പാനൂര്‍: കളളവോട്ടും ബൂത്തുപിടുത്തവും വ്യാപകം. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചതായി ആരോപണം. ജില്ലയിലെ വിവിധ മേഖലകളില്‍ പരമ്പരാഗത കളളവോട്ടു ശൈലി പിന്തുടര്‍ന്ന സിപിഎം കളളവോട്ടും ബൂത്ത്പിടുത്തവും തുടര്‍ന്നത് പോലീസിനും ജില്ലാഭരണകൂടത്തിനും നാണക്കേടായി. അത്യാധുനിക വെബ് കാസ്റ്റിംഗ് സംവിധാനവും ആയിരക്കണക്കിന് സായുധപോലീസും കര്‍ണ്ണാടക സ്പെഷ്യല്ഫോഴ്സും അണിനിരന്ന് ജില്ലയില്‍ സമാധാനപരമായി വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയ അധികൃതരെ വെല്ലുവിളിച്ചാണ് സിപിഎം തിരഞ്ഞെടുപ്പില്‍ നിശബ്ദരായി കളളവോട്ടുകള്‍ ചെയ്തത്. പരാതിപ്പെടാന്‍ പോലും യുഡിഎഫ് പ്രതിനിധികള്‍ തയ്യാറാകാത്തത് കാരണം പല ബൂത്തുകളിലെയും അനിഷ്ട സംഭവങ്ങള്‍ പുറത്തുവന്നിട്ടില്ല. മയ്യില്‍, കടമ്പേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശേരി, പന്ന്യന്നൂര്‍, ചൊക്ലി, പാട്യം, കതിരൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി സിപിഎം കളളവോട്ടുകള്‍ ചെയ്തിട്ടുണ്ട്.ചില ബൂത്തുകളില്‍ ബിജെപി-യുഡിഎഫ് അംഗങ്ങളെ ഇരുത്താന്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. ബൂത്ത് ഏജന്റുകളെ ഭീഷണിപ്പെടുത്തിയാണ് പല സ്ഥലങ്ങളിലും ബൂത്തുപിടുത്തം അരങ്ങേറിയത്.എഡിജിപി എന്‍.ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും ബൂത്ത്പിടുത്തം വ്യാപകമായി നടന്നു.ജനാധിപത്യത്തിന് എന്നും ഭീഷണിയായി മാറിയ സിപിഎം ജില്ലയില്‍ ഒരുക്കിയ കുറ്റമറ്റ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു.വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കിയ വാര്‍ഡുകളില്‍ പരാതി വരാത്ത തരത്തിലാണ് കളളവോട്ടുകള്‍ ചെയ്തത്. ജില്ലയില്‍ വ്യാപകമായി കളളവോട്ടുകള്‍ നടന്നതായും സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: