കൂത്തുപറമ്പ്: കൂത്തുപറമ്പ് ശങ്കരനെല്ലൂരില്‍ സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. അക്രമത്തില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും തല്ലിത്തകര്‍ത്തു. വീടിനകത്തുള്ള സാധന സാമഗ്രികള്‍ മുഴുവനായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് അക്രമം നടന്നത്. ബിജെപി ശങ്കരനെല്ലൂര്‍ ബൂത്ത് പ്രസിഡണ്ട് പി.എം.പ്രഭാകരന്, ആര്‍എസ്എസ് മുന്‍ താലൂക്ക് സഹകാര്യവാഹ് സി.ആര്.സത്യേഷ് എന്നിവരുടെ വീടുകളാണ് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തത്.
പ്രഭാകരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സിപിഎം സംഘം വീടിനകത്തെ ടിവിയും ഫ്രിഡ്ജും ഉള്‍പ്പടെ മുഴുവന്‍ സാധനങ്ങളും അടിച്ച് തകര്‍ത്തു. ബോംബെറിയുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. വിടിന് പുറത്തെ ബള്‍ബുകള്‍ മുഴുവന്‍ ആദ്യംതന്നെ തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്നാണ് വീട്ടിനകത്ത് കയറിയത്. വീട്ടിനകത്തെ ഷെല്‍ഫ് തകര്‍ത്ത് സ്വര്‍ണവും പണവും അക്രമികള്‍ എടുത്തുകൊണ്ട് പോയി. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് ആയിരുന്ന സത്യേഷിന്റെ വീടിന് നേരെ നേരത്തെയും നിരവധി അക്രമങ്ങള്‍ നടന്നിരുന്നു. ഇന്നലെ സത്യേഷിന്റെ വീടിന് നേരെ സിപിഎം സംഘം ഒന്നിലധികെ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകള്‍ എറിഞ്ഞിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വീടിന്റെ മുന്‍വശത്തുള്ള ഗ്രില്ല് തകര്‍ക്കാന്‍ അക്രമികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍ സത്യേഷും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രദേശത്തെ ബിജെപി അനുഭാവിയായ പുരുഷുവിന്റെ വീടും അക്രമികള്‍ ബോംബെറിഞ്ഞ് തകര്‍ത്തു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായി അടിച്ച് തകര്‍ത്തു. ബിജെപി അനുഭാവി മോഹനന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ വീടിനകത്തെ സാധ സാമഗ്രികള്‍ മുഴുവനായും തകര്‍ത്തു. വീടിന്റെ ജനലുകളും വാതിലുകളും മുഴുവന്‍ തല്ലിത്തകര്‍ത്ത നിലയിലാണ്.
കിണറ്റിന്റവിട പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്ത്തകന് വിജേഷിന്റെ ഫര്‍ണിച്ചര്‍ കട തകര്‍ത്തു. തുടര്‍ന്ന് ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സജീവനെ അക്രമിച്ച് പരിക്കേല്പിക്കുകയും ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്തു. സമാധാനം നിലനില്‍ക്കുന്ന ശങ്കരനെല്ലൂരും പരിസരപ്രദേശങ്ങളിലും യാതൊരു പ്രകോപനവുമില്ലാതെ സിപിഎം ക്രിമിനല്‍ സംഘം നടത്തിയ അക്രമം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഏകപക്ഷീയമായ അക്രമത്തില്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരിലും ശക്തമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സിപിഎം ക്രിമിനലുകളായ പന്നി ബാബു, വടവതി രാഘവന്, രമേഷ് ബാബു, പുതുക്കുടി വിനോദന്‍, അനീഷ്, പുളിയുള്ളതില്‍ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, മോഹനന് മാനന്തേരി, വിജയന് വട്ടിപ്രം, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, എ.പി.പുരുഷോത്തമന്, കെ.ബി.പ്രജില്‍, ബിജു ഏളക്കുഴി, എ.പി.അരുണ്‍ തുടങ്ങിയവര്‍ സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: