മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ജയത്തോടെ മുന്‍ ചാമ്പ്യന്‍ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. കരുത്തരുടെ അങ്കത്തില്‍ പാരീസ് സെന്റ് ജര്‍മനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി റയല്‍. 404 മിനിറ്റിനു ശേഷം ഗോള്‍ കണ്ടെത്തിയ സൂപ്പര്‍ താരം വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ സജീവമാക്കി. സിഎസ്കെഎ മോസ്കോയെയാണ് യുണൈറ്റഡ് മറികടന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയും നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. അതേസമയം, കരുത്തരായ യുവന്റസ്, അത്ലറ്റികോ മാഡ്രിഡ് ടീമുകള്‍ക്ക് സമനില.
ഗ്രൂപ്പ് എയില്‍ സൂപ്പര്‍ താരങ്ങള്‍ അമ്പേ നിരാശപ്പെടുത്തിയ മത്സരത്തിലാണ് റയല്‍ നേരിയ വിജയവുമായി രക്ഷപ്പെട്ടത്. 35ാം മിനിറ്റില്‍ നാച്ചോ മാഡ്രിഡ് ടീമിനായി സ്കോര്‍ ചെയ്തു. പോസ്റ്റിനു സമാന്തരമായി ഇടതു പാര്‍ശ്വത്തില്‍നിന്ന് നാച്ചോ തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. നാലു കളികളില്‍ 10 പോയിന്റോടെയാണ് റയല്‍ നോക്കൗട്ട് ഉറപ്പിച്ചത്. ഏഴു പോയിന്റുള്ള പാരീസ് സെന്റ് ജര്‍മനും ഏറെക്കുറെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇനിയുള്ള കളികള്‍ തോല്‍ക്കാതിരുന്നാല്‍ പിഎസ്ജി മുന്നേറും. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഷാക്തര്‍ ഡോണെറ്റ്ക്സ് എതിരില്ലാത്ത നാലു ഗോളിന് മാല്‍മോയെ കീഴടക്കി. ഇതോടെ രണ്ടു ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ഷാക്തര്‍ മൂന്നാമത്.
ഗ്രൂപ്പ് ബിയില്‍ ഗോള്വഴിയിലേക്കു മടങ്ങിവന്ന സൂപ്പര്‍ താരം വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ജയത്തിലേക്കു നയിച്ചു. സമനിലയിലേക്കെന്നു കരുതിയ മത്സരത്തില്‍ 79ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സിഎസ്കെഎ മോസ്കോയുടെ വലയില്‍ റൂണി പന്തെത്തിച്ചത്. ഏഴു പോയിന്റോടെ യുണൈറ്റഡ് ഒന്നാം സ്ഥാനത്തേക്കു കയറി പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. സ്വന്തം മൈതാനത്ത് പിഎസ്വി ഐന്തോവന് 2-0ന് വോള്‍ഫ്സ്ബര്‍ഗിനെ കീഴടക്കി. ജയത്തോടെ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി പിഎസ്വി. വോള്‍ഫ്സ്ബര്‍ഗിനും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരിയില്‍ മൂന്നാമത്.
ഗ്രൂപ്പ് സിയില്‍ അസ്താനയാണ് അത്ലറ്റികോ മാഡ്രിഡിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയത്. ഏഴു പോയിന്റുമായി രണ്ടാമതാണ് അത്ലറ്റികോ. രണ്ടു പോയിന്റുള്ള അസ്താന അവസാന സ്ഥാനത്ത്. അതേസമയം, ഗളത്സരെയെ 2-1ന് മറികടന്ന് ബെനഫിക്ക ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. ബെനഫിക്കയ്ക്ക് ഒമ്പത് പോയിന്റുണ്ട്. നാലു പോയിന്റുള്ള ഗളത്സരെ മൂന്നാമത്.
ഗ്രൂപ്പ് ഡിയില്‍ സെവിയ്യയെ 3-1ന് തുരത്തി ഒന്നാം സ്ഥാനത്തേക്കു കയറി മാഞ്ചസ്റ്റര്‍ സിറ്റി. സിറ്റിക്ക് ഒമ്പത് പോയിന്റായി. ജയിച്ചിരുന്നുവെങ്കില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിക്കാമായിരുന്ന നിലവിലെ രണ്ടാം സ്ഥാനക്കാര്‍ യുവന്റസിനെ ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക് തളച്ചു (1-1). മധ്യനിരക്കാരന് ഹെര്നെയ്ന്സ് രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് ജയം നേടാന്‍ ഇറ്റാലിയന്‍ ടീമിന് തടസമായി. എട്ടു പോയിന്റുമായി യുവന്റസ് രണ്ടാമതുണ്ട്. സെവിയ്യയ്ക്ക് മൂന്നും, ബൊറൂസിയയ്ക്ക് രണ്ടു പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: