മലപ്പുറം: വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലാക്കി രണ്ടാംഘട്ട വോട്ടെടുപ്പില്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. മുസ്ലിം ലീഗുകാരാണ് സംഭവത്തിനു പിന്നിലെന്നാണ് വ്യാപകമായ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പന്‍തോല്‍വി ഭയന്ന അവര്‍ മൂന്നൂറിലേറെ ബൂത്തുകളിെല വോട്ടിങ് യന്ത്രങ്ങള്‍ കേടാക്കുകയായിരുന്നുവെന്നാണ് സംശയം. സംഭവത്തിനു പിന്നില്‍ അട്ടിമറിയ്ക്കുള്ള ആസൂത്രിത പദ്ധതിയുണ്ടെന്ന് സാങ്കേതിക വിദഗ്ദ്ധരും വിശദീകരിക്കുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തതാണ് ഇത്തരത്തിലുള്ള അട്ടിമറി. മുസ്ലിം ലീഗിന്റെ ചിഹ്നമായ കോണിയൊഴിച്ച് ഒരു ചിഹ്നത്തിലുമുള്ള ബട്ടണുകള്‍ അമര്‍ത്താന്‍ കഴിയാത്തവിധം മെഷീനുകള്‍ തകരാറിലാക്കി. അവ പശവച്ചും സെലോ ടേപ്പുകള്‍ ഒട്ടിച്ചും കടലാസ് തിരുകിയും പ്രവര്‍ത്തിക്കാതാക്കി. പലയിടങ്ങളിലും മൂന്നുമണിക്കൂര്‍ വരെ വോട്ടിങ് സ്തംഭിച്ചു. കോണ്‍ഗ്രസ്- മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന നടക്കുന്ന സ്ഥലങ്ങളിലാണ് വ്യാപകമായി യന്ത്രങ്ങള്‍ കേടായത്. ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, ചീക്കുഴി, വെട്ടം, ആനക്കയം, പാണ്ടിക്കാട്, ആലിപ്പറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, തവനൂര്‍, മാറഞ്ചേരി, കരുളായി, ചീക്കോട് ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലാണ് യന്ത്രത്തകരാര്‍ ആദ്യം കണ്ടെത്തിയത്.
പോളിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെഷീനുകള്‍ ഒന്നൊന്നായി തകരാറിലാകാന്‍ തുടങ്ങി. ഒരു ബൂത്തിലോ ഒരു പഞ്ചായത്തിലോ അല്ല, ജില്ലയില്‍ വ്യാപകമായി ഇത് സംഭവിച്ചു. മെഷീനിലെ ചില ബട്ടണുകള്‍ അമര്ത്താനാവാഞ്ഞതാണ് പ്രശ്നം. വ്യാപകമായി പരാതി ഉയര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് ജില്ലാ കളക്ടറോട് വിശദീകരണം തേടി. ജില്ലയിലെ 270 ബൂത്തുകളിലെ വോട്ടിങ് മെഷീനുകളാണ് തകരാറിലായത്.
വഴിക്കടവ് പഞ്ചായത്ത് മുതല്‍ തൃശ്ശൂര്‍ ജില്ലയുടെ അതിര്‍ത്തിവരെയുള്ള മുപ്പതോളം ബൂത്തുകളിലും സമാനമായ പ്രശ്നം കണ്ടെത്തി. അതിനിടെ, മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരില്‍ നാല് ബൂത്തുകളിലും റീ പോളിങ്ങിന് കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തുടര്‍നടപടി എന്തായിരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നിശ്ചയിക്കട്ടെയെന്നും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വന്അട്ടിമറിയാണ് നടന്നതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. ബാഹ്യ ഇടപെടല്‍ ഇല്ലാതെ ബട്ടന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാവില്ലെന്ന് കമ്മീഷനിലെ വിദഗ്ദ്ധര്‍ പറഞ്ഞു. പരിശോധനയില്‍ മെഷീനുകളില്‍ ചിലതില്‍ പശ തേച്ചതായും, സെല്ലോ ടേപ്പും കടലാസും ബട്ടണുകള്‍ക്കിടയില്‍ തിരുകി വെച്ചതായും കണ്ടെത്തി. ലീഗ് പരാജയഭീതി നേരിടുന്ന താനൂര്‍, തിരൂര്‍ മേഖലകളിലെ ബൂത്തിലാണ് വോട്ടിങ് മെഷീനില്‍ പശ തേച്ചതായി കണ്ടെത്തിയത്. ചുങ്കത്തറ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ വോട്ടിങ് മെഷീന് മൂന്ന് തവണ തകരാറിലായതിനെ തുടര്‍ന്ന് അവിടെ പോളിങ് വേണ്ടെന്ന് വെച്ചിരുന്നു.
യന്ത്രത്തിലെ ബട്ടണില്‍ അമര്‍ത്തുമ്പോഴാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബട്ടണില്‍ സൂപ്പര്‍ ഗ്ലൂവും ഫെവിക്യുക്കും പോലുള്ള പശ തേക്കുമ്പോള്‍ അത് വളരെ പെട്ടെന്ന് ഉണങ്ങി ബട്ടണ്‍ അമര്ത്താനാവാത്ത വിധം ഉറച്ചുപോകും. വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ കേള്‍ക്കേണ്ട നീണ്ട ബീപ് ശബ്ദം കേള്‍ക്കാതായി. അപ്പോഴാണ് തകരാര്‍ സംഭവിച്ചതായി മനസിലായത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്.
അതിനിടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും യന്ത്രം തകരാറായതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വന്അട്ടിമറിയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആവര്‍ത്തിക്കുമ്പോഴും ജില്ലാ കളക്ടര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. എത്ര മെഷീനുകള്‍ എവിടെയെല്ലാം കേടായെന്ന റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ പോലും കളക്ടര്‍ക്കായില്ല. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നയാളാണ് കളക്ടറെന്ന് നേരത്തെ മുതല്‍ ആരോപണവുമുണ്ട്.
രാവിലെ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് വാര്‍ത്തവന്നതോടെ മന്ത്രി മഞ്ഞളാംകുഴി അലി കളക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചക്ക് ശേഷം മന്ത്രിയും കളക്ടറും പറഞ്ഞത് പോളിങ് ഉടന്‍ പുനരാരംഭിക്കുമെന്നാണ്. പക്ഷേ ഇതിന് തൊട്ടുപിന്നാലെ മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് റീ-പോളിങ് നടത്തണമെന്ന ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാകട്ടെ വൈകിട്ട് 4.45 നും. 13 പഞ്ചായത്തുകളിലായ 105 ബൂത്തുകളില്‍ റീ-പോളിങ് നടത്തണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനിടെ ലീഗ് എംഎല്‍എമാര്‍ കളക്ട്രേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞവര്‍ വോട്ട് ചെയ്യാതെ മടങ്ങാന്‍ തുടങ്ങി. അതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചിലയിടങ്ങളില്‍ വാക്കേറ്റവുമുണ്ടായി.
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ അവരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് നേരത്തെ ചര്‍ച്ചയായിരുന്നു. അസാധാരണവും നാടകീയവുമായ മെഷീന് തകരാര്‍ അട്ടിമറിയാണെന്നും ഗൗരവമായ അന്വേഷണം നടത്തണമെന്നും ബിജെപിയും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍
ബാഹ്യ ഇടപെടല്‍;
തിരുവനന്തപുരം: മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് സംശയിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. യന്ത്രത്തകരാറുണ്ടായ 114 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ് നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ ബൂത്തുകളില്‍ റീപോളിംഗ് നടത്തേണ്ടി വരുന്നത്. വോട്ടിംഗ് ആരംഭിക്കുന്നതു വരെ യന്ത്രത്തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ ആവര്‍ത്തിച്ചു. യന്ത്രത്തകരാര്‍ മനപ്പൂര്‍വ്വമുള്ള അട്ടിമറിയാണെന്ന നിഗമനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷണറും വിരല്‍ചൂണ്ടുന്നത്.
മലപ്പുറത്ത് 105ഉം തൃശൂരില്‍ ഒന്‍പതും ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. ചാവക്കാട് മുതലുള്ള ബൂത്തുകളിലെ യന്ത്രങ്ങളിലാണു ക്രമക്കേട് കണ്ടെത്തിയത്. ഓരോ ബൂത്തിലും 10 മുതല്‍ 30 വരെ വോട്ടിട്ട ശേഷമാണു ക്രമക്കേട് കണ്ടെത്തിയത്. ഇസിഐഎല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് സംസ്ഥാനത്തേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് ഇവരും സ്ഥിരീകരിക്കുന്നു.
പ്രസ് എറര്‍ എന്നാണ് കൃത്രിമത്വത്തിന് സാങ്കേതിക വിശേഷണം. ഏതെങ്കിലും ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ പിന്നീടു റിലീസ് ചെയ്യാന്‍ കഴിയാതെ വരുന്നതാണ് ഇന്നലെ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍. യന്ത്രത്തില്‍ പശ ഒഴിക്കല്, പേപ്പര്‍ തിരുകല്‍, സെല്ലോ ടേപ്പ് ഒട്ടിക്കല്‍ എന്നിവയാണ് ഇതിനായി പ്രയോഗിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്തതരം അട്ടിമറിശ്രമമാണ് മലപ്പുറത്തും തൃശൂരിലുമുണ്ടായതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥിരീകരിച്ചു.
സംഭവത്തില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷന് വിശദീകരണം തേടി. ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് പ്രശ്നകാരണമെന്നാണ് മലപ്പുറം ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്റെ വിശദീകരണം. അവസാന നിമിഷംവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാവാകാനായിരുന്നു പല ഉദ്യോഗസ്ഥരുടെയും ശ്രമമെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ കളക്ടര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറിയതെന്നും സമയത്തിന് റിപ്പോര്‍ട്ടു നല്‍കിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കുറ്റപ്പെടുത്തി. എന്നാല്‍ കളക്ടറെ മാറ്റുന്നതടക്കമുള്ളവ ഇപ്പോള്‍ തീരുമാനിക്കാനാകില്ല. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. രാത്രി വൈകിയും മലപ്പുറത്തു നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതെല്ലാം ജില്ലാ ക്ളക്ടറുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: