ന്യൂദൽഹി: ഭൂമി തട്ടിപ്പ് കേസിൽ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയ്ക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയ കുറ്റത്തിന് കേസിൽ പ്രതിയാക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേംകയ്ക്കെതിരായ കുറ്റപത്രം ഹരിയാന സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി മനോഹർലാൽ കട്ടാറിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
വാദ്രയും ഡിഎൽഎഫും തമ്മിലുള്ള ഭൂമിയിടപാട് അസാധുവാക്കിയ അശോക് ഖേംകയുടെ ഉത്തരവിനെതിരെയായിരുന്നു അന്നത്തെ കോൺഗ്രസ് സർക്കാർ പ്രതികാരനടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദർസിങ് ഹൂഡയുടെ നിർദ്ദേശ പ്രകാരമാണ് 2013 ഡിസംബറിൽ ഖേംകയ്ക്ക് നോട്ടീസ് ലഭിച്ചത്. എന്നാൽ സോണിയാഗാന്ധിയുടെ മരുമകനെതിരെ നടപടി സ്വീകരിച്ചതിനെതിരായ സർക്കാർ നിലപാട് പിൻവലിക്കുമെന്ന് ബിജെപി അധികാരത്തിലെത്തിയ ഉടൻ തന്നെ അറിയിച്ചിരുന്നതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖേംകയെ വകുപ്പുതല നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിവാക്കി.
മൂന്നരക്കോടി രൂപയുടെ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് മറിച്ചു വിറ്റ കേസിലാണ് ഖേംക വാദ്രയ്ക്കും സംഘത്തിനുമെതിരെ നടപടി എടുത്തത്. വാദ്രയുടെ വ്യക്തിത്വത്തിന് മുറിവേൽപ്പിച്ചു എന്നാരോപിച്ചായിരുന്നു ഹരിയാനയിലെ കോൺഗ്രസ് സർക്കാർ ഖേംകയ്ക്കെതിരെ വകുപ്പുതല നടപടികളുമായി മുന്നോട്ടുപോയത്.
അതിനിടെ റോബർട്ട് വാദ്രയ്ക്കെതിരായ നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ച കേസിൽ വാദ്രയുടെ ദൽഹി ആസ്ഥാനമായ കമ്പനിയിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് വാദ്രയുടെ സ്ഥാപനത്തിൽ റെയ്ഡിനെത്തിയത്. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്നാണ് ലഭിക്കുന്ന വിവരം. രേഖകളും കംപ്യൂട്ടറുകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: