കൊച്ചി: ബ്ലാസ്റ്റേഴ്സിന് ഇന്ന് പകരംവീട്ടല്‍ മത്സരം. കഴിഞ്ഞ ചൊവ്വാഴ്ച പൂനെയില്‍ നിന്നേറ്റ 2-3ന്റെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് കേരളത്തിന്റെ കൊമ്പന്മാര് ഇന്ന് ഹോം മത്സരത്തിന് കച്ചമുറുക്കുന്നത്. ഈ മത്സരത്തില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും പ്രതിരോധത്തിലെ പിഴവുകളായിരുന്നു ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. അതിനുശേഷം ശനിയാഴ്ച കൊച്ചിയില്‍ കരുത്തരായ ചെന്നൈയിന് എഫ്സിക്കെതിരായ കളിയില്‍ 1-1ന് സമനിലയില്‍ തളക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്കുശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില.
കരുത്തര്‍ക്കെതിരെ നേടിയ സമനില തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ആത്മവിശ്വാസവും. നിലവില്‍ 7 കളികളില്‍നിന്ന് അഞ്ച് പോയിന്റുമായി ഏറ്റവും പിന്നിലാണ് ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടുതന്നെ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള എല്ലാ കളികളിലും വിജയം അനിവാര്യമാണ്. ഓരോ പരാജയവും സ്വയം ശവക്കുഴി തോണ്ടലായി മാറും. കഴിഞ്ഞ മത്സരത്തില്‍ കാണികളുടെ എണ്ണം മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഏറെ കുറഞ്ഞെങ്കിലും ഇന്ന് സ്റ്റേഡിയം മഞ്ഞക്കടലായി മാറുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍.
പീറ്റര്‍ ടെയ്ലര് രാജിവെച്ച ഒഴിവില്‍ കെയര്‍ ടേക്കര്‍ കോച്ചായ ട്രെവര്‍ മോര്‍ഗനായിരുന്നു ചെന്നൈയിന് എഫ്സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങള്‍ ഓതിക്കൊടുത്തത്. ഇന്ന് പുതിയ കോച്ചായി ചുമതലയേറ്റ മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാനാണ് സൈഡ് ലൈന്‍ പുറത്ത് ബ്ലാസ്റ്റേഴ്സിനായി തന്ത്രങ്ങള്‍ മെനയുക. നിലവില്‍ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറും ഗ്രാസ് റൂട്ട് ലെവല്‍ കോച്ചുമാണ് ടെറി ഫെലാന്.
ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുകയും രണ്ടാം കളിയില്‍ മുംബൈ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയും ചെയ്തശേഷം പിന്നീട് നടന്ന നാല് കളികളിലും ബ്ലാസ്റ്റേഴ്സ് പച്ചതൊട്ടില്ല. അത്ലറ്റികോ കൊല്‍ക്കത്തയോടും ദല്‍ഹി ഡൈനാമോസിനോടും എഫ്സി ഗോവയോടും പൂനെ സിറ്റിയോടുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയങ്ങള്‍. അതിനുശേഷമായിരുന്നു ചെന്നൈയിന് ടീമിനെതിരായ സമനില.
ചെന്നൈയിന് എഫ്സിക്കെതിരായ കളിയില്‍ അതുവരെ കണ്ട ടീമായിരുന്നില്ല കളത്തില്‍. വിജയിച്ചേ തീരൂവെന്ന ത്വര താരങ്ങളുടെ ശരീരഭാഷയില്‍ തന്നെ പ്രകടമായിരുന്നു. ഒപ്പം മോര്‍ഗന്റെ തന്ത്രങ്ങളും ഇതിന് തുണയായി. ഈ മത്സരത്തില്‍ ഒരു പെനാല്‍റ്റി ഉള്‍പ്പെടെ ഗോളെന്നുറച്ച നാലോളം അവസരങ്ങള്‍ രക്ഷപ്പെടുത്തിയ പഞ്ചാബി താരം കരണ്‍ജിത് സിംഗാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് ഇടയില്‍ ബാലികേറാമലയായി നിലയുറപ്പിച്ചത്. മൂന്ന് സ്ട്രൈക്കര്‍മാരെയും ആദ്യ ഇലവനില്‍ കളിപ്പിച്ചപ്പോള്‍ തന്നെ മോര്ഗന് നയം വ്യക്തമാക്കിയിരുന്നു. ക്രിസ് ഡഗ്നലിനും മുഹമ്മദ് റാഫിക്കുമൊപ്പം തൊട്ടു പിന്നിലായി സാഞ്ചസ് വാട്ടും അണിനിരന്നു. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് പ്രതിരോധവും മധ്യനിരയും മികച്ച ഫോമിലേക്കുയര്‍ന്നതോടെ ചെന്നൈയിന് പ്രതിരോധത്തിന് തീരാപണിയായി. എങ്കിലും മധ്യനിരയില്‍ ഒരു കരുത്തനായ പ്ലേ മേക്കറുടെ അഭാവമുണ്ട്. പരിക്കില്‍ നിന്ന് ഇനിയും മുക്തനാവാത്ത കാര്‍ലോസ് മര്‍ച്ചേന ഇന്നും ഇറങ്ങാന്‍ സാധ്യതയില്ല. അതിന് പുറമെയാണ് ബ്രൂണോ പെറോണ്‍ എന്ന മിഡ്ഫീല്ഡറുടെ അഭാവവും. കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിക്കെതിരെ ചുവപ്പുകാര്‍ഡ് കിട്ടിയ പെറോണ്‍ ഇന്ന് കളത്തിലിറങ്ങില്ല. ഇതോടെ മധ്യനിരയില്‍ കളിമെനയാനുള്ള ചുമതല ജാവോ കൊയിമ്പ്ര, മെഹ്താബ് ഹുസൈന്, ഹോസു പ്രീറ്റോ, വിക്ടര്‍ ഹെരേരോ എന്നിവര്‍ക്കായിരിക്കും. പ്രതിരോധത്തില്‍ പീറ്റര്‍ റാമേജിനും സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കെയും സൗമിക് ഡെയും അരങ്ങുവാഴും. കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന മാര്‍ക്കസ് വില്ല്യംസ് ഇന്ന് പകരക്കാരനായെങ്കിലും ഇറങ്ങിയേക്കും. ഗോള്‍ പോസ്റ്റിന് മുന്നില്‍ സ്റ്റീഫന്‍ ബൈവാട്ടറുടെ കൈകളും ഏറെ ചോരുന്നുണ്ട്. ബൈവാട്ടര്‍ക്ക് പകരം സന്ദീപ് നന്ദിയോ, ഷില്‍ട്ടണ്‍ പോളോ ഗോള്‍വലക്ക് മുന്നിലെത്തിയേക്കാനും സാധ്യതയുണ്ട്.
മറുവശത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് പൂനെ സിറ്റി എഫ്സി കളിക്കാനിറങ്ങുന്നത്. 7 കളികളില്‍ നിന്ന് നാല് വിജയവും ഒരു സമനിലയും രണ്ട് പരാജയവുമടക്കം 13 പോയിന്റാണുള്ളത്. പരാജയമറിയാത്ത നാല് കളികള്‍ പിന്നിട്ടാണ് പൂനെയുടെ വരവ്. കഴിഞ്ഞ ദിവസം എവേ മത്സരത്തില്‍ കരുത്തരായ എഫ്സി ഗോവയെ സമനിലയില്‍ തളക്കുകയും ചെയ്തു.
തുര്ക്കിക്കാരന് ടുനാകെ സാന്‍ലി, നൈജീരിയക്കാരന് കാലു ഉച്ചെ എന്നീ ലോകോത്തര സ്ട്രൈക്കര്‍മാരുടെ ബൂട്ടുകളിലാണ് പൂനെ സിറ്റി കോച്ച് ഡേവിഡ് പ്ലാറ്റ് പ്രതീക്ഷ പുലര്‍ത്തുന്നത്. നാല് ഗോളുകളുമായി കാലു ഉച്ചെയും മൂന്നെണ്ണം അടിച്ച് ടുന്‍കെ സാന്‍ലിയും മികച്ച ഫോമിലുമാണ്. മികച്ച മധ്യനിരയും പൂനെക്ക് സ്വന്തം. ക്യാപ്റ്റനും ഐവറികോസ്റ്റ് താരവുമായ ദിദിയര്‍ സകോറ, ഇന്ത്യന്‍ താരങ്ങളായ യൂജിന്സണ്, ബികാഷ് ജെയ്റു, ലെനി റോഡ്രിഗസ്, നിക്കി ഷോറെ തുടങ്ങിയവര്‍ മധ്യനിരയില്‍ അണിനിരക്കുമ്പോള്‍ പ്രതിരോധത്തില്‍ പ്രീതം കോടാല്‍, ഗുര്‍മാംഗി സിംഗ്, ഡീഗോ കൊളാട്ടോ എന്നിവരുമുണ്ട്. നിക്കി ഷോറെയെ പിടിച്ചുകെട്ടുക എന്നതും ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം പൂനെക്കെതിരായ കളിയില്‍ അവരുടെ മൂന്ന് ഗോളുകള്‍ക്കും വഴിയൊരുക്കിയ നിക്കി ഷോറെ മാരകഫോമിലുമാണ്. കൂടാതെ റുമാനിയന്‍ സൂപ്പര്‍താരവും ടീം മാര്ക്വീതാരുമായ അഡ്രിയാന്‍ മുട്ടുവും ടീമിലെ സാന്നിധ്യമാണ്. എന്നാല്‍ മുട്ടു ഇന്ന് കളിക്കാനിറങ്ങുമോ എന്നാണ് കൊച്ചിയിലെ കാണികള്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സുഷാന്ത് മാത്യുവും പൂനെ നിരയില്‍ അംഗമാണ്.
സമനിലയില്‍ നിന്ന് മാറി വിജയം ലക്ഷ്യമിട്ട്ബ്ലാസ്റ്റേഴ്സും പൂനെ സിറ്റി എഫ്സിയും ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: