കാസര്‍കോട്: വിദ്യാനഗര്‍ ഫീഡറില്‍ നിന്ന് വരുന്ന എച്ച്.ടി ലൈന്‍ വലിച്ചിരിക്കുന്ന വൈദ്യുതി തൂണ് തുരുമ്പെടുത്ത് അപകടാവസ്ഥയിലായി. നുള്ളിപ്പാടിയില്‍ ദേശിയ പാതയ്ക്കരികില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണ് അടിഭാഗം തുരുമ്പിച്ച് ഏതു നിമിഷവും നിലം പതിക്കാറായ നിലയില്‍ മാസങ്ങള്‍ കഴിഞ്ഞു. നുള്ളിപ്പാടി പെട്രോള്‍ പമ്പിനടുത്താണ് അപകട ഭീഷണി ഉയര്‍ത്തുന്ന തൂണ് സ്ഥിതിചെയ്യുന്നത്. നിരവധി തവണ ഈ അപകടാവസ്ഥ, നാട്ടുകാര്‍ കെ.എസ്.ഇ.ബി. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദേശീയ പാതയായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.
നഗരത്തിലേക്കുള്ള വൈദ്യുതിയെത്തുന്നത് ഈ ലൈനില്‍ കൂടിയാണ്. ഇരുമ്പ് തൂണ് ഉറപ്പിച്ചിരിക്കുന്ന സിമന്റ് തറ കാലപഴക്കത്താല്‍ ദ്രവിച്ചില്ലാതായി കഴിഞ്ഞു. തൂണാകട്ടെ തുരുമ്പ് പിടിച്ച് ഇടയില്‍ ദ്വാരം വീണ നിലയിലാണ്. ഇരുഭാഗത്തേക്കും പോകുന്ന വൈദ്യുതി കമ്പിയുടെ ബലത്തിലാണ് പോസ്റ്റ് ഇപ്പോള്‍ നില്‍ക്കുന്നത്. സമീപത്തുള്ള വന്‍വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞ് വൈദ്യുതി കമ്പിക്ക് മുകളില്‍ വീഴാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഇതിന് നൂറുമീറ്റര്‍ അകലെയുള്ള പോസ്റ്റ് നടുവൊടിഞ്ഞ് ഏതുനിമിഷവും പൊട്ടിവീഴാറായ നിലയിലാണ്. വൈദ്യുത ലൈന്‍ വലിച്ചിരിക്കുന്ന പ്രധാന പോസ്റ്റാണ് ഏതു നിമിഷവും വീഴാവുന്ന നിലയില്‍ ചരിഞ്ഞു നില്‍ക്കുന്നത്. കാസര്‍കോട് നഗരത്തിലേക്കുള്ള മുഴുവന്‍ വൈദ്യുത കണക്ഷനുകലും ഈ പോസ്റ്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വൈദ്യുത തൂണ് തിരക്കേറിയ ദേശീയ പാതയിലേക്കാണ് ചരിഞ്ഞുനില്‍ക്കുന്നത്. അപകടാവസ്ഥയിലായ് വൈദ്യൂതി തൂണിനടുത്തായി സ്വകാര്യ ആശുപത്രിയും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തുരുമ്പെടുത്ത് നില്ക്കുന്ന തൂണ് പകല്‍ സമയങ്ങളിലാണ് പൊട്ടിവീഴുന്നതെങ്കില് വന്‍ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് പരിസരവാസികള്‍ പറഞ്ഞു.
നുള്ളിപ്പാടി ദേശിയ പാതയില്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലായ വൈദ്യുത തൂണും, കെയര്‍വെല്‍ ആശുപത്രിക്ക് സമീപം ദേശിയപാതയില്‍ നടുവൊടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായ തൂണും
പ്രതികരിക്കാൻ ഇവിടെ എഴുതുക: