തലശ്ശേരി: പണത്തിന് മുന്നില്‍ ഫസലിന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തെളിയുന്നു. തലശ്ശേരിയിലെ എന്‍ഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ മാര്‍ക്സിസിറ്റ് പാര്‍ട്ടിയുമായി എസ്ഡിപിഐ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലയാളികള്‍ക്ക് സ്തുതി പാടി ഫസലിന്റെ മൂത്തസഹോദരന് അബ്ദുള്‍ റഹ്മാന് രംഗപ്രവേശം ചെയ്തു. സിപിഎം-എസ്ഡിപിഐ ധാരണ പ്രകാരം സിപിഎം ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചുകൊണ്ട് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനും തീരുമാനിച്ചു. തലശ്ശേരി നഗരസഭയിലെ നാലാം വാര്‍ഡായ ബാലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് എസ്ഡിപിഐ സ്ഥനാര്‍ത്ഥി സി.കെ.ഫസലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് പകരമായി ബാക്കി 51 വാര്‍ഡുകളിലും എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ട് ചെയ്യും. ഇതില്‍ ഫസലിന്റെ ഭാര്യ മറിയു എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൈവട്ടം വാര്‍ഡിന്റെ കാര്യം അനിശ്ചിതത്വത്തിലാണുള്ളത്. സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പിന്നില്‍ കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുള്ളതായാണ് തലശ്ശേരിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഈ സംശയത്തിന് ബലമേകുന്നവിധമാണ് കൊല്ലപ്പെട്ട ഫസലിന്റെ ജ്യേഷ്ഠന്റെ വെളിപ്പെടുത്തല്‍.
സിബിഐ തന്റെ പേരില്‍ വ്യാജമൊഴിയാണ് രേഖപ്പെടുത്തിയതെന്നാണ് അബ്ദുള്‍ റഹ്മാന് ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം സിപിഎം നിയന്ത്രണത്തിലുള്ള പീപ്പിള്‍സ് ടിവിയുടെ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദേശാഭിമാനിയും വലിയ പ്രാധാന്യത്തോടെയാണ് എഴുതി പിടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സിബിഐ ഫസല്‍ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഫസലിന്റെ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പിന്നീട് ഫസലിന്റെ ഭാര്യ മറിയുവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി തുടരന്വേഷണം സിബിഐക്ക് വിട്ടത്.
സിബിഐ അന്വേഷണത്തിലാണ് ഫസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റം ചുമത്തി കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതിചേര്‍ത്തത്. ഫസല്‍ കൊല്ലപ്പെട്ടിട്ട് കൃത്യം 9 വര്‍ഷം പിന്നിട്ടപ്പോഴാണ് അബ്ദുള്‍ റഹ്മാന് പുതിയ ബോധോദയം ഉണ്ടായിരിക്കുന്നത്. അതും സ്വന്തം സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ കൊലയാളികളെ ഏര്‍പ്പാടാക്കി എന്ന പേരില്‍ സ്വന്തം ജില്ലയില്‍ പോലും പ്രവേശിക്കാനാവാതെ നാടുകടത്തപ്പെട്ട പ്രതികള്‍ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പ് സമയത്ത്. പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന പഴ മൊഴിയെ അന്വര്‍ത്ഥമാക്കുംവിധമാണ് തീവ്രവാദവും വിപ്ലപവും ഇവിടെ കെട്ടിപ്പുണരുന്നത്. എന്നാല്‍ ചില്ലറ വോട്ടിന് വേണ്ടി ആദര്‍ശങ്ങളെ കുഴിച്ചുമൂടുന്ന-മനുഷ്യജീവന് അല്പം പോലും വിലകല്പിക്കാതെയുള്ള അധികാര മോഹികളെ ഒരു പാഠം പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ മേഖലയിലെ രാഷ്ട്രീയ ബോധമുള്ള നാട്ടുകാര്‍.
കണ്ണൂര്‍ ആയിക്കരയില്‍ സിപിഎമ്മും എസ്ഡിപിഐ നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എസ്ഡിപിഐക്ക് സാന്നിധ്യമുറപ്പിക്കാന്‍ ആയിക്കരയില്‍ സിപിഎമ്മിന് വോട്ട് ചെയ്യാനും തൊട്ടടുത്ത വാര്‍ഡില്‍ എസ്ഡിപിഐയെ ജയിപ്പിക്കാനുമാണ് ധാരണ. കോര്‍പ്പറേഷനില്‍ മാത്രമല്ല ജില്ലയുടെ വിവിധഭാഗങ്ങളില്‍ സിപിഎം നേതൃത്വം ഐഎന്എല്ലിനോടൊപ്പം തീവ്ര സ്വഭാവമുളള എസ്ഡിപിഐയുമായും ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രഹസ്യ ധാരണയിലെത്തിയിട്ടുണ്ട്. പാനൂര്‍ നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ പരിയാരം ഗ്രാമപഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടെ പലയിടത്തും സിപിഎമ്മിനും എസ്ഡിപിഐയ്ക്കും ഒരേ സ്ഥാനാര്‍ത്ഥിയാണ് നിലവിലുളളത്. രണ്ടാം വാര്‍ഡായ തിരുവട്ടൂരില്‍ പി എം.നാദിറ ബീവിയാണ് സിപിഎമ്മിന്റെയും എസ്ഡിപിയുടെയും സ്ഥാനാര്‍ത്ഥി. ഇരുപാര്‍ട്ടികളുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായ ഇവരെ സ്വതന്ത്ര പരിവേഷം നല്കി ‘കൈവണ്ടി’ അടയാളത്തിലാണ് അവര്‍ മത്സരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം ഏതുവിധേനയും വിജയമുറപ്പിക്കാനായി ഇന്നലെവരെ വര്‍ഗ്ഗീയത ആരോപിച്ചിരുന്ന കക്ഷികളെപ്പോലും വാരിപ്പുണരുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ജില്ലാതലത്തില്‍ തന്നെ കണ്ണൂരില്‍ സിപിഎം-എസ്ഡിപിഐ ബന്ധവും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേതൃത്വങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ ഇരു പാര്‍ട്ടികളുടേയും അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: