കണ്ണൂര്‍: എംപി ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ ജില്ല പിന്നില്‍. ജില്ലാ കലക്ടറേയും ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തി പി.കെ.ശ്രീമതി എംപി രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം പി.കെ.ശ്രീമതി എംപി കേവലം 4.29 ശതമാനം മാത്രമാണ് എംപി ഫണ്ട് ചെലവഴിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റ് വിഭാഗം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല രാജ്യത്തെ 543 എംപിമാരില്‍ എം.പി.ഫണ്ട് ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പിറകിലാണ് കണ്ണൂര്‍ എംപിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന എംപി സ്വന്തമായി ലഭിച്ച ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിച്ചില്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിവിധ കോണുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിന് തടയിടാനാണ് താനല്ല ഉത്തരവാദിയെന്നും ജില്ലാ കലക്ടറുള്‍പ്പെടെയുളള ഭരണ പദ്ധതി നിര്‍വ്വണ ഉദ്യോഗസ്ഥരാണ് യഥാസമയം ഫണ്ട് വിനിയോഗിക്കാത്തതിന് ഉത്തരവാദിയെന്ന വാദവുമായി എംപിക്ക് പത്രസമ്മേളനം നടത്തി രംഗത്തു വരേണ്ടി വന്നത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച സിപിഎം ഇതര എംപിമാര്‍ക്കെതിരെ എംപിഫണ്ട് വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ലോക്സഭയിലേക്കുളള മത്സര സമയത്ത് എംപിയും സിപിഎം വ്യാപകമായി ഉയര്‍ത്തിയിരുന്നു. കണ്ണൂരിന്റെ വികസന കാര്യത്തില്‍ ഇവിടെ നിന്നും ജയിച്ചു പോകുന്ന ഇടത്-വലത് ജന പ്രതിനിധികള്‍ ഒന്നും ചെയ്യുന്നില്ലെന്നതിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റ് വിഭാഗത്തിന്റെ പുതിയ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍ 2014 ജൂണ്‍ മുതല്‍ 2015 ഒക്ടോബര്‍ വരെയുളള ഒന്നര വര്‍ഷക്കാലത്തിനിടയില്‍ 11.25 കോടി രൂപയുടെ പദ്ധതികള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും 2016 മാര്‍ച്ച് വരെ 10 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതെന്നും എംപി പറഞ്ഞു. 7.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്നും 3.36 കോടി രൂപയുടെ 60 പ്രോജക്ടുകള്‍ ക്ക് ഭരണാനുമതിക്കായി കലക്ടറുടെ മുന്നിലുണ്ടെന്നും എംപി പറഞ്ഞു. ഫണ്ട് വിനിയോഗത്തില്‍ കാലതാമസം വന്നു എന്നത് ശരിയാണെന്നും ഇത് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കാലതാമസവും വീഴ്ച്ചയും മൂലമാണെന്നും എംപി പറഞ്ഞു. പല പദ്ധതികള്‍ക്കും അംഗീകാരം നല്കി കഴിഞ്ഞു. എന്നാല്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം നേരിടുകയാണ്. ചില പദ്ധതികളുടെ നിര്‍വ്വഹണം കഴിഞ്ഞിട്ടും ഫണ്ട് കൈമാറിയിട്ടുമില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന്റെ കണക്കില്‍ 4.29 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുളളൂവെന്ന് കണക്കു വന്നതെന്നും എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ 3 കോടി 37.9 ലക്ഷം രൂപ ഫണ്ടില്‍ നിന്നും അനുവദിച്ചു കഴിഞ്ഞുവെന്നും ഇത് 17 ശതമാനത്തോളം വരുമെന്നുമാണ് എംപിയുടെ വാദം.
ചുരുക്കത്തില്‍ കണ്ണൂര്‍ എംപിയുടെയും എംപി പ്രതിനിധീകരിക്കുന്ന സിപിഎമ്മിന്റെയും വികസനം വെറും പ്രഖ്യാപനം മാത്രമാണെന്ന് വ്യക്തമാവുകയാണ്. എംപിയെന്ന നിലയില്‍ വികസനപദ്ധതികളൊന്നും ചെയ്യാതെ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുകയാണ് പി.കെ.ശ്രീമതി എന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ കണക്കുകള്‍. സംസ്ഥാന സര്‍ക്കാരിന്റേയും ബിജെപി സര്‍ക്കാറിന്റെയും പല പദ്ധതികളും പ്രഖ്യാപനങ്ങളും കണ്ണൂരിലും പരിസരപ്രദേശങ്ങളിലും നടപ്പിലാക്കി വരുമ്പോള്‍ അതൊക്കെ തന്റെ നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എംപി എന്ന നിലിയില്‍ കണ്ണൂര്‍ എംപി ചെയ്തിട്ടുളളതെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കേണ്ട പി.കെ.ശ്രീമതി താന്‍ എംപി എന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്ന് വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: