കാസര്‍കോട്: ഇതര സംസ്ഥാന ബോട്ടുകള്‍ 31 നകം ജില്ല വിട്ട് പോകണമെന്ന നിര്‍ദ്ദേശം ചെറുവത്തൂര്‍ തുറമുഖത്ത് സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം ജില്ലയിലെ തീരദേശത്ത് ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ വെളിച്ചത്തിലാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം. ഈ തീരുമാനം അട്ടിമറിച്ച് ഫിഷറീസ് വകുപ്പിന്റെ തീരുമാനം നടപ്പിലായാല്‍ തീരദേശത്ത് വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് ധീവരസഭ ജില്ലാ കമ്മറ്റി അറിയിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമങ്ങളും ചര്‍ച്ച ചെയ്തതിന് ശേഷമാണ് കാസര്‍കോട്-കണ്ണൂര്‍ ഭാഗങ്ങളില്‍ ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ചതുള്‍പ്പെടെയുള്ള യാനങ്ങള്‍ക്ക് മാത്രം മത്സ്യം പിടിക്കാനുള്ള അനുവാദം ജില്ലാ കളക്ടര്‍ നല്‍കിയത്.
കേരള മറീന്ഫിഷിങ്ങ് റഗുലേഷന് ആക്റ്റ് പ്രകാരം യന്ത്രവല്‍കൃത ബോട്ടുകള്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറം മത്സ്യബന്ധനം ചെയ്യാന്‍ പാടുള്ളൂ എന്ന നിയമം 1980 മുതല്‍ മിലനില്ക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കാന്‍ ജില്ലാ ഫിഷറീസ് ഭരണകൂടത്തിന് സാധിക്കാത്തതിനാലാണ് കേരള മറീന്ഫിഷിങ്ങ് റഗുലേഷന് ആക്റ്റില്‍ നിലവിലുള്ള 12 നോട്ടിക്കല്‍ മൈലിന് പകരം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് 5 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം ചെയ്യാനുള്ള ജില്ലാ കളക്ടറുടെ തീരുമാനം നാടന്‍ വള്ളക്കാരും സ്വാഗതം ചെയ്തതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ കടലോരം സംഘര്‍ഷത്തിലേക്ക് പോകുന്ന തീരുമാനമാണ് ജില്ലാ ഫിഷറീസ് ഭരണകൂടം നടപ്പിലാക്കുന്നത്.
യോഗം ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.യു.എസ്. ബാലന് ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.സുനി അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡന്റ് മുട്ടത്ത് രാഘവന്, സെക്രട്ടറി കെ.മനോഹരന്, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് കെ.എ.മാധവന്, സെക്രട്ടറി ശംഭു ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രന് സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്.ആനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: