മാവേലിക്കര: സൗന്ദര്യസംരക്ഷണ മേഖലയില്‍ നിന്നും ജനസംരക്ഷണ വേദിയിലേക്ക് പത്തിയൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുഷമ.വി.നായര്‍. പൊള്ള വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കമ്പളിപ്പിക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് സുഷമ മുന്നേറുന്നത്.
ഓണാട്ടുകരയുടെ ഭാഗമായ പത്തിയൂരില്‍ നിരവധി കര്‍ഷക കുടുംബങ്ങളാണുള്ളത്. എന്നാല്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ മാറി മാറി ഭരിച്ച ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. കുറഞ്ഞ കൂലി വരുമാനമായി ലഭിക്കുന്നതു മൂലം പല കുടുംബങ്ങളും ദാരിദ്രത്തിന്റെ വക്കിലാണ്.
പട്ടികജാതി കോളനികളുടെ ശോചനീയവസ്ഥ, മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലായ്‌മ, കുടുംബശ്രീ മുഖാന്തരം പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനോ സാധിച്ചിട്ടില്ല. നിരവധി വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും അതു നിറവേറ്റാന്‍ ഇരുമുന്നണികള്‍ക്കും സാധികുന്നില്ല. വികസനത്തിനു പകരം അവരുടെ കീശകളാണ് നിറയുന്നത് എന്ന് സുഷമ പറയുന്നു.
പത്തൊമ്പതു വാര്‍ഡുകള്‍ ചേര്‍ന്നതാണ് പത്തിയൂര്‍ ഡിവിഷന്‍. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റായ സുഷമ മഹിളാമോര്‍ച്ച തഴക്കര പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നു.
















