ന്യൂദല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് നാല് മലയാള ചിത്രങ്ങളടക്കം കേരളത്തില്‍ നിന്ന് ആറ് സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജയരാജിന്റെ ഒറ്റാല്, ബഷ് മുഹമ്മദിന്റെ ലുക്കാച്ചുപ്പി, ഡോക്ടര്‍ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, സിദ്ദാര്‍ത്ഥ് ശിവയുടെ ഐന്‍ എന്നിവയാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍. ഹ്രസ്വ ചിത്ര വിഭാഗത്തില്‍ ആശാ അച്ചി ജോസഫിന്റെ ഒരേ ഉടലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പനോരമ ജൂറിയില്‍ സംവിധായകന് മേജര്‍ രവിയും അംഗമായിരുന്നു.
ഐഎഫ്എഫ്ഐ ലോക സിനിമാ വിഭാഗത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള 187 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ന്യൂദല്‍ഹി: 46-മത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള 187 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ഫീച്ചര്‍ ചിത്രങ്ങളും 21 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്യു ബ്രൗണിന്റെ ‘ദ് മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആണ് ഉദ്ഘാടന ചിത്രം. ഭാരത ഗണിതശാസ്ത്രജ്ഞന് രാമാനുജനും പ്രഫസര്‍ ജി. എച്ച്. ഹാര്‍ഡിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അനില്‍ കപൂറാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.
രാജ്യാന്തര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്മാന് ശേഖര്‍ കപൂറാണ്. മിഖായേല്‍ റാഡ്ഫോര്‍ഡ്, ജൂലിയ ജെന്സ്ച്ച്, സുഹാ അറാഫ്, ജിയോണ്‍ ക്യു ഹ്വാന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. 13 അംഗ ഫീച്ചര്‍ ജൂറിയുടെ തലവന്‍ അരിബം ശ്യാം ശര്‍മ്മയും ഏഴംഗ നോണ്‍ ഫീച്ചര്‍ ജൂറിയുടെ ചെയര്മാന് രാജേന്ദ്ര ജംഗ്ലേയുമാണ്. സ്പെയിനാണ് ഈ വര്‍ഷത്തെ ഫോക്കസ് രാഷ്ട്രം.
ഫോക്കസ് രാജ്യ വിഭാഗത്തില്‍ സ്പാനിഷ് സംവിധായകരായ കാര്‍ലോസ് സോറ, പെഡ്രോ അല്മാദോവര്, അലെഞ്ചാഡ്രോ അമെനാബര് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സ്പാനിഷ് നടി ലെറ്റീഷ്യ ഡൊലേറ ആദ്യമായി സംവിധാനം ചെയ്ത ‘റിക്വയര്‍മെന്റ്സ് ടു ബി എ നോര്‍മല്‍ പേര്‍സണ്‍’ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്ഐ രാജ്യാന്തര മത്സരവിഭാഗത്തില്‍ ലോകമെമ്പാടും നിന്നുള്ള 15 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചലച്ചിത്ര പുനര്‍നിര്‍മ്മാണം എന്ന ആശയത്തെ അടയാളപ്പെടുത്തുന്നതിന് ഇത്തവണ ലോക സിനിമാ പുനര്‍നിര്‍മ്മിത ക്ലാസിക്സ് എന്നൊരു വിഭാഗം കൂടി ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മേഖലയിലെ നവ പ്രതിഭകളെ അംഗീകരിക്കുന്നതിന് ഫസ്റ്റ് കട്ട് എന്നൊരു വിഭാഗവും പുതുതായി ഉള്‍പ്പെടുത്തി. 2015ല്‍ പുതുമുഖ സംവിധായകര്‍ അണിയിച്ചൊരുക്കിയ മികച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ബ്രയന്‍ പെര്‍കിന്‍സ്(ചിത്രം: ഗോള്‍ഡന്‍ കിങ്ഡം), മിഖായേല്‍ ക്ലെറ്റെ(ചിത്രം: സോള്‍നസ്) തുടങ്ങിയ പ്രമുഖ പുതുമുഖ സംവിധായകര്‍ ഈ വിഭാഗത്തില്‍ അണിനിരക്കും.
ഓസ്കര് അക്കാദമിയുമായി ചേര്‍ന്ന് സിനിമാ നിര്‍മ്മാണത്തിലെ നൈപുണ്യ വികസനത്തിന് സൗണ്ട് ഡിസൈന്‍, ഫിലിം ആര്‍ക്കൈവ്, ഫിലിം എഡിറ്റിങ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
പാരീസിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫിലിം, ടെലിവിഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ കമ്മ്യൂണിക്കേഷനും യുണെസ്കോയുമായി ചേര്‍ന്ന് ഐസിഎഫ്ടി-യുണെസ്കോ ഫെല്ലിനി പ്രൈസ് എന്ന പേരില്‍ പ്രത്യേക പുരസ്ക്കാരവും ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിനിമാ ലോകത്തെ ഒരു ആഗോള ബ്രാന്‍ഡായി ഐഎഫ്എഫ്ഐ മാറിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ചലച്ചിത്ര മേളയുടെ പോസ്റ്ററും അരുണ്‍ ജെയ്റ്റ്ലി പ്രകാശനം ചെയ്തു. വകുപ്പ് സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡ്, ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സുനില്‍ അരോറ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: