടിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫോണില്‍ നിതീഷുമായി സംസാരിച്ച മോദി മികച്ച വിജയം കരസ്ഥമാക്കിയതിന്റെ അഭിനന്ദനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് നിതീഷ് കുമാര്‍ നന്ദി പ്രകടിപ്പിച്ചു.
ബീഹാറിലെ ജനവിധി അംഗീകരിക്കുന്നതായും പുതിയ സര്‍ക്കാര്‍ ബീഹാറിനെ വികസനപാതയിലേക്ക് നയിക്കട്ടെയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആശംസിച്ചു. ജെഡിയു മികച്ച വിജയമാണ് കരസ്ഥമാക്കിയതെന്നും വിധി അംഗീകരിക്കുന്നതായും ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവും പ്രതികരിച്ചു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.25 ലക്ഷം കോടി രൂപയുടെ ബീഹാര്‍ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. പാക്കേജ് പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. എന്തുവിലകൊടുത്തും അതു ബീഹാറിനായി നടപ്പാക്കുക തന്നെ ചെയ്യും. പുരോഗതിയുടേയും സമാധാനത്തിന്റെയും പാതയിലൂടെ ബീഹാറിനെ നയിക്കാന്‍ ജെഡിയു, ആര്‍ജെഡി സര്‍ക്കാരിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്്നാഥ്സിങ് പ്രതികരിച്ചു.
നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ് എന്നിവരെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച രാജ്നാഥ്സിങ് ബീഹാറിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും വ്യക്തമാക്കി.
രാവിലെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതുമായും രാജ്നാഥ്സിങ് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: