കണ്ണൂര്‍: ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലയിലാകമാനം അക്രമവും കള്ളവോട്ടും നടത്തി ജനാധിപത്യത്തെ കശാപ്പുചെയ്തിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ആയുധ ശേഖരണമുള്‍പ്പെടെ നടത്തി സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ബജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് ഇന്നലെ സിപിഎം ജില്ലയിലങ്ങളമിങ്ങോളം ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ അക്രമവും കള്ളവോട്ടും കാണിക്കുന്നത്.
സിപിഎമ്മിന്റെ പോഷക സംഘടനകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോളിംഗ് ബൂത്തുകളില്‍ വ്യാപകമായ അതിക്രമമാണ് നടത്തിയത്. കള്ളവോട്ടുകള്‍ ചാലഞ്ച് ചെയ്യാനോ അതിക്രമങ്ങള്‍ക്കെതിരെ നല്കിയ പരാതികള്‍ പരിഗണിക്കാനോ പല ബൂത്തുകളിലും സിപിഎം അനുഭാവികളായ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തയ്യാറായില്ല. പലബൂത്തുകള്ക്ക് സമീപത്തുവെച്ചും വോട്ടര്‍മാരെ സിപിഎം സംഘം തടഞ്ഞുവെച്ച് തിരിച്ചയച്ചു. സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും ജില്ലയിലൊരുക്കിയിട്ടുണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം പാഴ്വാക്കായിരിക്കുകയാണ്.
പ്രശ്നബാധിത ബൂത്തുകളെ ഒഴിവാക്കി പ്രശ്നങ്ങളില്ലാത്ത ബൂത്തുകളെ സെന്‍സിറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തി സിപിഎമ്മിന് അക്രമത്തിന് കളമൊരുക്കുകയായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. മയ്യില്‍ മേഖലയില്‍ വ്യാപകമായി കള്ളവോട്ടു നടത്തിയ സിപിഎം സംഘം എരമംകുറ്റൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് വെള്ളോറയിലും കള്ളവോട്ട് നടത്തി. പ്രസൈഡിംഗ് ഓഫീസര്‍ക്ക് പരാതികൊടുത്തെങ്കിലും ഇത് പരിഗണിച്ചില്ല. ആന്തൂര്‍ നഗരസഭയിലെ കടമ്പേരി 20-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മകളെ അക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിക്കൊണ്ടുപോയി. നണിയൂര്‍ നമ്പ്രത്ത് പട്ടിക വര്‍ഗ്ഗ കോളനി അക്രമിച്ച് സ്ത്രീകളെയും ബിജെപി സ്ഥാനാര്‍ത്ഥിയെയും ഏജന്റിനെയും പരിക്കേല്‍പ്പിച്ചു. ഇത്തരത്തില്‍ നിരവധി അക്രമങ്ങളാണ് സിപിഎം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയത്.
സിപിഎം അതിക്രമം നടത്തിയ പോളീംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയതായും രഞ്ചിത്ത് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സിപിഎം അക്രമത്തിലും കള്ളവോട്ടിലും ബിജെപി ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: