ആലപ്പുഴ: തുലാവര്‍ഷം കനത്തതോടെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കുട്ടനാട്ടില്‍ പുഞ്ചകൃഷി വൈകാന്‍ സാധ്യത. സാധാരണ തുലാം പത്തോടുകൂടി കൃഷി ഇറക്കേണ്ടതാണ്. എന്നാല്‍ ഇക്കുറി വ്യശ്ചിക മാസം പകുതിയോടെ മാത്രമെ കൃഷി ഇറക്കാന്‍ കഴിയുകയുള്ളു. മഴ മൂലം പാടത്ത് വെള്ളം കെട്ടിക്കിടക്കുകയും തോടുകളില്‍ വെള്ളം ഉയരുകയും ചെയ്തതോടെ വെള്ളം വറ്റിച്ച് കള നശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പലയിടങ്ങളിലും.
പല പാടശേഖരങ്ങളിലും പുറം മട കെട്ടി വെള്ളം വറ്റിക്കാന്‍ പോലുമായിട്ടില്ല. രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കൊയ്ത്ത് പോലും പൂര്‍ത്തീകരിച്ചിട്ടില്ല. കൊയ്ത്ത് നടക്കുന്ന പാടശേഖരങ്ങളില്‍ യന്ത്രം താഴുന്നത് മൂലം കൈ കൊയ്ത്ത് നടത്തേണ്ട അവസ്ഥയാണ്. തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തില്‍ നിരവധി പാടശേഖരങ്ങളിലും നെല്ല് വീണ് കിളിര്‍ത്ത് തുടങ്ങി.
കൊയ്ത്ത് താമസിച്ചതിനാല്‍ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ പുഞ്ചക്കൃഷി ഇറക്കാന്‍ വൈകും. ഇതിനിടയില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി തടസവും പതിവാണ്. പുഞ്ചക്കൃഷിക്ക് തയ്യാറാകുന്ന പാടശേഖരങ്ങളില്‍ നീറ്റ് കക്ക ലഭിച്ചില്ലെന്നും പരാതിയുണ്ട്.
കൃഷി ഇറക്കുന്നതിന് മുമ്പ് കക്കാ വിതറി പുളി കളഞ്ഞെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളു. കനത്ത മഴ തുടരുന്നതോടെ കുട്ടനാട്ടില്‍ രണ്ടാംകൃഷിയുടെ വിളവെടുപ്പ് 70 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളു.
കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. 3500 ഹെക്ടറിലെ നെല്ലാണ് മഴക്കെടുതിയില്‍ വിളവെടുക്കാന്‍ കഴിയാതെ നില്‍ക്കുന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന മഴ രണ്ടാം കൃഷിയുടെ വിളവെടുക്കുന്ന പാടശേഖരങ്ങളെ കാര്യമായി ബാധിച്ചു. തകഴി 320 ഏക്കര്‍ വരുന്ന ഐവേലിക്കാട് പാടത്ത് അഞ്ചോളം യന്ത്രങ്ങള്‍ ഇറങ്ങി കൊയ്ത്തു നടത്തുന്നുണ്ട്.
കനത്ത മഴമൂലം യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തു നടക്കാന്‍ പ്രയാസമാണ്. മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം ജലനിരപ്പ് ഉയര്‍ന്നു നില്ക്കുന്നതിനാല് ഉറവയുടെ ശല്യം ഏറെയാണ്. അതിനിടയിലാണു നീണ്ടു നിന്ന മഴപെയ്തത്. ഇപ്പോള്‍ തന്നെ ഒന്നര മണിക്കൂര്‍ കൊണ്ടു കൊയ്യേണ്ട ഒരേക്കര്‍ നിലം മൂന്നു മണിക്കൂര്‍ എടുത്താണ് കൊയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: