സര്‍വവൈവിധ്യങ്ങള്‍ക്കും പിന്നിലുള്ള കാരണസ്വരൂപം ഏകവും അദ്വിതീയവുമാണ്. നാമരൂപാത്മകമായി, വൈവിധ്യപൂര്‍ണമായി സത്യം അഭിവ്യക്തമാകുന്നതിനാണ് വേദാന്തശാസ്ത്രം സൃഷ്ടി എന്നുപറയുന്നത്. പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. സകലലോകങ്ങളെയും പുറമെനിന്ന് സൃഷ്ടിക്കുന്ന ഒരു സ്രഷ്ടാവും ഇല്ല. വൈവിധ്യപൂര്‍ണമായ സകലവും തന്നെ സൃഷ്ടിക്കുമുമ്പ് നിരവയവമായിരുന്നു എന്ന് ഉപനിഷത്ത് പറയുന്നു. ആ സത്യത്തില്‍നിന്നാകുന്നു
നാമരൂപാത്മക പ്രപഞ്ചം മുഴുവനും ഉണ്ടാകുന്നത്. അതിനാല്‍ ഈ പ്രപഞ്ചം സുകൃതമാകുന്നു. അധിഷ്ഠാന സത്യമാണെന്നതിനാല്‍ പരമസത്യത്തെ രസം എന്നും പറയുന്നു. ഈ രസത്തെ അറിയുന്നവന്‍ ആനന്ദിയാവുന്നു. രസവുമായി ബന്ധപ്പെട്ടതാണ് രാസം. രാസലീല പുരാണത്തില്‍ പ്രസിദ്ധമാണ്. പരമമായ രസബോധത്തിലുള്ള സര്‍വപ്രപഞ്ചഭാവങ്ങള്‍ക്കും ഉള്ളിലുള്ള സത്യബോധത്തിന്റെ ലീലയാണത്. ഇതറിയാതെ പലതരത്തില്‍ കൃഷ്ണലീലയെ വര്‍ണിക്കുന്നത് മൗഢ്യമാണ്. നിരതിശയ സുഖമാകുന്ന ആനന്ദത്തിലേക്കുയരാന്‍ രസസാക്ഷാത്കാരമാണ് മാര്‍ഗം. ഇതാണ് ഉപനിഷത്തുകള്‍ പറയുന്നത്. ആ ബ്രഹ്മനിഷ്ഠയില്‍ ഒരാള്‍ ഭയത്തെ അതിക്രമിക്കുന്നു. എന്നാല്‍ ആ നിഷ്ഠയില്‍ ഒരു ചെറിയ ന്യൂനത സംഭവിച്ചാല്‍ ഭയം വരുന്നു.
ഭയത്തിന് ആസ്പദമായിരിക്കുന്നതും ആ സത്യമല്ലാതെ മറ്റൊന്നല്ല. ദൈവമുണ്ടെന്നു പറഞ്ഞാലും സാത്താനുണ്ടെന്നു പറഞ്ഞാലും അവ രണ്ടിനും അധിഷ്ഠാനമാകുന്ന ഉണ്മയാണ് പരമസത്യം. അതാണ് ഈശ്വരന്‍. എറണാകുളം കരയോഗത്തില്‍ ഉപനിഷത്ത് വിചാരയജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
















