ആലപ്പുഴ: പുന്നപ്ര വടക്ക് എട്ടാം വാര്‍ഡില്‍ താഴ്ചയില്‍ വീട്ടില്‍ നാഗപ്പച്ചെട്ടിയാരുടെയും ഓമനയുടെയും മകള്‍ ശ്യാമിലി വിവാഹപ്പന്തലില്‍ നിന്ന് ഇറങ്ങി നേരെ വലതുകാല്‍ വച്ച് കയറിയത് പോളിങ് ബൂത്തിലേക്ക്. ഫോര്‍ട്ട് കൊച്ചി മലയില്‍ വീട്ടില്‍ ജഗദീഷുമായുള്ള വിവാഹശേഷമാണ് ശ്യാമിലി വോട്ടുചെയ്യാനായി പറവൂര്‍ ഗവണ്‍മെല്‍് ഹൈസ്‌കൂളിലെത്തിയത്. ശ്യാമിലിക്ക് ശുഭമുഹൂര്‍ത്തത്തിന് ശേഷം വോട്ടവകാശം വിനിയോഗിക്കാനായതില്‍െ സംതൃപ്തി.
വിവാഹ ശേഷം ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നത് ഉച്ചയ്‌ക്ക് 1.20നായിരുന്നു. 1.20 ആയതോടെ വരന്‍ ജഗദീഷിന്റെ കൈപിടിച്ച് നേരെ ഇറങ്ങിയത് പോളിങ് ബൂത്തിലേക്ക്. വിവാഹ വേഷത്തില്‍ എത്തിയ വോട്ടറെക്കണ്ട് ബൂത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും വോട്ടുചെയ്യാനെത്തിയവര്‍ക്കും കൗതുകം. നേരത്തെ പറവൂര്‍ കമ്മ്യൂണിറ്റി ഹാളിലാണ് ശ്യാമിലിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അവിടം വോട്ടെടുപ്പ് കേന്ദ്രമായതോടെ അഞ്ജലി ഓഡിറ്റോറിയത്തിലേക്ക് വിവാഹം മാറ്റുകയായിരുന്നു. വോട്ട് ചെയ്ത ശേഷം ശ്യാമിലിയും ജഗദീഷും ഫോര്‍ട്ട് കൊച്ചിയിലേക്ക് മടങ്ങി.
ഇന്നലെ വിവാഹിതരായ തിരുനല്ലൂര്‍ കല്ലയില്‍ സത്യപ്രകാശും കിഴക്കേ കല്ലയില്‍ അഞ്ചുവും തിരുനല്ലൂര്‍ സ്‌കൂളിലെ മൂന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത് കൗതുകമായി. രണ്ട് പേരും വോട്ട് രേഖപ്പെടുത്തിയശേഷമാണ് സത്യപ്രകാശിന്റെ വീട്ടിലേക്ക് പോയത്. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇന്നലെ വിവാഹിതരായ മുട്ടത്തിപ്പറമ്പ് സുദര്‍ശനാലയത്തില്‍ സുനീഷും മരുത്തോര്‍വട്ടം പാലച്ചിറ സ്വാതിയും വിവാഹശേഷം നേരെ മരുത്തോര്‍വട്ടം സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തി. സുനീഷ് വോട്ട് രേഖപ്പെടുത്തിയശേഷം സ്വാതിയുടെ പോളിങ് ബൂത്തായ ചക്കരക്കുളം സ്‌കൂളിലെത്തി സ്വാതിയെക്കൊണ്ടും വോട്ട് ചെയ്യിച്ചശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.
















