പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ നിലനല്‍പ്പിനായി ഇടതും വലതും വിയര്‍ക്കുമ്പോള്‍ ശക്തമായ മുന്നേറ്റവുമായി ബിജെപി സ്ഥാനാര്‍ത്ഥികള്‍. 28 വാര്‍ഡുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഇവിടങ്ങളിലെല്ലാം ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുമ്പോള്‍ നിരവധി വാര്‍ഡുകള്‍ പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി പോരാടുന്നത്.
നഗരസഭയില്‍ സിപിഎം പാര്‍ട്ടിഗ്രാമം എന്ന് പറയുന്ന കോറോം നോര്‍ത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തുകയാണ്. ഇടതു വലതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടി സമ്മാനിച്ചാണ് സംഘപരിവാര്‍ സ്ഥാനാര്‍ത്ഥി കാമ്പ്രത്ത് പ്രകാശന് മുന്നേറുന്നത്. പരാജയം നേരത്തെ മണത്തറിഞ്ഞ സിപിഎം വാര്‍ഡ് സിപിഐക്ക് കൊടുത്ത് മുന്‍കൂര്‍ ജാമ്യം നേടിയത് പരക്കെ ചര്‍ച്ചയായിരുന്നു. കോറോത്തിന്റെ മണ്ണില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ടുചെയ്യാനാകാത്ത സ്ഥിതിയാണ് സിപിഎം അണികള്‍ക്ക്. സിപിഐയുടെ സ്ഥാനാര്‍ത്ഥി വി.ബാലനാണ്. സ്ഥാനാര്‍ത്ഥി ഇറക്കുമതിയായതുകൊണ്ടുതന്നെ മാറ്റത്തിനു വേണ്ടിയാണ് കോറോം ജനത തയ്യാറെടുക്കുന്നത് പേരിനുമാത്രം കോണ്‍ഗ്രസും മത്സരിക്കുന്നു. എ.വി.ഗോപിയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.
മറ്റൊരു പ്രധാന പോരാട്ടം നടക്കുന്നത് പയ്യന്നൂര്‍ ടൗണ്‍ വാര്‍ഡിലാണ്. നഗരത്തിലെ റോഡ് പ്രശ്നത്തില്‍ ഇരുമുന്നണികളും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടപ്പോള്‍ പ്രതീക്ഷ ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുകയാണ് വോട്ടര്‍മാര്‍. സിപിഎമ്മിലെ വി.നന്ദകുമാറും കോണ്‍ഗ്രസിലെ എ.പി.നാരായണനുമാണ് എതിര് സ്ഥാനാര്‍ത്ഥികള്‍. നഗരസഭയും പിഡബ്ല്യൂഡിയും ചേര്‍ന്നാണ് നഗരപാത നരകപാതയാക്കിയത്. ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നാട്ടുകാരന് തന്നെയായ കെ.വി.ദിനേശനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ദിനേശന്റെ പരിചയവും ചിട്ടയായ പ്രവര്‍ത്തനവുമാണ് ഇരുമുന്നണികളെയും വെട്ടിലാക്കുന്നത്. പയ്യന്നൂരിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ടുചോദിക്കുന്നത്.
സംസ്ഥാന പ്രസിഡണ്ട് വി.മുരളധീരന്റെ സന്ദര്‍ശനത്തോടെ ബിജെപി ക്യാമ്പ് കൂടുതല്‍ ശക്തമായി. സ്ക്വാഡ് വര്‍ക്കുകള്‍ സജീവമാണ്. അന്നൂര്‍, മഹാദേവ ഗ്രാമം തുടങ്ങിയ മിക്ക പ്രദേശങ്ങളിലെയും വാര്‍ഡുകളില്‍ ഗണ്യമായ ത്രികോണ മത്സരം നടക്കാന്‍ ഇക്കുറി ബിജെപിയുടെ ഉണര്‍വ് സഹായകമായിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് യുവതലമുറക്കും പൊതുസമൂഹത്തിലുമുള്ള വിശ്വാസവും ആഭിമുഖ്യവും ഇരുമുന്നണികളെയും പരാജയഭീതിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: