പാനൂര്‍: കൂത്തുപറമ്പ് പഴയനിരത്തിലെ ആയുധവേട്ട. സിപിഎം ഗുണ്ടാനേതാവ് റിമാന്‍ഡില്‍. പഴയനിരത്തിലെ പുത്തന്‍പറമ്പില്‍ മനോരാജ് എന്ന നാരായണന്(38)നെയാണ് കൂത്തുപറമ്പ് സിഐ.പ്രേംസദന്, എസ്ഐ.ശിവന് ചോടോത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ 19നാണ് പഴയനിരത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ റിവോള്‍വര്‍, വാളുകള്‍, നാടന്‍ബോംബ്, എസ് കത്തി, ഇരുമ്പുദണ്ഡ്, ഹോക്കി സ്റ്റിക്കുകള്‍, നായ്ക്കുരണപൊടി എന്നിവ പിടികൂടിയ സംഭവത്തിലാണ് നിരവധി കേസുകളില്‍ പ്രതിയായ നാരായണനെ പോലീസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 11 വരെ റിമാന്‍ഡ് ചെയ്തു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആയുധങ്ങള്‍ ശേഖരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൂത്തുപറമ്പ് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു പദ്ധതി. മനോരാജിന്റെ കൂട്ടാളികളെയും കേസില്‍ പ്രതി ചേര്‍ക്കും. പഴയനിരത്തിലെ ഗുണ്ടാനേതാവാണ് സിപിഎം ക്രിമിനലായ മനോരാജ്. നാരായണന് എന്ന പേരിലാണ് അറിയപ്പെടുന്നത്. ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവുമായ പിഎം.മനോജിന്റെ സഹോദരനാണ് മനോരാജ്. ഏരിയാ സെക്രട്ടറി എം.സുകുമാരന്‍ മനോരാജിന്റെ സഹോദരീ ഭര്‍ത്താവുമാണ്. സിപിഎമ്മിന്റെ ഗുണ്ടാപ്പടയെ നിയന്ത്രിക്കുന്ന ഇയാളെ പോലീസ് ജയിലിലടച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സുഗമമാക്കും. ഗുണ്ടാപിരിവും ഭീഷണിയുമായി വിലസുന്ന നാരായണനെ മേഖലയിലുളളവര്‍ ഭീതിയോടെയാണ് കാണാറുളളത്. ജില്ലാസെക്രട്ടറി പി.ജയരാജന്റെ സന്തതസഹചാരി കൂടിയാണ് ഇയാള്‍. 2008ല്‍ കൂത്തുപറമ്പിലെ ബിജെപി പ്രവര്‍ത്തകനായ സത്യന്റെ കഴുത്തറത്തുമാറ്റി കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. ആര്‍എംപി നേതാവ് ടിപി.ചന്ദ്രശേഖരന് വധത്തിലും പ്രതിയായി. 2007ല്‍ പാനൂരിലെ മൊട്ടേമ്മല്‍ ഷാജിയെ കുട്ടിമാക്കൂലില്‍ വെച്ച് സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബേറിഞ്ഞ സംഭവത്തിനു പുറമെ 2010 കതിരൂര്‍ മനോജിനെ പൊന്ന്യത്തു വെച്ച് ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്, 2011 വെണ്ടുട്ടായി പ്രേംജിത്തിന്റെ കൈകള്‍ വെട്ടിമാറ്റിയ കേസടക്കം നിരവധി കേസുകളില്‍ നാരായണന് പ്രതിയാണ്. 2014ല്‍ കതിരൂര്‍ മനോജ് വധത്തിലും പ്രധാനപങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന നാരായണന് കൊലപാതകം നടത്താന്‍ പരിശീലനം ലഭിച്ച കൊടുംക്രിമിനലാണ്. നിരവധി കുറ്റകൃത്യങ്ങളില്‍ നേരിട്ടു പങ്കെടുത്തെങ്കിലും ഉന്നതങ്ങളിലെ ബന്ധമുപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് കൂത്തുപറമ്പ് സിഐ പ്രേംസദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: