കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സിനുണ്ടായ തിരിച്ചടി കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയായാണ്. കണ്ണൂരില്‍ അക്രമ രാഷ്ട്രീയത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ കൊടുത്ത് താല്‍ക്കാലിക രാഷ്ട്രീയ നേട്ടം കൊയ്ത സുധാകരന്റെ രാഷ്ട്രീയ കൗശലത്തിനേറ്റ പ്രഹരം കൂടിയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനായിരുന്നു സുധാകരന്റെ ശ്രമം. ഇതിനെതിരെ കോണ്‍ഗ്രസിനകത്ത് തന്നെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. സുധാകരന്റെ ആശ്രിതരായ റിജില്‍ മാക്കുറ്റി, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ്സിലെ പ്രബലമായ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ജനകീയ പിന്തുണയില്ലാത്ത കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ പരാജയപ്പെടുമെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കെ.സുധാകരനെ ഭയന്ന് പരസ്യപ്രസ്താവന നടത്താന്‍ വിമുഖത കാട്ടിയവര്‍ വോട്ടിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയും ചെയ്തു. നേരത്തെ സുധാകരനെതിരെ പരസ്യമായി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ച പള്ളിക്കുന്നിലെ പി.കെ.രാഗേഷിനെ സുധാകര വിഭാഗം അക്രമിച്ച് പരിക്കേല്പിച്ചിരുന്നു. തന്നെ എതിര്‍ക്കുന്നവരെ അക്രമത്തില്‍ കൂടിയും ഭീഷണിയില്‍ കൂടിയും ഒതുക്കി നിര്‍ത്തുക എന്ന നയമാണ് സുധാകരന് എപ്പോഴും സ്വീകരിച്ചിരുന്നത്. സുധാകരന്റെ അക്രമ രാഷ്ട്രീയത്തിനും മാഫിയാ രാഷ്ട്രീയത്തിനും പിന്തുണ നല്‍കിയവാണ് കണ്ണൂരില്‍ തോറ്റവര്‍. മണല്‍ കടത്തുന്നതിനിടെ കോണ്‍ഗസ്സ് നേതാവ് വളപട്ടണം സ്റ്റേഷനില്‍ അറസ്റ്റിലായപ്പോള്‍ സുധാകരന് തന്നെ സ്റ്റേഷനില്‍ നേരിട്ടെത്തി എസ്ഐയെ ഭീഷണിപ്പെടുത്തിയിരുന്നു. മണല്‍ മാഫിയുടെയും ബ്ലേഡ് മാഫിയയുടെയും ആളായി കെ.സുധാകരന് മാറിയെന്ന് കോണ്‍ഗ്രസ്സിനകത്ത് തന്നെ ആരോപണമുണ്ടായിരുന്നു.
അച്ചടക്ക ലംഘനത്തിന്റ പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ പള്ളിക്കുന്നിലെ പി.കെ.രാഗേഷ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും കോര്പ്പറേഷന് ഭരണം നിലനിര്‍ത്താന്‍ രാഗേഷിന്റെ സഹായം അനിവാര്യമാവുകയും ചെയ്തതോടെയാണ് സുധാകരന് വെട്ടിലായത്. പി.കെ.രാഗേഷ് കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും അച്ചടക്കത്തിനാണ് കോണ്‍ഗ്രസ്സ് മുന്‍തൂക്കം നല്‍കുന്നതെന്നാണ് സുധാകരന് പ്രതികരിച്ചത്. എന്നാല്‍ ഗ്രൂപ്പും ഗ്രൂപ്പുകളില്‍ ഗ്രൂപ്പുമുള്ള കോണ്‍ഗ്രസ്സില്‍ എന്തച്ചടക്കമാണെന്ന് ചോദിച്ചാല്‍ സുധാകരനു പോലും ഉത്തരമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഏതറ്റംവരെയും പോകുമെന്ന വിശ്വാസത്തിലാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷ് വിലപേശുന്നത്. തന്നെ ഒതുക്കാന്‍ ശ്രമിച്ച സുധാകരന് തിരിച്ചടി നല്‍കാനുള്ള സുവര്‍ണ്ണാവസരം പി.കെ.രാഗേഷ് എങ്ങിനെ ഉപയോഗിക്കുമെന്നാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: