ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുകിടക്കുന്ന കേരളത്തിലെ പ്രസിദ്ധമായ മണ്ണാറശ്ശാല കാവിലെ ആയില്യം ഇന്ന്. പരശുരാമ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഇല്ലത്തെ ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനമില്ലാത്ത ദുഃഖത്താല്‍ സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ച് സര്‍പ്പരാജാവിനെ പൂജിച്ച് കാലം കഴിച്ചു.
ഇതിനിടെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തത്തില്‍ സര്‍പ്പങ്ങള്‍ വീര്‍പ്പുമുട്ടി ജീവനുവേണ്ടി കേണു. ഇതുകണ്ട ദമ്പതികള്‍ തങ്ങളുടെ മുന്നിലേക്ക് ഇഴഞ്ഞുവന്ന സര്‍പ്പങ്ങളെ പരിചരിച്ചു. രക്ഷപ്പെട്ട സര്‍പ്പങ്ങളെ അരയാല്‍ വൃക്ഷങ്ങളുടെ ചുവടുകളിലും പേരാല്‍ത്തറകളിലും ഇരുത്തി. ദിവ്യ ഔഷധങ്ങളാല്‍ സര്‍പ്പങ്ങളുടെ വ്രണം ഉണക്കി. തുടര്‍ന്ന് നെയ്യ് ചേര്‍ത്ത നിവേദ്യം, പാല്‍പ്പായസം, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിക്കിന്‍വെള്ളം, കദളിപ്പഴം, നെയ്യ്, പശുവിന് പാല്, അരവണ എന്നിവ കലര്‍ത്തിയ നൂറും പാലും സര്‍പ്പദേവതകള്‍ക്കുമുന്നില്‍ സമര്‍പ്പിച്ചു. ദമ്പതികളുടെ പരിചരണത്തില്‍ സര്‍പ്പദൈവങ്ങള്‍ സന്തുഷ്ടരായി. അങ്ങനെ കാട്ടുതീയണഞ്ഞ് മണ്ണാറിയശാല മണ്ണാറശാലയായി. മന്ദാരുതരുക്കള്‍ നിറഞ്ഞ ശാലയെന്നും വിശ്വാസമുണ്ട്.
ഇരട്ടപെറ്റ ശ്രീദേവി അന്തര്‍ജ്ജനത്തിന് അഞ്ച് തലയുള്ള സര്‍പ്പശിശുവും ഒരു മനുഷ്യശിശുവുമാണ് ഉണ്ടായത്. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നപ്പോള്‍ അമ്മയോട് അനുവാദം ചോദിച്ച് നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേക്ക് നീങ്ങി. അതാണ് ഇന്നും കാണുന്ന നിലവറ. നാഗരാജാവ് ചിരഞ്ജീവിയായി വാഴുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ വാഴുന്ന മുത്തച്ഛനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടു കാണാന്‍ മാതാവിന് അവസരം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് ആയില്യം നാള് പൂജ. ക്ഷേത്ര പൂജാരിണിയായി വലിയമ്മ ഇന്നും തുടരുന്നു. പതിനഞ്ചുമണിക്കൂര്‍ നീളുന്നതാണ് ആയില്യം ചടങ്ങുകള്‍. വലിയമ്മയുടെ പതിവ് പൂജകള്‍ക്കുശേഷമാണ് ആയില്യം പൂജ. ഗുരുതി ഉള്‍പ്പെടെയുള്ള പൂജ പൂര്‍ത്തിയാകുമ്പോള്‍ അര്‍ദ്ധരാത്രിയാകും. തുടര്‍ന്ന് സര്‍പ്പം പാട്ട് തറയില്‍ കെട്ടിയുയര്‍ത്തിയ തട്ടിന്മേല് നൂറും പാലും നടത്തും. ഇതുപൂര്‍ത്തിയാകുമ്പോഴേക്കും പുലര്‍ച്ചെയാവും. വലിയമ്മ തുടര്‍ന്ന് നടയിലെത്തി പ്രാര്‍ത്ഥിക്കുന്നതോടെ ആയില്യം പൂജയ്ക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: