അമ്പലപ്പുഴ: പാടശേഖരത്ത് കെട്ടിക്കിടക്കുന്ന നെല്ലെടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. കരുമാടി നടുക്കേ മേലത്തുംകരി പാടശേഖരത്തെ കര്‍ഷകരാണ് ഇന്നലെ രാവിലെ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ കരുമാടി ജങ്ഷനില്‍ ഉപരോധിച്ചത്.
20ദിവസം മുമ്പ് കൊയ്തുതപൂര്ത്തിയായിട്ടും ഇതുവരെ നെല്ല് എടുത്തിട്ടില്ല. രണ്ടുമില്ലുടമകള് വന്നെങ്കിലും ക്വിന്റലിന് 15 കിലോയോളം കിഴിവ് ആവശ്യപ്പെട്ടതിനാല്‍ നെല്ല് നല്കാന് കര്‍ഷകര്‍ തയ്യാറായി. ഏക്കറിന് 35,000 രൂപ വരെ ചെലവഴിച്ചാണ് കര്‍ഷകര്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്. 12 ലോഡ് നെല്ലാണ് അധികൃതരുടെ അനാസ്ഥമൂലം പാടശേഖരത്ത് കെട്ടിക്കിടക്കുന്നത്.
പലതവണ ആവശ്യപ്പെട്ടെങ്കിലും നെല്ലെടുക്കാന്‍ മില്ലുടമകളോ സിവില്‍ സപ്ലൈസ് അധികൃതരോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ റോഡ് ഉപരോധിച്ചത്. പി.കെ. പൊന്നപ്പന് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അമ്പലപ്പുഴ പോലീസ് സമരക്കാരെ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: