വിളപ്പില്‍ശാല: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്നേഹാദരവുകളും ഹൃദയത്തിലേറ്റി ജനകീയ ഡോക്ടര്‍ ഇന്ന് പടിയിറങ്ങുകയാണ്. വിളപ്പില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ സതീഷ് കുമാറാണ് കാല്‍നൂറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം ഇന്ന് വിരമിക്കുന്നത്. ഒരുപക്ഷേ കേരളത്തില്‍ ഇത്രയുംകാലം ഗ്രാമീണജനതയുടെ ആരോഗ്യസംരക്ഷണം ഏറ്റെടുത്ത് സജീവമായ മറ്റൊരു ഡോക്ടര്‍ ഉണ്ടാകില്ല.
വിളപ്പില്‍, മലയിന്‍കീഴ്, പൊറ്റയില്‍ എന്നീ ഗ്രാമീണആശുപത്രികളില്‍ ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതില്‍ മലയിന്‍കീഴും പൊറ്റയിലും ചുരുങ്ങിയ കാലം മാത്രമാണ് ഉണ്ടായിരുന്നത്. തന്റെ സര്‍വീസിലെ സിംഹഭാഗവും ഡോക്ടര്‍ ചെലവഴിച്ചത് വിളപ്പില്‍ സിഎച്ച്സിയിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തുകാരുമായി ആത്മബന്ധം ഡോക്ടര്ക്കുണ്ട്. ഏത് പാതിരാത്രിയിലും വിളപ്പില്‍ശാലക്കാര്‍ക്ക് സേവനം നല്കാന് ഈ ഡോക്ടര്‍ സന്നദ്ധനായിരുന്നു. ഡോ സതീഷിന് പരിചിതരല്ലാത്ത ഒരുകുഞ്ഞുപോലും വിളപ്പിലില്‍ ഇല്ലെന്നതാണ് വാസ്തവം. ആതുരസേവനത്തിനൊപ്പം നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ ഡോക്ടറെ പങ്കാളിയാക്കിയിരുന്നു. പുതിയ തലമുറയില്‍ പലരും ഡോക്ടറുടെ ജന്മദേശം വിളപ്പില്‍ശാലയെന്നാണ് കരുതിയിരിക്കുന്നത്. ഡോക്ടര്‍ അത് തിരുത്താനും പോകാറില്ല. കാരണം ഈ നാടും ഇവിടുത്തുകാരും ഡോക്ടറുടെ ഹൃദയം കവര്‍ന്നവരാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1985 ലാണ് സതീഷ് എംബിബിഎസ് പാസാകുന്നത്. 1990 ല്‍ വിളപ്പില്‍ശാല ആശുപത്രിയില്‍ ആദ്യനിയമനം. പിന്നെ വിളപ്പില്‍ വിട്ടുപോകാന്‍ സതീഷ് കൂട്ടാക്കിയില്ല. ആറു വര്‍ഷം മുന്‍പ് ഉദ്യോഗകയറ്റം വന്നപ്പോള്‍ ഡോക്ടര്‍ അത് വേണ്ടെന്നുവച്ചു. കാരണം പ്രമോഷന് സ്വീകരിച്ചാല്‍ വിളപ്പിലില്‍ നിന്ന് പോകണം. അതിന് ഡോക്ടര്‍ തയ്യാറല്ലായിരുന്നു. അന്ന് പ്രമോഷന് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് ആരോഗ്യഡയറക്ടറായി ഡോക്ടര്‍ക്ക് വിരമിക്കാമായിരുന്നു. പൊതുവെ ഗ്രാമീണമേഖലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ കിട്ടാനില്ല. ഈ അവസ്ഥയില്‍ പദവി മോഹിച്ച് പോയാല്‍ തന്റെ നാട്ടുകാരുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം ഭയന്നു. ആ തീരുമാനത്തില്‍ ഇന്നും കുറ്റബോധമില്ലെന്ന് ഡോക്ടര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും സീനിയറായ ഡോ സതീഷ് വെറുമൊരു സിഎച്ച്സി മെഡിക്കല്‍ ഓഫീസറായി വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയറായ ഡോക്ടര്‍ ഇപ്പോള്‍ ആരോഗ്യഡയറക്ടറാണ്.
ടെക്നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ഉഷയാണ് ഡോ സതീഷിന്റെ ഭാര്യ. മൂത്ത മകന് വിശാഖ് ഏജീസ് ഓഫീസില്‍ അക്കൗണ്ടന്റാണ്. ഇളയ മകന് വിവേക് അച്ഛന്റെപാത പിന്തുടരാന് പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിംഗിലാണ്. തിരുവനന്തപുരം പാറ്റൂര്‍ ഇഎംഎസ് നഗറിലെ ഫ്ളാറ്റ് നമ്പര്‍ 403, ഉഷസിലാണ് താമസമെങ്കിലും രാവിലെ മുതല്‍ രാത്രി വരെ ഡോക്ടര്‍ വിളപ്പില്‍ശാലയില്‍ തന്നെയാണ്. വിരമിച്ചെങ്കിലും വിളപ്പിലിലെ പാവം ജനങ്ങളുടെ വിളിപ്പുറത്തുള്ള ഡോക്ടറായി കഴിയാനാണ് ഈ ഡോക്ടര്‍ക്കിഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: