ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു ആറു നാള്‍ മാത്രം ബാക്കിനില്‍ക്കെ നാടുംനഗരവും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായി. വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതിനും ആടി നില്ക്കുന്ന വോട്ടുകള്‍ നേടിയെടുക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയിറങ്ങിയ വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ പ്രചരണം ഒതുങ്ങിയിരുന്നു.
പിന്നീട് മുന്നണികള്‍ വാര്‍ഡുതലത്തിലും നഗരസഭാ തലത്തിലും പഞ്ചായത്തു തലത്തിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും ജില്ലാതലത്തിലുമൊക്കെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്തിയതോടെ തെരഞ്ഞെടുപ്പിന്റെ ചൂട് താഴേത്തട്ടിലേക്കുമെത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ പോസ്റ്ററുകളാണു പ്രചരണ രംഗത്തെത്തിയത്. തുടര്‍ന്നു സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥന നോട്ടീസുകളും വീടുകളിലെത്തി. നിലവിലെ കൗണ്‍സിലര്‍മാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നോട്ടീസില്‍ വിവരിക്കുമ്പോള്‍ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയുള്ള നോട്ടീസുമായി മറുപക്ഷവും രംഗത്തെത്തി. കല്യാണ വീടുകളും മരണവീടുകളും ഉത്സവ സ്ഥലങ്ങളുമെല്ലാം സ്ഥാനാര്‍ഥികളുടെ സംഗമവേദികളായി.ആരാധനാലയങ്ങളിലും സ്ഥാനാര്‍ഥികളുടെ സാന്നിധ്യമുണ്ട്. ഫ്‌ളെക്‌സുകള്‍ ഉപയോഗിക്കുന്നതു കുറയ്‌ക്കണമെന്നു പൊതുവെ അഭിപ്രായമുണ്ടെങ്കിലും അഭിവാദ്യം ചെയ്യുന്ന സ്ഥാനാര്‍ഥികളുടെ പൂര്‍ണകായ ഫ്‌ളെക്‌സുകളില്ലാത്ത വാര്‍ഡുകള്‍ ചുരുക്കമാണ്. വാര്‍ഡുതല തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ മുന്നണികള്‍ രൂപീകരിച്ചതിനുശേഷമുള്ള കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകളിലെത്തി വോട്ടുകള്‍ തേടിയിരുന്നു. പല വാര്‍ഡുകളിലും മുന്നണിക്കതീതമായ നീക്കുപോക്കുകള്‍ക്കായി രഹസ്യധാരണകള്‍ ഉരുത്തിരിയുന്നുണ്ട്.
















