പാനൂര്‍: പാനൂര്‍ നഗരസഭയിലെ മുസ്ലീം ലീഗ്് വിമതന്റെ വിജയവും എല്‍ഡിഎഫിന്റെ അക്കൗണ്ടിലാക്കി സിപിഎം. 4-ാം വാര്‍ഡായ വെസ്റ്റ്എലാങ്കോടില് മുസ്ലീംലീഗ് നേതൃത്വവുമായി ഇടഞ്ഞ് സ്വതന്ത്രനായി ജയിച്ച വി.ഹാരിസിന്റെ വിജയമാണ് എല്‍ഡിഎഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിപത്രത്തില്‍ നഗരസഭയില്‍ 14 സീറ്റുകള്‍ നേടിയെന്ന്് അവകാശവാദവുമുയര്ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ ജയിച്ചുവെന്ന വിചിത്രവാദവും നിരത്തുന്നു. ജില്ലയില്‍ ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും പാനൂരില്‍ കഴിഞ്ഞ വര്‍ഷത്തെ 13ല്‍ നിന്നും സിപിഎം കിതയ്ക്കുകയായിരുന്നു. അതും യുഡിഎഫ് മുന്നണി പ്രശ്നത്തില്‍ തട്ടിക്കൂട്ടി ലഭിച്ചതുമാണ്. വസ്തുത ഇതായിരിക്കെയാണ് 165 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ ലീഗ് വിമതന്റെ വിജയം തങ്ങളുടെ പട്ടികയില്‍ കയറ്റി സിപിഎം നേതൃത്വം അഭിമാനം കൊളളുന്നത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 30 ല്‍ താഴെ വോട്ടാണ്. ഇവിടെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി റൗഫിനെ നിര്‍ത്തി പ്രചരണം നടത്തിയെങ്കിലും നേട്ടമുണ്ടാക്കാന്‍ യാതൊരു രക്ഷയുമില്ലായെന്ന് തിരിച്ചറിഞ്ഞതോടെ സ്വതന്ത്രന് പിന്തുണ നല്‍കുകയായിരുന്നു. 1 വോട്ടാണ് എല്‍ഡിഎഫ് ഇവിടെ നേടിയത്. ബാക്കി വോട്ടുകള്‍ കൊടുത്തുവെന്ന് പറയുമ്പോഴും ആരാണ് സിപിഎം വോട്ടര്‍മാരെന്ന് കാണിക്കാന്‍ പോലും നേതൃത്വത്തിന് സാധ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീംവോട്ടുകള്‍ വിഭജിക്കപ്പെട്ടാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചുകയറുമെന്ന ഭയവും സിപിഎമ്മിനുണ്ടായിരുന്നു. 150ല്‍ താഴെ വോട്ടുണ്ടായിരുന്ന ബിജെപി ഇവിടെ 207 വോട്ട് നേടി കരുത്തറിയിച്ചു. ജില്ലയില്‍ എന്തുനേട്ടമുണ്ടായാലും പാനൂരിന്റെ മണ്ണും മനസും സിപിഎമ്മിന് എന്നും എതിരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. പാലത്തായി, ബസ് സ്റ്റാന്റ്, തെക്കെപാനൂര്‍ വാര്‍ഡുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ പാനൂര്‍ നഗരപരിസരത്ത് ജയിച്ചത്. പഞ്ചായത്തായിരുന്നപ്പോള്‍ 4 സീറ്റുകള്‍ നേടിയെടുത്ത് 3 ആയി ചുരുങ്ങി. ഇവിടങ്ങളില്‍ ജയിച്ചത് നേരിയ മാര്‍ജിനിലാണെന്നതും ശ്രദ്ധേയമാണ്. മുസ്ലീംലീഗ് നേതൃത്വം വോട്ടുമറിച്ചു നല്‍കിയാണ് വിജയമുറപ്പിച്ചത്. കരിയാട് മേഖലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്പോരില്‍ അവിടെ നേട്ടം ലഭിച്ചില്ലെങ്കില്‍ പാനൂര്‍ നഗരസഭയില്‍ സിപിഎമ്മിന്റെ സ്ഥിതി ദയനീയമാകുമായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ തന്നെ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിച്ചിട്ടും ഭരണം പിടിക്കാമെന്ന വ്യാമോഹത്തില്‍ ഇറങ്ങിയ സിപിഎമ്മിന് 13 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജില്ലാനേതൃത്വത്തിന് മുന്നില്‍ കണക്കവതരിപ്പിക്കാന്‍ സ്വതന്ത്രന്റെ വിജയം സ്വന്തം അക്കൗണ്ടിലാക്കുന്ന പാനൂരിലെ സിപിഎം നേതൃത്വത്തിന്റെ നിലപാട് പരിഹാസ്യമാണ്. വിജയാവകാശം സിപിഎമ്മിനില്ലെന്നും മുസ്ലീംലീഗ് വോട്ടാണ് തന്നെ വിജയിപ്പിച്ചെതെന്നും വി.ഹാരിസും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: