രാജ്യത്ത് ‘വളര്‍ന്നുവരുന്ന അസഹിഷ്ണുത’യോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യഅക്കാദമിയിലെയും മറ്റും പദവികള്‍ രാജിവയ്ക്കുകയും അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്ത എല്ലാവരുടെയും തനിനിറം കവി സച്ചിദാനന്ദന്റെ ഒരൊറ്റ നടപടിയില്‍നിന്ന് വ്യക്തമാവും. മനുഷ്യവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായംകൊണ്ട് പ്രവര്‍ത്തിക്കുന്ന സിംലയിലെ ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്’ നല്കുന്ന ഫെല്ലോഷിപ്പ് സ്വീകരിച്ച ശേഷമാണ് സച്ചിദാനന്ദന് കേന്ദ്രസര്‍ക്കാരിനോട് വിയോജിച്ച് സാഹിത്യ അക്കാദമിയിലെ സ്ഥാനങ്ങള്‍ രാജിവച്ചത്. തന്നെപ്പോലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാനില്ലാത്തതുകൊണ്ടാണ് മറ്റുള്ളവര്‍ പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതെന്ന് പറഞ്ഞ് തന്റെ നടപടി ഒരു മഹാത്യാഗമാണെന്ന് വരുത്തിത്തീര്‍ക്കുന്ന സച്ചിദാനന്ദന് കാപട്യത്തിന്റെ ഭീകരമുഖമാണ് പ്രകടിപ്പിക്കുന്നത്. അക്കാദമികമായും സാമ്പത്തികമായും രാഷ്ട്രീയമായിപ്പോലും തന്റെ നില ഭദ്രമാക്കിയശേഷമാണ് സച്ചിദാനന്ദന് ഇത്ര നിര്‍ലജ്ജമായി ആദര്‍ശം പ്രസംഗിക്കുന്നത്.
സിംല ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് സ്വീകരിച്ചതിലെ ഇരട്ടത്താപ്പ് എഴുത്തുകാരന് ടി.പി.രാജീവന് ചൂണ്ടിക്കാണിച്ചപ്പോള്‍ അതില്‍ ഇത്ര വിമര്‍ശിക്കാനെന്തിരിക്കുന്നു എന്ന മട്ടിലാണ് സച്ചിദാനന്ദന് പ്രതികരിച്ചത്. ”അന്തരീക്ഷം അനുകൂലമല്ലെങ്കില്‍ തിരിച്ചുപോരുമെന്നും വ്യക്തമാക്കിയാണ് ഞാന്‍ അത് സ്വീകരിച്ചത് ”എന്നാണ് സച്ചിദാനന്ദന് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം തൊടുന്യായങ്ങളുടെ ബലത്തിലാണ് നീണ്ട 23 വര്‍ഷം കേന്ദ്രസാഹിത്യ അക്കാദമിയില്‍ സച്ചിദാനന്ദന് അടയിരുന്നത്. ഒടുവില്‍ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം അവശേഷിക്കുമ്പോഴാണ് അത്രയും കാലദൈര്‍ഘ്യമുള്ള മറ്റൊരു പദവി നേടിയെടുത്തശേഷം സച്ചിദാനന്ദന് മഹാത്യാഗത്തിന് മുതിര്‍ന്നത്. ഇനി മോദി ഭരണത്തിന് കീഴില്‍ ആകാശം ഇടിഞ്ഞുവീണാലും സച്ചി സിംല ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് ഉപേക്ഷിക്കില്ല.
അഥവാ ഉപേക്ഷിക്കണമെങ്കില്‍ ഇതിനെക്കാള്‍ വലിയൊരു ലാവണം ലഭിക്കണം. സാഹിത്യ-സാംസ്കാരിക രംഗത്തെ ലാവണങ്ങള്‍ മണത്തുകണ്ടുപിടിക്കാന്‍ സവിശേഷമായ കഴിവുള്ള ഒരു ജീവിവര്ഗത്തില്പ്പെടുന്നു സച്ചിദാനന്ദനും. സച്ചിദാനന്ദന്റെ നികൃഷ്ടമായ പെരുമാറ്റത്തോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് സാറാ ജോസഫ്. ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍!
ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരെ ആക്രമണം നടക്കുന്നതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സ്വതന്ത്രചിന്തകര്‍ കൊലചെയ്യപ്പെടുന്നതാണ് അക്കാദമിയുടെ പദവികള്‍ രാജിവയ്ക്കാന്‍ സച്ചിദാനന്ദന് കണ്ടെത്തിയ കാരണം. അസഹിഷ്ണുത തനിക്ക് സഹിക്കാനാവില്ലെന്ന് ചുരുക്കം.
എന്നാല്‍ തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ.ജോസഫിന്റെ വലതുകൈ മുസ്ലിം ഭീകരവാദികള്‍ വെട്ടിയെടുത്ത സംഭവത്തോടുള്ള പ്രതികരണം തേടിയപ്പോള്‍ ഇതേ സച്ചിദാനന്ദന് പറഞ്ഞത് ഇങ്ങനെയായിരുന്നു: ”എന്താണ് വിവാദാസ്പദമായ സംഭവത്തിന്റെ ഉറവിടം, എങ്ങനെ അത് പുസ്തകത്തിന്റെ ഭാഗമായി, അത് എങ്ങനെ ഒരു ചോദ്യപേപ്പറില്‍ സ്ഥാനംപിടിച്ചു എന്നൊക്കെയുള്ള മുഴുവന്‍ സന്ദര്‍ഭത്തെയും കുറിച്ച് പഠിക്കാതെ എനിക്ക് പ്രതികരിക്കാനാവില്ല.” സച്ചിദാനന്ദന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് ഇടതുപക്ഷ ബുദ്ധിജീവികളായി കഴിഞ്ഞുകൂടുന്ന എല്ലാവരുടെയും, അസഹിഷ്ണുതയോടും ആവിഷ്കാരസ്വാതന്ത്ര്യ നിഷേധത്തോടുമുള്ള അവസരവാദപരവും രാഷ്ട്രീയപ്രേരിതവും സ്വാര്‍ത്ഥപൂര്‍ണവുമായ നയനിലപാടാണിത്. മോദി ഭരണത്തിന് കീഴില്‍ ‘ഉയരുന്ന അസഹിഷ്ണുത’യില്‍ ‘മനംനൊന്ത്’ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ ചിലരുടെ തനിനിറം കാണുക:
ഉദയ്പ്രകാശ്- ഒരു ‘ജെഎന്‍യു ഉല്‍പ്പന്നം.’ ഇപ്പോള്‍ സിപിഎമ്മുകാരനായ മുന്‍ സിപിഐക്കാരന്. 2010 ല്‍ തനിക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡാണ് ഉദയ്പ്രകാശ് തിരിച്ചുനല്‍കിയത്. 2006-ല്‍ അരുന്ധതി റോയ് അക്കാദമി അവാര്‍ഡ് നിരസിച്ചപ്പോള്‍ ആ നടപടിയെ പിന്തുണച്ചും അക്കാദമിയെ അതിരൂക്ഷമായി വിമര്‍ശിച്ചും ഉദയ് പ്രകാശ് പറഞ്ഞത് ഇങ്ങനെ: ”അക്കാദമി സ്വയംഭരണ സ്ഥാപനമാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ദല്ലാളുകളുടേയും ഒത്തുതീര്പ്പുകാരുടേയും വ്യക്തിപരമായ നേട്ടങ്ങള്‍, അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവയ്ക്കായി പണംകൊള്ളചെയ്യുന്നവരുടെയും കൂടാരം ആണത്.” കൊടിലുകൊണ്ടുപോലും തൊടനറക്കുന്ന ഇതേ സ്ഥാപനത്തില്‍നിന്നാണ് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഉദയ്പ്രകാശ് അനുസരണയോടെ അവാര്‍ഡ് സ്വീകരിച്ചത്!
നയന്‍താര സാഗള്‍ -ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരീപുത്രി. 1986 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങി. എന്നാല്‍ ഇതിന് രണ്ട് വര്‍ഷ് മുമ്പാണ് 1984 ല്‍ ആയിരക്കണക്കിന് സിഖുകാരെ ദല്‍ഹിയില്‍ കോണ്‍ഗ്രസുകാര്‍ കൂട്ടക്കൊല ചെയ്തത്. വന്മരം വീണാല്‍ ഭൂമി കുലുങ്ങുമെന്ന് പറഞ്ഞ് ഈ കൂട്ടക്കൊലയെ ന്യായീകരിച്ച രാജീവ് ഗാന്ധിയുടെ കയ്യില്‍നിന്നാണ് നയന്‍താര അവാര്‍ഡ് വാങ്ങിയത്. ഇതിന് അസഹിഷ്ണുത ഒരു പ്രശ്നമേ ആയില്ല.
കാശിനാഥ് സിങ്- 2011 ലാണ് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് വാങ്ങിയത്. 2013 ല്‍ 63 പേര് കൊലചെയ്യപ്പെട്ട മുസാഫര്‍ നഗര്‍ കലാപത്തിന് മൂകസാക്ഷിയായിരുന്ന യുപി മുഖ്യമന്ത്രി അഖിലേഷ് യാദവില്‍നിന്ന് 2015 സപ്തംബറില്‍ യാതൊരു മടിയും കൂടാതെ കാശിനാഥ് ‘ഭാരത് ഭാരതി’ അവാര്‍ഡ് വാങ്ങുകയുണ്ടായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്തിയവരില്‍ ഒരാളാണ് ഈ കാശിനാഥ്. സുഹൃത്തുക്കളായ എഴുത്തുകാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് താന്‍ മോദി വിരുദ്ധനായതെന്നും കാശിനാഥ് വെളിപ്പെടുത്തുകയുണ്ടായി.
സയ്യദ് മുനവറലി റാണ-ഗസലിന്റെയും കവിതകളുടെയും സമാഹാരമായ ‘ഷെഹ്ദാബ’യ്ക്ക് 2014 ല്‍ മോദി ഭരണത്തിന് കീഴിലാണ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഇതിലൊരു കവിത സോണിയാ ഗാന്ധിയെ സ്തുതിക്കുന്നതാണ്. ഇത് എഴുതിയതാകട്ടെ സോണിയയ്ക്ക് പ്രധാനമന്ത്രി പദം നിഷേധിക്കപ്പെട്ട സങ്കടത്തില്‍നിന്നും. സോണിയയുടെ മഹാത്യാഗം കാണാതെയാണ് അവരെ വിദേശിയെന്ന് മുദ്രകുത്തുന്നതെന്ന് റാണ കവിതയില്‍ പരിതപിക്കുന്നുമുണ്ട്. സോണിയ പറഞ്ഞാല്‍ എങ്ങനെ ഇയാള്‍ അവാര്‍ഡ് മടക്കാതിരിക്കും?
അശോക് വാജ്പേയി-1994 ലാണ് അശോക് വാജ്പേയിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ‘സാഹിത്യ മാഫിയ’ എന്ന ശീര്‍ഷകത്തില്‍ ‘ഔട്ട്ലുക്ക്’ മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”അര്ജുന് സിംഗിന്റെ രക്ഷാകര്‍തൃത്വമുണ്ടായിരുന്ന വാജ്പേയി അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായ 1980 കളില്‍ സാംസ്കാരിക സെക്രട്ടറിയായി.” വെറും ‘അധികാര ദല്ലാള്‍’ മാത്രമെന്ന് ഇപ്പോഴത്തെ ‘അവാര്‍ഡ് വാപ്സി’കളില്‍ ഒരാള്‍തന്നെയായ ഉദയ്പ്രകാശ് വിമര്‍ശിക്കുന്ന അശോക് വാജ്പേയിയും 2014 ല്‍ മോദിക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയവരില്‍പ്പെടുന്നു.
അജ്മീര്‍ ഔലഖ്, അതാംജിത് സിങ്-ഇരുവരും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശോക് വാജ്പേയിയെപ്പോലെ മോദിവിരുദ്ധ പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍.
വിക്രംസേത്- ‘സ്യൂട്ടബിള്‍ ബോയ്’ എന്ന നോവലിന്റെ രചയിതാവ്. അവാര്‍ഡുകളൊന്നും മടക്കിക്കൊടുത്തിട്ടില്ലെങ്കിലും ‘അവാര്‍ഡ് വാപ്സി’മാര്‍ക്കൊപ്പം ചേര്‍ന്ന് സമരം ചെയ്യുമെന്നാണ് സേത് ഭീഷണിമുഴക്കിയിരിക്കുന്നത്. 1984 ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറില്നിന്ന് ‘പ്രവാസി ഭാരതീയ പുരസ്കാരം’ വാങ്ങാന്‍ യാതൊരു മടിയും കാണിക്കാതിരുന്നയാളാണ് സോണിയയുടെ പാര്‍ട്ടിയുടെ ഈ സ്യൂട്ടബിള്‍ ബോയ്.
അവാര്‍ഡ് മടക്കിയവരില്‍ മറ്റൊരാളാണ് ‘ഖോസ്ല കാ ഗോസ്ല’ എന്ന ഹിന്ദിസിനിമയുടെ സംവിധായകനായ ദിവാകര്‍ ബാനര്‍ജി. എന്നാല്‍ അവാര്‍ഡ് ലഭിച്ചത് സംവിധാനത്തിനല്ലെന്നും നല്ല ചിത്രത്തിനാണെന്നും വ്യക്തമാക്കി നിര്‍മാതാവ് സവിതാരാജ് ഹിരേമത് രംഗത്തുവന്നതോടെ കള്ളിവെളിച്ചത്തായി. സവിതയോട് സൂചിപ്പിക്കുകപോലും ചെയ്യാതെയാണ് ബാനര്‍ജി അവാര്‍ഡ് മടക്കിയത്. എന്നാല്‍ ഇതേ ബാനര്‍ജി താന്‍ സംവിധാനം ചെയ്ത ‘ഒയെ ലക്കി ലക്കി ഒയെ’ എന്ന സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് തിരിച്ചുനല്‍കുന്നില്ല. കാരണം സിഡ്നി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അവാര്‍ഡ് മടക്കിയാല്‍ കളിമാറും. ചുളുവിന് പ്രശസ്തി നേടാനും രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനുമാണ് അവാര്‍ഡുകള്‍ മടക്കി നല്കി ചിലര്‍ ശ്രമിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: