കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി യു.വി.ജോസ് അറിയിച്ചു. ജില്ലയിലെ ക്രമസമാധാനപാലനത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി എസ്. സതീഷ് ബിനോയും അറിയിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് 83 സ്ഥാനാര്‍ത്ഥികളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 480 സ്ഥാനാര്‍ത്ഥികളും ഗ്രാമപഞ്ചായത്തു കളിലേക്ക് 4120 സ്ഥാനാര്‍ത്ഥികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് 716 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.
പാലാ നഗരസഭയിലെ 20-ാം വാര്‍ഡില്‍ ബിജി ജോജോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട 15 ശതമാനം റിസര്‍വ്വ് ജീവനക്കാരുള്‍പ്പെടെയുള്ള 10916 പോളിംഗ് ഉദ്യോഗസ്ഥന്മാരുടെ പരിശീലനം പൂര്‍ത്തിയായി. മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ ക്രമസമാധാനപാലനത്തിനായി ജില്ലാ പോലീസ് മേധാവി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തില്‍ 4200 പോലീസ് ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ-സ്വാശ്രയ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ബാലറ്റ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകളുടെ അച്ചടി പൂര്‍ത്തിയായി. നാലിന് രാവിലെ ഒന്‍പത് മുതല്‍ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.
ജില്ലയില്‍ 1344 വാര്‍ഡുകളിലെ 2331 പോളിംഗ് കേന്ദ്രങ്ങളിലായിരിക്കും വോട്ടെടുപ്പ്. 2672 ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്തു.
രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് പോളിംഗ് കേന്ദ്രത്തില്‍ ക്യൂവില്‍ ഉള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടവകാശം വിനിയോഗിക്കുവാന്‍ അവസരം നല്‍കും. അഞ്ച് മണിക്ക് ശേഷം വരുന്നവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുവാന്‍ സാധിക്കുകയില്ല. വോട്ടിംഗിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ നിന്നും കുറഞ്ഞത് ആറുമാസം മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഹാജരാക്കാം. പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുവാന്‍, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ നല്‍കിയ പാസ്‌പോര്‍ട്ടിന്റെ അസ്സല്‍ ഹാജരാക്കാവുന്നതുമാണ്. ജില്ലയില്‍ ആകെ 1503582 വോട്ടര്‍മാരാണുള്ളത്.
ഇതില്‍ പുരുഷന്മാര്‍ 738423 ഉം സ്ത്രീകള്‍ 765156 ഉം ഭിന്ന ലിഗത്തില്‍ 3 ഉം വോട്ടര്‍മാരുണ്ട്.വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പുവരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ സാധുവായിരിക്കും. വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞ് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ പരിഗണിക്കില്ല. ജില്ലയിലെ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
തെരഞ്ഞെടുപ്പ് ദിവസംഓരോ മണിക്കൂറിലും പോളിംഗ് നില അറിയുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയതു. വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും തത്സമയം ലീഡ് നില തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള ഇ-ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അതിലൂടെ തത്സമയം ലീഡ് നില പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭിക്കും.
പത്രസമ്മേളനത്തില്‍ എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, തിരഞ്ഞെടുപ്പു ഡെ. കളക്ടര്‍ വി. ആര്‍ മോഹനന്‍ പിളള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: