പരപ്പനങ്ങാടി: നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പും സാക്ഷി. സ്വകാര്യ-ടാക്സി വാഹനങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണഞ്ചിപ്പിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് ഓടിക്കുന്നത്. തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി വാഹനങ്ങളാണ് രൂപമാറ്റം വരുത്തി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പരസ്യ പ്രചാരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നിരവധി വ്യവസ്ഥകള്‍ പറയുന്നുണ്ട്. പക്ഷേ അതൊന്നും പാലിക്കുന്നില്ല. ഇന്നോവ, ഡസ്റ്റര്‍ പോലുള്ള വലിയ വാഹനങ്ങള്‍ വരെ റീ പെയിന്റിംഗ് നടത്തി സ്റ്റിക്കറുകള്‍ ഒട്ടിച്ച് നിരത്തിലിറക്കിയിരിക്കുന്നു. ഏകദേശം 30000 രൂപയോളം ചിലവുവരും ഇതിന്. നഗരസഭയിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ പരമാവധി പ്രചാരണ ചിലവും 30000 ആണ്. ജില്ലയിലുടനീളം ഇത്തരത്തിലുള്ള നിരവധി കാറുകളാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. വലിയ ശബ്ദകോലാഹലത്തോടെയുള്ള റോഡ് ഷോയും അരങ്ങേറുന്നത് അധികൃതരുടെ മുന്നിലൂടെയാണ്. പക്ഷേ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു.
കാലാവധി തീര്‍ന്ന വാഹനങ്ങള്‍ പുതിയ പെയിന്റടിച്ച് നമ്പര്‍ ബോര്‍ഡ് പോലുമില്ലാതെ ടൗണുകളിലൂടെ ചീറിപായുകയാണ്. വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: