കോട്ടയം: കോട്ടയം നഗരസഭയില്‍ ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. നഗരഭരണത്തില്‍ ആധിപത്യമുറപ്പിച്ചിരുന്ന ഇടതു-വലതു മുന്നണികള്‍ ബിജെപി-സമത്വമുന്നണി മുന്നേറ്റത്തില്‍ വിറളിപിടിച്ച അവസ്ഥയിലാണ്. 52 വാര്‍ഡുകളുള്ള നഗരസഭയില്‍ 51 ഇടത്തും ബിജെപി സഖ്യം മത്സരരംഗത്തുണ്ട്. 30 പേര്‍ താമരചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 3 പേര്‍ ബിജെപി സ്വതന്ത്രരായാണ് ജനവിധി തേടുന്നത്. എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന സമത്വമുന്നണി 15 വാര്‍ഡുകളിലും, പി.സി.തോമസ് നേതൃത്വം നല്‍കുന്ന കേരളകോണ്‍ഗ്രസ് 2 വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്.
ഒരു വാര്‍ഡില്‍ ആര്‍എസ്പി(ബി)യുടെ സ്ഥാനാര്‍ത്ഥിയാണ് രംഗത്തുള്ളത്. ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.എന്‍.ഹരികുമാറും കൗണ്‍സിലര്‍മാരായ കെ.യു.രഘു, ഡി.ഹരിനാരായണന്‍ എന്നിവര്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ നേരിട്ടുള്ള മത്സരമാണ്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം-കോണ്‍ഗ്രസ് രഹസ്യനീക്കംനടക്കുന്നതായി സൂചനയുണ്ട്. മുന്‍ നഗരസഭാഅദ്ധ്യക്ഷ റീബാവര്‍ക്കി ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ പ്രതിരോധത്തിലായിട്ടുണ്ട്. നിലവില്‍ നാല് അംഗങ്ങളുള്ള നഗരസഭയില്‍ ഇക്കുറി ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്.
















