ഇരുപതാം നൂറ്റാണ്ടിലെ ആധുനികചിന്തകനും നിരൂപകനും നാടകകൃത്തും തത്വജ്ഞാനിയുമെല്ലാമായിരുന്ന വിശ്വസാഹിത്യകാരന് “ഴാങ്പോള്‍ സാര്‍ത്ര് 1964 ലെ വിശ്വസാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം തിരസ്കരിച്ച് ‘സ്വീഡിഷ് അക്കാദമിയെ’ ഞെട്ടിച്ചുകളഞ്ഞ ഒരു ചരിത്രമുണ്ടായിട്ടുണ്ട്. എന്തുകൊണ്ടെന്ന അക്കാദമിയുടെ ചോദ്യത്തിന് മറുപടി അദ്ദേഹത്തിന്റെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. ആ പുഞ്ചിരി ‘വാചാലവുമായിരുന്നു.’
ഇവിടെ പുരസ്കാരങ്ങളും പദവികളും കൊണ്ടുനടന്നനുഭവിച്ചശേഷം തിരിച്ചു വലിച്ചെറിയുന്നാവേശത്തിലാണ് ചില സാംസ്കാരിക-സാഹിത്യനായകര്‍. അതിനവര്‍ കണ്ടെത്തിയ ന്യായം, ‘കല്‍ബുര്‍ഗിയുടെ’ കൊലപാതകവും, ‘ദാദ്രി’സംഭവങ്ങളും മറ്റുമാണല്ലോ. ഇന്നത്തെ ഭാരത സാഹചര്യത്തില്‍ ഇവിടെ ജീവിക്കാന്‍ ഭയമാണെന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പുരസ്കാരങ്ങളും പദവികളും തിരസ്കരിക്കുവാനും മടക്കിനല്കുവാനുമുള്ള സ്വാതന്ത്ര്യം അവര്ക്കുണ്ടെന്നിരിക്കെ, ഇനി മേലില്‍ ഇത്തരം ബഹുമതികള്‍ ലഭിക്കുമ്പോള്‍,
തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ സംജാതമാകുന്നുവെന്നുതോന്നുമ്പോള്, ഇവ മടക്കി നല്കുമെന്നൊരു വ്യവസ്ഥ കൂടി വെക്കുന്നത് നല്ലതാണ്. ഒരുപാട് അര്‍ഹതപ്പെട്ടവര്‍ ‘മുന്‍വാതിലില്‍’ത്തന്നെ നില്ക്കുന്നുണ്ടെന്നുകൂടി നിങ്ങളറിയണം. ഇവരുടെയീ ചെയ്തികളില്‍ ധാര്‍ഷ്ട്യത്തിന്റെയോ അഹങ്കാരത്തിന്റെയോ മെയ്യ് ഭാഷ്യങ്ങളുണ്ടോയെന്നു തെളിയിക്കേണ്ട ചുമതല കാലത്തിന്റേതു മാത്രമാണോയെന്നുകൂടി നമ്മള് ചിന്തിക്കണം. കണ്ണാടിനോക്കി സ്വന്തം മുഖമാണ് നല്ലതെന്ന് നിരൂപിച്ച് ‘ആത്മരതിയില്‍’ രമിക്കുന്ന വിരൂപന്മാരുടെ ദൈന്യതയായിട്ടുപോലും ഒരുപക്ഷേ ഈ മഹാന്മാരെ ജനങ്ങള്‍ വിലയിരുത്തിയേക്കും.
കാര്യസാധ്യത്തിനുമാത്രം ചിലയ്ക്കുന്ന ഇവരുടെ നാക്കും മേദസുമെന്തേ അടുത്തകാലത്തായി മനുഷ്യമനസ്സിനെ വിറങ്ങലിപ്പിച്ച നിരവധി സംഭവങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടായപ്പോള്‍ അനങ്ങിയില്ല. മനുഷ്യാവകാശ സംരക്ഷണങ്ങളെക്കുറിച്ച് ഗിരിപ്രഘോഷണങ്ങള്‍ നടത്തിയതായിട്ടുമറിയില്ല.
കുറെ നാളുകള്‍ക്കു മുന്‍പ് സാഹിത്യഗുണം തൊണ്ടുതീണ്ടിയിട്ടില്ലാത്തതതും തികച്ചും പ്രതിലോമപരവുമായതും പ്രശസ്ത തമിഴ് സാഹിത്യകാരന് ‘ചാരുനിവേദിത’ നിരീക്ഷിച്ചതുപോലെ ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത ‘മാതൊരു ഭഗന്’ എന്ന ‘പെരുമാള്‍ മുരുഗന്റെ’ നോവല്‍ ഉയര്‍ത്തിയ സ്വത്വ വിഷയങ്ങളുടെ പേരിലുള്ള പ്രശ്നങ്ങളും പിന്നീട് മുരുഗനെ ഈ സാംസ്കാരിക നായകര്‍ കൊണ്ടു നടന്നാഘോഷിച്ചതുമെല്ലാം നമ്മള് കണ്ടതാണ്. അതേസമയം 80 കള്‍ മുതല്‍ ഇടതുപക്ഷ ഫാസിസ്റ്റുകളാല്‍ നിശബ്ദമാക്കപ്പെട്ട ‘എം സുകുമാരന്‍’ എന്ന കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ മൗനദുഃഖം ഇവര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
വ്യക്തിജീവിതവും പ്രത്യയശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടിന്റെ കഥ പറഞ്ഞ ‘ശേഷക്രിയ’ എന്ന കൃതിക്കുനേരെ കമ്യൂണിസ്റ്റ് ഗുണ്ടകള്‍ ഭീഷണി മുഴക്കുകയും ഒരു പഴയസഖാവുകൂടിയായ എം.സുകുമാരനെ മൗനിയാക്കുകയും ചെയ്തത് ഒരുപക്ഷേ ഇവര്‍ അറിഞ്ഞിരിക്കില്ല എന്ന് നമുക്ക് ധരിക്കാം. ആ എഴുത്തുകാരന്റെ മൗനത്തില്‍ ഒരുപാട് രാഷ്ട്രീയ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നകൂടി നമ്മളറിയണം. ഇരുളിന്റെ മറവില്‍ നിന്നുപോലും ഒരു പ്രതിഷേധ സമരം ഉയര്‍ത്താന്‍ മുരുഗനെ ആഘോഷിച്ചവര്‍ക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്.
‘ടി.പി.വധം’ വീണ്ടും ഓര്മപ്പെടുത്തേണ്ടിവരികയാണ്. ഉണങ്ങിയ മഷിക്കുപ്പിയും വറ്റിപ്പോയ തൊണ്ടയുമായി അന്ന് മണലില്‍ തലപൂഴ്ത്തിയിരുന്ന ഈ സാംസ്കാരിക ജാഡകള്ക്കുനേരെ 87 കഴിഞ്ഞ ‘മഹാശ്വേതദേവി’ വിളിച്ചുചോദിച്ചില്ലേ, നിങ്ങള്‍ സ്വന്തം സുരക്ഷിതത്വമോര്ത്താണോ ഈ അറുംകൊലപാതകത്തിനെതിരെ പ്രതികരിക്കാത്തതെന്ന്…കേരളത്തിന്റെ സാംസ്കാരിക ചിത്തം ആ ചോദ്യത്തിനുമുന്നില്‍ തകര്ന്നപ്പോഴല്ലേ ‘എം.പി.വീരേന്ദ്രകുമാര്‍’ ഈ
കൊലപാതകത്തിനെതിരെ പ്രതികരിക്കാത്ത ജ്ഞാനപീഠ ജേതാക്കള്‍ വെറും പീഠമേ നേടിയിട്ടുള്ളൂ, അതില്‍ ജ്ഞാനമില്ലെന്ന് പ്രതികരിച്ചുപോയത്. ഒന്നു ജനങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. മറ്റൊന്ന് ഈ വിദ്വാന്മാര് പറയുന്നു, ഭാരതത്തില്‍ ജീവിക്കാന്‍ ഭയമാണുപോലും, (എം.മുകുന്ദന്റെ അഭിപ്രായത്തില്‍, എഴുത്തിന്റെ സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുന്ന ഒരു ചേതോവികാരം അയാളുടെ ഭയമാണത്രെ. വാഹനങ്ങള്‍ മുതല്‍ എട്ടുകാലിയെവരെ ഭയപ്പെട്ടയാളാണ് ‘ഒ.വി.വിജയന്’. അങ്ങനെ ഭയചകിതനായതുകൊണ്ടാണത്രേ ഖസാക്കിനെയെഴുതാന് അദ്ദേഹത്തിന് കഴിഞ്ഞത്… ഈ പ്രസ്താവന ഒരു കൂട്ടിവായനയ്ക്കു മാത്രം ചേര്‍ക്കുകയാണ്.)
2014 ഡിസംബര്‍ 16 ലോകമനഃസാക്ഷി വിറങ്ങലിച്ചുപോയ ഒരു ദിനമാണ്. പെഷവാറിലെ ഒരു സൈനിക സ്കൂളില്‍ മതഭീകരവാദികളുടെ തോക്കിന്മുനയില് ചിതറിയ നിരവധി കുഞ്ഞുങ്ങളുടെ രക്തത്തിന്റെ ചുടുഗന്ധം ഈ വായുവില്നിന്നുമിന്നും മായുമോ എന്നു സംശയമാണ്.
ആ കൊലയാളികള്‍ ഉപയോഗിച്ചായുധങ്ങള് പോലും പിന്നീടാക്രൂരതയില് പശ്ചാത്തപിച്ചിട്ടുണ്ടാവാം.
പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്ന മതതീവ്രവാദത്തില്‍, ഒരു മതം തീര്‍ച്ചയായും ആവശ്യപ്പെടുന്ന എന്ത് നീതിബോധമാണുള്ളതെന്ന് ഉച്ചത്തില്‍ വിളിച്ചു ചോദിക്കാന്‍ ഈ പറയുന്ന ഒരു സാംസ്കാരിക നായകന്മാരേയും കണ്ടില്ലായെന്നുള്ളിടത്താണ് നമ്മുടെ രാജ്യം അന്ന് വീണ്ടും ഞെട്ടിയത്. ലോകം മുഴുവന്‍ അന്ന് ശാന്തിയുടെ ദീപനാളങ്ങള്‍ കൊളുത്തി ആ കുരുന്നുകള്‍ക്ക് നിത്യശാന്തിക്കായി പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോഴും ഇവറ്റകള് സ്വന്തം മനസ്സിന്റെ തമോഗര്‍ത്തങ്ങളില്‍ സുഖനിദ്രയിലായിരുന്നു. ‘കല്‍ബുര്‍ഗിയുടെയും’, ‘ഗോവിന്ദപന്സാര’യുടെയും ജീവന് വിലപ്പെട്ടതായിരുന്നു, തര്‍ക്കമില്ല, അവരുടെ വീക്ഷണങ്ങളോടും അഭിപ്രായങ്ങളോടും ഒരുപക്ഷേ വിയോജിപ്പുണ്ടായിരുന്നെങ്കില്പ്പോലും.
പ്രതിഷേധിക്കാനിറങ്ങിത്തിരിച്ചവര് ഒപ്പം കാണാതെപോകരുതായിരുന്നു, മനുഷ്യാവകാശലംഘനങ്ങള്‍ ലോകത്തിലേറ്റവും കൂടുതല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയ, മനുഷ്യാവകാശപ്രവര്‍ത്തകര്‍ അനിവാര്യമായ ഒരു സമൂഹമധ്യത്തില്‍ വെച്ച് ‘സബീന്‍ മഹ്മൂദ്’ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ ക്രൂരമായി സുന്നിമതതീവ്രവാദികള് കൊന്നുകളഞ്ഞത്.
മനുഷ്യവാസമുള്ള ഈ ഭൂമിയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് എവിടെയാണെന്ന് ഒരാശയക്കുഴപ്പം ഇപ്പോഴും നമ്മുടെ മനുഷ്യാവകാശപ്രവര്ത്തകര്ക്ക് ഉണ്ടെന്നുതോന്നുന്നു.
‘റെയ്ബദ്വി’ എന്ന ചെറുപ്പക്കാരന് ‘ഫ്രീ സൗദിലിബറല്സ്’ എന്ന വെബ്സൈറ്റ് സ്ഥാപകനും ബ്ലോഗറുമായിരുന്നു. കാലഹരണപ്പെട്ട മതനിയമങ്ങള്‍ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് 2012 ല്‍ സൗദിയിലെ മതക്കോടതി അയാളെ ജയിലിലടച്ചു. 10 വര്‍ഷം തടവും 1000 ചാട്ടവാറടിയും 10 ലക്ഷം സൗദിറിയാലും പിഴവിധിച്ചു. ഈ പരിഷ്കൃത സമൂഹത്തിലെ ഇത്തരം കാടന്‍ മതവ്യവസ്ഥിതികള്ക്കെതിരെ ഒരു ബോധവല്‍ക്കരണ കൂട്ടായ്മ നടത്താന്‍ സൗദിയില്‍ വരെ പോകുവാനാകില്ലെങ്കിലും കോഴിക്കോടങ്ങാടിയില് വെച്ച് നടത്താനെങ്കിലും നിങ്ങള്‍ക്കാവുമല്ലോ. ദയവായി ഒന്നു ശ്രമിക്കണം.
‘മൊസൂള്‍’ നഗരത്തിലെ പൗരാണിക ഗ്രന്ഥശേഖരങ്ങളടങ്ങിയ സെന്‍ട്രല്‍ ലൈബ്രറിയും ചരിത്രസ്മാരകങ്ങളും അഗ്നിക്കിരയാക്കിയ അതേ മാനസികാവസ്ഥയ്ക്ക് സമാനമാണ്, ‘ഒ.വി.വിജയന്റെ പ്രതിമ’ തകര്‍ത്തതിനും തുഞ്ചന്‍പറമ്പില്‍ ‘ആചാര്യന്റെ’ സ്മാരകം സ്ഥാപിക്കുന്നതിനെതിരെ നിലനില്‍ക്കുന്നതെന്നും ഈ തൂലിക പടയാളികള്‍ക്കു മൊഴിയാനാവാത്തത് ഉള്‍ഭയം മൂലമാണെന്ന് കരുതുവാനുള്ള സാമാന്യബൗദ്ധിക നിലവാരം നമ്മുടെ നാട്ടുകാര്‍ക്കുണ്ട്.
‘ആയുധം’ അതു തൂലികയാണെങ്കില്പ്പോലും നിരായുധന്റെ നേര്‍ക്കും നിരാശ്രയരായ ഒരു സമൂഹത്തിന്റെ നേര്‍ക്കുമാണെങ്കില്‍ പ്രയോഗിക്കാന്‍ എളുപ്പമുണ്ടല്ലോ.
ലോകത്തിലെവിടെയാണെങ്കിലും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും എല്ലാം സഹജീവികളാണെന്നും ഒരേ പൂമരത്തിന്റെ വിവിധശാഖകള്‍ പോലെ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നുമൊക്കെയാണ് ഇവര്‍ പറഞ്ഞുനടക്കുന്നത്.
പക്ഷേ പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ടര്‍ ‘ഹമീദ് മീറും റസാറുമി’ കഷ്ടിച്ച് മതഭീകരവാദികളുടെ കയ്യില്‍നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ‘സലീം ഷഹസാദ്’ അടുത്തകാലത്ത് കൊല്ലപ്പെട്ടത് ഇവര്‍ അറിഞ്ഞമട്ടേയില്ല. അറിവും അക്ഷരവും നല്കുന്ന ആന്തരികവെളിച്ചത്തോടുള്ള വെറുപ്പ് ചിലരെ മരണത്തിന്റെ വ്യാപാരികളാക്കുന്നുവെന്നു തുറന്നുപറയുവാന്‍ ഈ സഹജീവി സ്നേഹികളെ നമ്മള് തിരക്കിയിറങ്ങിയിട്ടും കാര്യമില്ല. അവര്‍ക്കതിനാവില്ല. അമേരിക്കന്‍ പത്രപ്രവര്ത്തകന് ‘ജയിംസ് ഫോളെ’യും ബ്രിട്ടീഷ് പത്രപ്രവര്ത്തകന് ‘ഡേവിഡ് ഹെയ്ന്സും’ ഇറാഖി ഫോട്ടോഗ്രാഫര്‍ ‘റാദുല്‍ അസാവി’യും ജാപ്പനീസ് മാധ്യമപ്രവര്ത്തകന് ‘കെന്ജിഗോട്ടോ’യും എല്ലാം കൊല്ലപ്പെട്ടതെങ്ങനെയാണെന്നും എന്തിനാണെന്നും ലോകമറിഞ്ഞിരുന്നു. പക്ഷേ നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറിഞ്ഞിട്ടില്ല, അതുകൊണ്ടവര്‍ക്ക് പ്രതിഷേധസ്വരം ഉയര്‍ത്തേണ്ട കാര്യവുമില്ലായിരുന്നു.
‘ഇന്‍ഫിഡല്‍’ (ദൈവനിഷേധി) എന്ന പുസ്തകം എഴുതിയ ‘അയാന് ഹിര്‍സിഅലി’ എന്ന സൊമാലിയക്കാരിയുടെ (പിന്നീട് അവര്‍ നെതര്‍ലന്റിലെ എംപിയായിത്തീര്‍ന്നു.) ദുരന്തകഥ, മതഭീകരവാദികളില്നിന്നും നേരിട്ട കൊടിയ പീഡനങ്ങളുടെ നേര്‍സാക്ഷ്യം കുറെ നാളുകള്ക്കുമുന്പാണെങ്കിലും നമ്മള് കേട്ടറിഞ്ഞതാണ്. ഇപ്പോള്‍ മലയാളത്തിലും ഈ പുസ്തകം ലഭ്യമാണ്.മക്കയില്‍ ഏകയായി എന്ന പുസ്തകമെഴുതിയ ‘അസ്റനൊമാനി’യും ഇറാനിയന്‍ എഴുത്തുകാരി ‘ഷിറിന് ഇബാദിയുമെല്ലാം’ ഭീകരവാദികളുടെ ആക്രമണത്തിനിരയായ പെണ്ണെഴുത്തുകാരാണ്.ഒരുപാടു ഐക്യദാര്‍ഢ്യസമരങ്ങള്‍ നടത്തിയ ‘ശ്രീമതി സാറാ ജോസഫും’ കൂട്ടരും ഇവരെക്കൂടിയൊന്നു പരിഗണിക്കുക.
നിങ്ങളുടെ മഹത്തായ ജനസേവനതല്പ്പരത, മനുഷ്യാവകാശ സംരക്ഷണ ത്വര, സഹജീവികളോടും രാജ്യത്തോടുമുള്ള ആര്‍ദ്രത ഒക്കെ കണ്ടറിഞ്ഞ് ആഗ്രഹിച്ചുപോയ ഒരു കൂട്ടം മനുഷ്യര്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ഇപ്പോള്‍ ഭാരതത്തില്‍ ജീവിക്കാന്‍ നിങ്ങളില്‍ ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറെക്കാലം സിറിയ, തുര്‍ക്കി ഉള്‍പ്പെടെ ഏതെങ്കിലുമൊരു രാജ്യം തിരഞ്ഞെടുത്ത് നിങ്ങളുടെ വിലമതിക്കാനാവാത്ത സാഹിത്യ സാംസ്കാരിക മനുഷ്യാവകാശ സംഭാവനകള്‍ ആ പാവങ്ങളില്‍ ചൊരിയുക. അതിനുള്ള ഭാഗ്യം അവര്‍ക്കും ഉണ്ടാകട്ടെ.
വിമര്‍ശനത്തിനുള്ള വിഷയങ്ങള്‍ പരതി, ഒറ്റക്കണ്ണും വിഷം പുരട്ടിയ ചൂണ്ടയുമായി സര്‍വധര്‍മ സമഭാവനയുടെ ശാദ്വല ഭൂമികയായ ഈ ഭാരതത്തില്‍ വെയിലുകൊള്ളുന്ന ഈ വൈതാളികള്‍ വെറും പൊള്ളയായ മരത്തടികളാണന്നാര്ക്കാണറിയാത്തത്. രാജ്യത്തിനും ജനങ്ങള്‍ക്കും ഉപയോഗശൂന്യര്‍. നിങ്ങള്‍ എല്ലാം വലിച്ചെറിയുക, ആര്‍ക്കാണ് ചേതം? ആരു വേണ്ടെന്നു പറഞ്ഞു? അങ്ങനെയെങ്കിലും നമ്മുടെ സാംസ്കാരിക തറവാടിന്റെ ഉമ്മറം വൃത്തിയാകട്ടെ. ദേശസ്നേഹമുള്ള ഒരു പുതുതലമുറയ്ക്ക് വഴി തെളിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: