പത്തനംതിട്ട: അടുത്ത തീര്ത്ഥാടനക്കാലത്തോടെ ശബരിമല റോഡുകളുടെ പണികള്‍ സംബന്ധിച്ച് പിഡബ്യുഡി കലണ്ടര്‍ സംവിധാനം തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പമ്പയില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം മുതല്‍ തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് പണി തീര്‍ക്കേണ്ട റോഡുകള്‍, എന്നത്തേയ്ക്ക് റോഡുപണികള്‍ ആരംഭിക്കും, അവയ്ക്ക് ഭരണാനുമതി എന്നത്തേക്ക് ലഭിക്കണം, റോഡുകളുടെ എസ്റ്റിമേറ്റ്, റോഡുപണികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കും ഇത്യാദി വിവരങ്ങള്‍ ഉള്‍പ്പെടുത്തി വേണം പൊതുമരാമത്ത് വകുപ്പ് കലണ്ടര്‍ തയ്യാറാക്കാന്‍. ഈ കലണ്ടര്‍ അനുസരിച്ചുള്ള വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍വെച്ച് അനുമതി തേടും. അടുത്തവര്‍ഷം മുതല്‍ തീര്‍ത്ഥാടനക്കാലം കഴിഞ്ഞാല്‍ ശബരിമലയുടെ പേരില്‍ അനുവദിക്കുന്ന ഒരുഫണ്ടും ചെലവഴിക്കാന്‍ സമ്മതിക്കില്ല.
ഈ തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് പണികള്‍ പൂര്‍ത്തീകരിക്കണം. അതിനായി ഇനിയുള്ള ദിവസങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി നേരിട്ട് നിര്‍മ്മാണ പുരോഗതി വിലയിരുത്തണമെന്ന് മുഖ്യമന്ത്രി സെക്രട്ടറി മുഹമ്മദ് ഹനീഷിന് നിര്‍ദ്ദേശം നല്കി. പമ്പസന്നിധാനം പാതയില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കാനാവശ്യമായ താല്‍ക്കാലിക നിര്‍മ്മിതികള്‍ക്ക് വനം വകുപ്പ് അനുമതി നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ ചിലവില്‍ തീര്‍ത്ഥാടനക്കാലത്തിനു ശേഷം അവ പൊളിച്ചുമാറ്റണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പമ്പമുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടനപാതയിലെ നീരീക്ഷണ ക്യാമറകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാന്‍ പത്തുലക്ഷം രൂപാ പോലീസ് വകുപ്പിന് അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: