ജീവിതത്തില്‍ എല്ലാ പ്രകാരത്തിലുംപെട്ട ഐശ്വര്യത്തെ നേടാനാവണം. ആ ഐശ്വര്യം വ്യക്തിയുടെയും സമാജത്തിന്റെയും പരസ്പരപൂരകമായ ഉയര്‍ച്ചക്ക് ഉപകരിക്കണം. ഈയൊരു വീക്ഷണത്തെ ഉപനിഷത്ത് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. താനറിഞ്ഞ വിദ്യയെ സമാജത്തില്‍ വാരിവിതറണമെന്ന സങ്കല്‍പം നമ്മിലുണ്ടാവണം. അതിനായി ധാരാളം കഴിവുളള വിദ്യാര്‍ത്ഥികള്‍ എന്റെയടുത്തേക്ക് വന്നുചേരട്ടെയെന്ന് ഋഷി ആവര്‍ത്തിച്ചു സങ്കല്‍പ്പിക്കുന്നു. ജ്ഞാനധാരണസാമര്‍ത്ഥ്യം നമ്മിലുണ്ടാവണം. നമുക്ക് ചെവികളെക്കൊണ്ട് നല്ലത് കേള്‍ക്കുമാറാകണം.
ധാരാളം കേള്‍ക്കുമാറാകണം. നമ്മുടെ നാവ് നല്ല മധുരമുള്ള വാക്കുകളെ പറയുന്നതാകണം. എപ്പോഴും അറിവ് നമ്മെ രക്ഷിക്കുന്നതാകണം. ഇങ്ങനെ ഈ ലോകത്തില്‍ ജീവിക്കുന്ന നമ്മളോട് ശുഭമായി സങ്കല്‍പ്പിക്കാനും ഋഷീശ്വരന്മാര്‍ പഠിപ്പിക്കുന്നു. ഭൗതികജീവിതത്തില്‍ ആവശ്യമുള്ള സമ്പത്തൈശ്വര്യങ്ങള്‍ നമുക്കെല്ലാം ഉണ്ടാവട്ടെയെന്നീ ഋഷി സങ്കല്‍പ്പിക്കുന്നു. എന്നാല്‍ അതോടൊപ്പം പരമാത്മതത്വാനുസന്ധാനത്തിലും നമുക്ക് പ്രവൃത്തിയുണ്ടാവണം. ഇങ്ങനെ ഭൗതികമായും സാധനാപരമായും ഉയര്‍ന്ന ഒരു ജീവിതക്രമം സമാജത്തിലെ അംഗങ്ങളെല്ലാം പാലിക്കുമ്പോഴാണ് നമ്മുടെ രാഷ്‌ട്രം മഹത്വപൂര്‍ണമായി വിരാജിക്കുന്നത്. ഉപനിഷത്ത് വിചാരയജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് കൊച്ചിയില്‍ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
ഏകനും അദ്വിതീയനുമായ പരമാത്മാവിന്റെ അംഗപ്രത്യംഗങ്ങളെന്നവണ്ണം സകല ജഗത്പ്രതിഭാസങ്ങളെയും നോക്കിക്കാണാന്‍ ഋഷി നമ്മോട് ഉദ്‌ബോധിപ്പിക്കുന്നു. ഈയൊരു ദൃഷ്ടി കൈവരുമ്പോള്‍ സകലപ്രപഞ്ചവും ഭഗവന്മയമെന്നറിയും. ആ അറിവിനെ പ്രാപിക്കുന്നയാള്‍ സകലവുമായി ഭവിക്കുന്നു. സകല പരിമിതികളെയും അതിക്രമിക്കുന്നു. അതിനായിക്കൊണ്ട് സര്‍വ്വവും ബ്രഹ്മംതന്നെയെന്നും ഓങ്കാരം ബ്രഹ്മമാണെന്നും ഉള്ള ഉപദേശത്തെ ചെയ്ത് ഓങ്കാരോപാസനയിലേക്കു പ്രവേശിക്കുവാന്‍ ഉപനിഷത്ത് പ്രേരണ ചെയ്യുന്നു. വാസ്തവത്തില്‍ ഓങ്കാരോപാസനയും തപസ്സുംകൊണ്ട് പരമമായ സ്വരൂപപ്രതിഷ്ഠയിലേക്കുയരാം. ഈ വിഷയങ്ങളാണ് സുന്ദരങ്ങളായ പല കാല്‍പനിക ദൃഷ്ടികളെയും അവലംബിച്ചുകൊണ്ട് തൈത്തരീയോപനിഷത്ത് പ്രതിപാദിക്കുന്നത്.
















