വേദത്തിന്റെ സാരസര്‍വ്വസ്വമാണ് ഓങ്കാരം. ഓങ്കാരമയമാണ് എല്ലാം. സമസ്ത ്രപപഞ്ചവും തന്നെ ഓങ്കാരത്തിന്റെ അഭിവ്യക്തിയായി കണ്ടറിഞ്ഞ ഋഷീശ്വരന്മാര്‍ ‘ഓം ഇതീദം സര്‍വ്വം’ എന്ന് പ്രഖ്യാപിച്ചു. ഈയൊരു ഓങ്കാരത്തിന്റെ വിശദീകരണരൂപങ്ങളായ ശാസ്ത്രങ്ങളുടെ സ്വാദ്ധ്യായവും പ്രവചനവും അവശ്യകര്‍ത്തവ്യമാണ്.
ജീവിതത്തില്‍ സത്യനിഷ്ഠയും തപസും ഇന്ദ്രിയ മനോനിയന്ത്രണവും അഗ്‌നിക്രിയകളും അതിഥിപൂജനവും ലൗകികമായ സകല കര്‍ത്തവ്യങ്ങളും സന്താനോല്‍പാദനവും എന്നു വേണ്ട എല്ലാ വ്യവഹാരങ്ങളും ചെയ്തുകൊണ്ടുതന്നെ സ്വാദ്ധ്യായ പ്രവചനങ്ങളെ നിര്‍വ്വഹിക്കണം. ധര്‍മശാസ്ത്രങ്ങളെ പഠിക്കുന്നത് സ്വാദ്ധ്യായവും അതിലെ ആശയങ്ങളെ അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു നല്‍കുന്നത് പ്രവചനവുമാകുന്നു.
ഓരോ തലമുറയും ഇവയെ നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് മാനവിക സംസ്‌കാരം പുലരുന്നത്. മനുഷ്യന്‍ വ്യക്തമായ ജീവിത ലക്ഷ്യമാര്‍ഗ്ഗബോധത്തോടെ കഴിയുന്നത്. അതുകൊണ്ടുതന്നെ സ്വാദ്ധ്യായ പ്രവചനങ്ങളെ ഏറ്റവും വലിയ തപസ്സായാണ് ഋഷീശ്വരന്മാര്‍ ഉപദേശിച്ചിട്ടുള്ളത്. ഉപനിഷത്ത് വിചാരയജ്ഞത്തില്‍ കൊച്ചിയില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് നാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
നമ്മുടെ സമാജത്തില്‍ എന്തെല്ലാം അനാചാരങ്ങളും ദുരാചാരങ്ങളും വന്നുചേര്‍ന്നിട്ടുണ്ടോ, എന്തെല്ലാം അബദ്ധ വിശ്വാസങ്ങളെ നാം താലോലിക്കുന്നുണ്ടോ എല്ലാറ്റിനും ഹേതു ഒന്നു മാത്രമാണ്, ശരിയായ ആര്‍ഷജ്ഞാനം പ്രചരിക്കായ്‌ക. ഇതറിഞ്ഞ് യുക്തിപൂര്‍വ്വം ശാസ്ത്രവിചാരവും നിഷ്ഠാപൂര്‍വ്വം പ്രചാരവും ചെയ്യാന്‍ നമ്മുടെ സമൂഹം മുന്നോട്ടുവരണം.
















