നെയ്യാറ്റിന്‍കര: എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയില്‍ ഫെവിതയുടെ പഠനം വഴിമുട്ടുന്നു. ധനുവച്ചപുരം ഐടിഐയില്‍ ഒന്നാംവര്‍ഷം ഫിറ്റര്‍ ട്രേഡ് വിദ്യാര്‍ത്ഥിനിയായ ഫെവിതയുടെ പഠനമാണ് വഴിമുട്ടിയിരിക്കുന്നത്. പരശുവയ്ക്കല്‍ ചാമവിള പുത്തന്‍വീട്ടില്‍ കൂലിപ്പണിക്കാരനായ തങ്കരാജിന്റെ മകള്‍ ഫെവിത ഉയര്‍ന്ന ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം സാധിച്ചില്ല. അങ്ങിനെയാണ് എത്രയും വേഗം ഒരു തൊഴില്‍ കിട്ടുവാന്‍ ധനുവച്ചപുരം ഗവ. ഐടിഐയില്‍ ഫിറ്റര്‍ ട്രേഡില്‍ പഠനം ആരംഭിച്ചത്. പഠനം ആരംഭിച്ച നാള് തൊട്ട് ഐടിഐയിലെ എസ്എഫ്ഐ ഗുണ്ടകള്‍ ഫെവിതയെ പിന്തുടര്ന്നു.
ധനുവച്ചപുരം ഐടിയെയിലെ എസ്എഫ്ഐ സമരങ്ങളിലും പുറത്തു നടത്തുന്ന സമരങ്ങളിലും ഫെവിതയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മുമ്പില്‍ നിര്‍ത്തുക ഇവരുടെ സ്ഥിരം സ്വഭാവമായിരുന്നു. ഇക്കഴിഞ്ഞ 29ന് ധനുവച്ചപുരം ഐടിഐയില്‍ പ്രതിഷേധ സമരത്തില്‍ ഫെവിതയെ നിര്ബന്ധിച്ചിറക്കാന് നോക്കി. എന്നാല്‍ ഫെവിത എസ്എഫ്ഐ കാരുടെ തീരുമാനത്തെ എതിര്‍ത്തു. തുടര്‍ന്ന് ധനുവച്ചപുരം ഐടിഐയിലെ ഫിറ്റര്‍ ട്രേഡിലെ (സീനിയര്‍ വിഭാഗം) എസ്എഫ്ഐയുടെ പെണ്‍ഗുണ്ടകള്‍ അടങ്ങുന്ന നാലംഗ സംഘം കൊടിപിടിക്കാനും, മുദ്രാവാക്യം ഉറക്കെ മുഴക്കാനും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന ഫെവിത മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യത്തിനു ശക്തി പോരായെന്നു പറഞ്ഞ് അസഭ്യം പറയുകയും റാഗ് ചെയ്യുകയും ചെയ്തു.
തനിക്കുണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ നജീം, ഗോപിക, ശ്രീജ, ശരണ്യ എന്നിവര്‍ക്കെതിരെ ധനുവച്ചപുരം ഐടിഐ പ്രിന്‍സിപ്പലിന് പരാതി നല്കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാണിച്ച അതിക്രമങ്ങള്‍ക്ക് നടപടി സ്വീകരിക്കാതെ അവരുമായി കുശലം പറഞ്ഞ് നടക്കുകയാണ് പ്രിന്‍സിപ്പല്‍. കമ്മ്യൂണിസ്റ്റുകാരന് കുടപിടിക്കുന്ന ധനുവച്ചപുരം ഐടിഐയിലെ ചില അധ്യാപകരുടെ നേതൃത്വത്തില്‍ പരാതി പിന്‍വലിക്കാനുള്ള ശ്രമവും ആരംഭിച്ചു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയില്‍ പഠനം ഉപേക്ഷിക്കാന്‍ ഫെവിത തയ്യാറായി. ദിവസങ്ങളായി ക്ലാസില്‍ പോകാതായതോടെ രക്ഷിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്റെ മകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ തങ്കരാജ് മകള്‍ക്കൊപ്പം പാറശാല പോലീസില്‍ രേഖാമൂലം പരാതി നല്കി. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് അധികൃതര്‍ ഐടിഐയില്‍ നിന്നും നാലംഗ എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഫെവിത ഭയക്കുകയാണ്. ചില അധ്യാപകര്‍ക്കും എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പരാതി നല്കിയാല് വധിക്കുമെന്ന് ഭീഷണി മുഴക്കിയ ഗുണ്ടകളെ ഭയന്ന് ഫെവിതയുടെ പഠനം വഴിമുട്ടിയ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: