ആലപ്പുഴ: കുട്ടനാട്ടില്‍ ഇത്തവണ കര്‍ഷകരെയും കര്‍ഷത്തൊഴിലാളികളെയും വഞ്ചിച്ച സിപിഎമ്മിനും യുഡിഎഫിനും എതിരായ വിധിയെഴുത്തുണ്ടാകും. കുട്ടനാടിന്റെ സമഗ്ര പുരോഗതിക്ക് സഹായകരമാകുമായിരുന്ന കുട്ടനാട് പാക്കേജിനെ കെടുകാര്യസ്ഥത മൂലം വെറും പ്രഹസനമാക്കിയത് ഇടതു- വലതു മുന്നണി സര്‍ക്കാരുകളായിരുന്നു. അനുവദിച്ച 1841 കോടിയുടെ പദ്ധതിയില്‍ ചെലവഴിച്ചത് മുന്നൂറു കോടിയോളം മാത്രം.
നടപ്പാക്കിയ പദ്ധതിയില്‍ തന്നെ വന്‍ അഴിമതി ആരോപണങ്ങളാണുയരുന്നത്. പണം ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് കൊള്ളയടിച്ചു. ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്നുപാടിയ കമ്യൂണിസ്റ്റുകാര്‍ ഇന്ന് ഇടനിലക്കാരായി ഇന്ന് മാഫിയകള്‍ക്ക് പാടശേഖരങ്ങള്‍ തീറെഴുതി നല്‍കുന്നു. ഇടതും- വലതും കൊടികള്‍ മാറിമാറി കുത്തി കോടികള്‍ സമ്പാദിച്ചപ്പോള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കടക്കെണിയിലായി.
കര്‍ഷകര്‍ നേരിടുന്ന ഒരു പ്രശ്‌നം പോലും പരിഹരിക്കാന്‍ ഇരുമുന്നണികളും നയിച്ച സര്‍ക്കാരുകള്‍ക്കായില്ല. വാഗ്ദാനങ്ങള്‍ മാത്രം ബാക്കി. കുടിവെള്ള പ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഗതാഗത സൗകര്യത്തിന്റെ കാര്യവും ഇതുതന്നെയാണ്.
വിഭാഗീയതയില്‍ നട്ടം തിരിയുന്ന സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിനും അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കും ബദലായി ബിജെപി നയിക്കുന്ന മുന്നണിയിലാണ് കുട്ടനാട്ടുകാര്‍ക്ക് ഇനി പ്രതീക്ഷയുള്ളത്. കുപ്രചാരണങ്ങള്‍ മാത്രം അഴിച്ചുവിട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടതും വലതും പരിശ്രമിച്ചപ്പോള്‍ കുട്ടനാടിന്റെ വികസനവും കര്‍ഷക ദുരിതവും ചര്‍ച്ച ചെയ്തത് ബിജെപി മാത്രമായിരുന്നു. കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ബിജെപി ഇത്തവണ വന്‍കുതിച്ചുചാട്ടം തന്നെ നടത്തും. ഇരുമുന്നണികളുടെയും വര്‍ഗ്ഗീയതയും ബിജെപിയുടെ വികസന നയവുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
















