ആലപ്പുഴ: അപാകതകള്‍ നിറഞ്ഞ വോട്ടര്‍പട്ടിക കുടുംബാംഗങ്ങളെ തന്നെ വേര്‍പെടുത്തി. ഒരേ വീട്ടില്‍ താമസിക്കുന്ന ഭാര്യക്കും ഭര്‍ത്താവിനും രണ്ട് വാര്‍ഡുകളിലായി വോട്ട് ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ചാത്തനാട് വാര്‍ഡിലെ കല്ലേലി ശ്രീകലയില്‍ താമസിക്കുന്ന ചേര്‍ത്തല കോടതി ജീവനക്കാരന്‍ സുധാകരന്‍, ഭാര്യ അമ്പിളി എന്നിവരുടെ പേരുകള്‍ നഗരസഭയുടെ വോട്ടര്‍പട്ടികയില്‍ രണ്ട് വാര്‍ഡുകളിലായാണ് കിടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ ഇരുവരും ഒരേ ബൂത്തില്‍ ഒരേ മണ്ഡലത്തിലെ സ്ഥാനര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തിയെങ്കില്‍ ഇക്കുറി രണ്ട് ബൂത്തുകളിലായി രണ്ട് വ്യത്യസ്ത വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ട സ്ഥിതിയിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളാരും വോട്ട് ചോദിച്ചെത്തിയില്ലെങ്കിലും അവസാന ദിവസം ഒരു വനിതാ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇരുവരും വോട്ട് ചെയ്യാന്‍ വെവ്വേറെ ബൂത്തിലെത്തണമെന്ന കാര്യമറിയുന്നത്. ഏതായാലും വോട്ടര്‍പട്ടികയില്‍ പേരുണ്ടായതില്‍ ആശ്വാസം കൊള്ളുകയാണ് ഈ ദമ്പതികള്‍. സക്കരിയ്യാ വാര്‍ഡ് പുളിമൂട്ടില്‍ സലീമിന് ഇക്കുറി വോട്ട് ചെയ്യാന്‍ കഴിയില്ല.
കഴിഞ്ഞ തവണ വരെ കൃത്യമായി വോട്ട് രേഖപ്പെടുത്തിയ ആലപ്പുഴ എല്‍ എ എന്‍ എച്ച് യുഡിക്ലാര്‍ക്കായ സലീം പുളിമൂട്ടിലിന്റെ പേര് നഗരസഭാ വോട്ടര്‍പട്ടികയില്‍ ഇല്ല.ഇതിനു മുമ്പൊന്നും ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന കാര്യം നേരത്തെ പരിശോധിച്ചിരുന്നില്ലെന്ന് സലീംപുളിമൂട്ടില്‍ പറഞ്ഞു.
















