ആസനസ്ഥനായ ദൂതന്‍ രാവണനെ പുകഴ്‌ത്തിക്കൊണ്ട് പറഞ്ഞു. ഞാന്‍ അങ്ങയുടെ അഗ്രജനായ കുബേരന്റെ ദൂതനാണ് ഗുണനിധിയായ അങ്ങയോട് പറയാനായി അങ്ങയുടെ ജ്യേഷ്ഠന്‍ ചില വാക്കുകള്‍ എന്നോട് പറയുകയുണ്ടായി. അവ കേട്ടാലും അങ്ങ് ഭോഗലാലസനായിക്കഴിയുന്നതില്‍ അങ്ങയുടെ ജ്യേഷ്ഠന് വലിയ ദുഃഖമുണ്ട്.
ഭോഗങ്ങള്‍ മൂലം അങ്ങ് ഉഗ്രമായ തപസ്സുകൊണ്ട് നേടിയ ഫലങ്ങളെല്ലാം നശിക്കാന്‍ ഇടയാകും. ഇതിനുമുന്‍പ് പലരും തപോബലം കൊണ്ട് നേടിയ ശക്തികളെ അവരുടെ ദുര്‍നടപ്പുകൊണ്ട് നശിപ്പിക്കാനിടയായിട്ടുണ്ട്. ജീവിതം ഒരിക്കലും ചിരകാലം ഉണ്ടാകുന്നതല്ല. നമ്മുടെ ശരീരം ധനം മുതലായവക്ക് നാശമില്ലെന്നു കരുതുന്നവര്‍ മൂഢന്മാരാണ്. യൗവന ബലത്താലും വരബലത്താലും എല്ലാവരേയും ഉപദ്രവിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ അതുമൂലം ആപത്തുകളും ജീവനാശവും സംഭവിക്കും.
ദേവന്മാരെ ഉപദ്രവിച്ചതിനെപ്പറ്റിയും നന്ദനോദ്യാനം തകര്‍ത്തതിനെപ്പറ്റിയും ഞാന്‍ കേള്‍ക്കാനിടയായി. എന്റെ അനുജനായ നീ ഉത്തമനല്ല കശ്മലനാണെന്ന് ജനങ്ങള്‍ പറയുന്നത് കേള്‍ക്കുക എന്നത് എനിക്ക് എത്രയും ദുസ്സഹമാണ്. ധര്‍മ്മം കൈവിടാതെ നല്ല കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ജീവിക്കുക. നിന്നെ വധിക്കുന്നതിന്ന് എന്താണ് മാര്‍ഗ്ഗങ്ങള്‍ എന്ന് മുനിമാരും ദേവന്മാരും തമ്മില്‍തമ്മില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കി നീ ധര്‍മ്മിഷ്ഠനായി ജീവിക്കാന്‍ പരിശ്രമിക്കുക. ഞാനിവിടെ ശങ്കരപ്രസാദത്താല്‍ അല്ലലൊന്നുംകൂടാതെ സുഖമായി കഴിഞ്ഞുകൂടുന്നു. നീയും അതേപോലെ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുക.
ദൂതവാക്യം കേട്ട രാവണന്‍ രോഷത്തോടെ കൈകള്‍ ഞെരിച്ച് അട്ടഹാസത്തോടെ പറഞ്ഞു. കൊള്ളാം ജ്യേഷ്ഠന്റെ ഉപദേശം അസ്സലായിരിക്കുന്നു. അദ്ദേഹം സ്വയം ധനവാനും ഗുണവാനും ഞാന്‍ കശ്മലനും ദുഷ്ടനും കൊള്ളാം വളരെ നല്ലത്. സ്വന്തം മാന്യതകൊണ്ട് അഭിമാനിച്ച് മറ്റുള്ളവരെ നിന്ദിക്കുന്നത് ശ്ലാഘനീയം തന്നെ.
ആശാപതിത്വവും ഗുഹ്യകേശത്വവുമീശസഖിത്വം നിധീശത്വവും തഥാ കിന്നരേശത്വവും ലക്ഷാധിപത്യവും പുണ്യജനത്വവും മറ്റുമീവണ്ണവും നാനാപ്രഭുത്വങ്ങളുള്ളവ ചിന്തിച്ച് തന്നെ മാന്യനായി സ്വയം കരുതിക്കൊണ്ട് മറ്റുള്ളവരെ നിന്ദിച്ചും സ്വന്തം കോട്ടയ്‌ക്കുള്ളില്‍ കഴിയുന്ന കുബേരന് അധികം വൈകാതെത്തന്നെ എന്റെ ശക്തി ഞാന്‍ കാട്ടിക്കൊടുക്കുന്നുണ്ട്. ഇത്രയും പറഞ്ഞ് കോപത്തോടുകൂടി വാള്‍ ഉറയില്‍ നിന്നൂരി ദൂതനെ വെട്ടിനുറുക്കി. അന്ന് ദൂതനെ വെട്ടിനുറുക്കിയതിന്റെ ഫലമാണ് മറ്റൊരു ദൂതനാല്‍ പിന്നീട് രാവണന് നാശംവരാന്‍ കാരണമായത്.
ദൂതനെ വധിച്ചശേഷം രാവണന്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി. ഇനി ആദ്യംതന്നെ ജ്യേഷ്ഠനെ കീഴ്‌പ്പെടുത്തണം. ദേവന്മാരെ പിന്നീട് നേരിടാം. തീരുമാനപ്രകാരം രാവണന്‍ വലിയ സന്നാഹത്തോടുകൂടി ഭൃഗു തുടങ്ങിയ മഹര്‍ഷിമാര്‍ക്ക് ദാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ച ശേഷം ദിഗ്‌വിജയമുഹൂര്‍ത്തം നോക്കി ദേവതാ പ്രീതിയും വരുത്തി വന്‍ പടയോടുകൂടി രഥമേറി ഉത്തരദിശയിലേക്ക് പുറപ്പെട്ടു. പടയെ നയിച്ചുകൊണ്ട് മാരീചന്‍, ശുകസാരണന്മാര്‍, മഹോദരന്‍, മഹാപാര്‍ശ്വന്‍ ധൂമ്രാക്ഷന്‍ എന്നീ ആറുപേര്‍ മുമ്പില്‍ പടനയിച്ചുകൊണ്ട് അളകാപുരിയില്‍ എത്തിച്ചേര്‍ന്നു.
യക്ഷന്മാരും രാക്ഷസപ്പടയും തമ്മില്‍ ഘോരമായ യുദ്ധം നടന്നു. രാവണനുമായി ഏറ്റുമുട്ടിയ സന്ദര്‍ഭത്തില്‍ കുബേരന്‍ രാവണനെ വീണ്ടും ഉപദേശിച്ചു. പക്ഷെ രാവണന്‍ അതൊന്നും ചെവിക്കൊണ്ടില്ല. രണ്ടുപേരും ദിവ്യാസ്ത്രങ്ങള്‍ പരസ്പരം പ്രയോഗിച്ചു. അവസാനം രാവണന്‍ മായായുദ്ധത്താല്‍ കുബേരനെ ബോധഹീനനാക്കി പുഷ്പകവിമാനവും കവര്‍ന്നെടുത്തു. അവിടെനിന്നും നിര്‍ഗ്ഗമിച്ചു. പുഷ്‌കത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ശരവണദേശത്തെത്തിയപ്പോള്‍ പുഷ്പകം ഇളകാതെനിന്നുകളഞ്ഞു.
പുഷ്പകം നിന്നുപോയതിന്റെ കാരണം മനസ്സിലാകാതെ എല്ലാവരും പരിഭ്രമിച്ചു. ഒരുപക്ഷെ കുബേരനെയല്ലാതെ മറ്റാരേയും വഹിച്ച് പുഷ്പകം യാത്ര തുടരുകയില്ല എന്നുണ്ടോ എന്ന് മാരീചന്‍ സംശയം പ്രകടിപ്പിച്ചു. ആ സമയത്ത് ഒരു വാനരരൂപത്തില്‍ നന്ദീശ്വരന്‍ പ്രത്യക്ഷപ്പെടുകയും ഈ പ്രദേശം ഭഗവാന്‍ ശങ്കരന്‍ നൃത്തമാടുന്ന പ്രദേശമാണെന്നും ആര്‍ക്കും ഇവിടെ പ്രവേശനാനുമതിയില്ലെന്നും അതുകൊണ്ട് വന്ന വഴിക്കുതന്നെ തിരിച്ചുപോകാനും നിര്‍ദ്ദേശിച്ചു. ഇതുകേട്ട് രാവണന്‍ എന്നോടൊരു വാനരന്‍ വന്ന് കല്പിക്കുന്നോ എന്ന് ചോദിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. ഇതുകേട്ട് പ്രകോപിതനായ നന്ദീശ്വരന്‍ പറഞ്ഞു. ഏതായാലും ബ്രഹ്മാവിന്റെ വരത്തെ മാനിച്ച് ഇപ്പോള്‍ ഞാന്‍ നിന്നെ വധിക്കുന്നില്ല.
പിന്നെ വാനരനെന്ന് നീ എന്നെ നിന്ദിച്ചതുകൊണ്ട് വാനരന്മാരാല്‍ നിന്റെ കുലം നശിക്കുന്നതിന്ന് ഇടവരട്ടെ എന്ന് ശാപം നല്‍കി. പക്ഷെ മദാന്ധനായ രാവണന്‍ ഈ ശാപവാക്കുകളൊന്നും കണക്കിലെടുത്തില്ല.
ആരാണീ ശങ്കരന്‍? എനിക്ക് നേര്‍വഴിക്ക് പോകാന്‍ അനുവാദമില്ലെങ്കില്‍ ഈ പര്‍വതത്തെത്തന്നെ ഇവിടെനിന്നും മാറ്റിയേക്കാം എന്ന് മനസ്സില്‍ വിചാരിച്ച് രാവണന്‍ കൈലാസത്തെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിച്ചു. രാവണന്റെ ആ പരിശ്രമത്തില്‍ ശൈലം ഒന്നിളകി. ശിവകിങ്കരന്മാര്‍ വിറച്ചുപോയി.
ഭയന്നുപോയ പാര്‍വതി ഓടിച്ചെന്ന് ശിവനെ കെട്ടിപ്പിടിച്ചു മഹേശ്വരന്‍ മന്ദഹാസപൂര്‍വ്വം തന്റെ കാല്‍ പെരുവിരല്‍ ഒന്നമര്‍ത്തി. ആ സമയത്ത് കൈലാസം ഭൂമിയില്‍ ഉറച്ചു. രാവണന്റെ കൈകള്‍ പര്‍വതത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്നു. രാവണന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. രാവണന്‍ ആ അവസ്ഥയില്‍ സാമഗാനം പാടിക്കൊണ്ട് മൃത്യുഞ്ജയനെ ഭജിക്കാന്‍ തുടങ്ങി. മനസ്സില്‍ ഭക്തിവര്‍ദ്ധിച്ചു. സംപ്രീതനായ പരമേശ്വരന്‍ കാരുണ്യപൂര്‍വം തന്റെ കാലിന്റെ പെരുവിരല്‍ അയച്ചു. കൈകള്‍ പുറത്തെടുത്ത രാവണ സമീപം ചെന്ന് പരമേശ്വരന്‍ അരുളിചെയ്തു. നിന്നെപ്പോലെ ബലശാലികള്‍ ഭൂവനത്രയത്തില്‍ ആരുംതെന്നയില്ല. ഞാന്‍ നിന്നില്‍ സന്തുഷ്ടനായിരിക്കുന്നു. നിനക്ക് ഞാന്‍ ചന്ദ്രഹാസം എന്ന ഒരു ആയുധവും തരുന്നുണ്ട്.
ഇന്നുമുതല്‍ നീ എന്നെ ദൃഢമായി ഭജിച്ചുകൊള്ളുക. അങ്ങിനെ ചെയ്താല്‍ നിനക്കൊരിക്കലും പരാജയം സംഭവിക്കുന്നതല്ല. നീ ഇനി നിന്റെ മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ടതില്ല. നിനക്കിഷ്ടമുള്ള വഴിയെ നിനക്ക് സഞ്ചരിക്കാവുന്നതാണ്. ശ്രീപരമേശ്വരനെ വന്ദിച്ച് സ്തുതിച്ചശേഷം രാവണന്‍ പുഷ്പകമേറി അവിടെനിന്നും യാത്രതിരിച്ചു.
















